അഞ്ചുവയസ്സിൽ ഒരായുസ്സിന്റെ വേദനയുമേറ്റ് അവൾ പോയി...
text_fieldsആലുവ: കേരളത്തെ നടുക്കി, ആലുവയിൽ കൊടും ക്രൂരതക്ക് ഇരയാക്കപ്പെട്ട ബിഹാറി ബാലികയെ അവസാനമായി ഒരുനോക്ക് കാണാൻ നാടൊഴുകി. ജനപ്രതിനിധികളടക്കം നിരവധിയാളുകളാണ് പൊതുദർശനത്തിന് വെച്ച തായിക്കാട്ടുകര എൽ.പി സ്കൂളിലും കീഴ്മാട് ശ്മശാനത്തിലുമെത്തിയത്. പല രക്ഷിതാക്കളും കുട്ടികളുമായാണ് പിഞ്ചുബാലികയെ അവസാനമായി ഒരുനോക്ക് കാണുന്നതിന് എത്തിയത്.
സ്ത്രീകൾ അടക്കം രോഷത്തോടെ പ്രതിക്ക് തൂക്കുകയർ തന്നെ നൽകണമെന്ന് വിതുമ്പലോടെ പറയുന്നുണ്ടായിരുന്നു. കുട്ടിയുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും കണ്ടവർ വിങ്ങിപ്പൊട്ടി. ഒന്നുമറിയാതെ ചേച്ചിയുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ പുഷ്പങ്ങൾ അർപ്പിക്കുന്ന കുരുന്നുകൾ വേദനയായി. കുട്ടിയുടെ വീട്ടിലും നിരവധിയാളുകൾ ആശ്വാസവാക്കുകളുമായെത്തി. ഭക്ഷണംപോലും കഴിക്കാതെയുള്ള മാതാവിന്റെ വിലാപം കണ്ടുനിൽക്കാൻ കഴിയാതെ വീട്ടമ്മമാർ അവരെ ചേർത്തുപിടിച്ചു. സ്കൂളിലെ പൊതുദർശനത്തിനുശേഷം 10.30ഓടെയാണ് മൃതദേഹം ശ്മശാനത്തിലെത്തിച്ചത്.
ശ്മശാനത്തിലും കുട്ടിക്ക് അന്ത്യോപചാരം അർപ്പിക്കാൻ നിരവധിയാളുകൾ കാത്തുനിന്നിരുന്നതിനാൽ ഇവിടെയുള്ള ഷെഡിൽ പൊതുദർശനത്തിന് അവസരമൊരുക്കി. പൂജാരി രേവത് അന്ത്യകർമങ്ങൾക്കുള്ള ഒരുക്കം ആരംഭിച്ചപ്പോൾ കുട്ടിയുടെ പിതാവും സഹോദരങ്ങളും സംസ്കാരത്തിനായി എത്തി. പ്രിയസഹോദരിക്ക് യാത്രാമൊഴിയേകാനെത്തിയ സഹോദരങ്ങളെ കണ്ടതോടെ കണ്ടുനിന്നവർ കണ്ണീരിലായി. തായിക്കാട്ടുകര എൽ.പി സ്കൂളിലെ പൊതുദർശനത്തിനുശേഷം മാതാവിനെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
അന്ത്യകർമങ്ങൾക്ക് ശേഷം പിതാവ് പൊന്നുമോൾക്ക് പുഷ്പങ്ങൾ അർപ്പിച്ച് വിട നൽകി. കുട്ടിയുടെ മൂത്ത സഹോദരി ഈ സമയം വിതുമ്പുകയായിരുന്നു. തടിച്ചുകൂടിയ ജനങ്ങളെ സാക്ഷിയാക്കി കീഴ്മാടിന്റെ മണ്ണിൽ അഞ്ചുവയസ്സുകാരിയെ സംസ്കരിച്ചു. കൊലപാതകമായതിനാൽ മൃതദേഹം ദഹിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു.
ജെബി മേത്തർ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, വൈസ് പ്രസിഡന്റ് അജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രാജി സന്തോഷ്, സതി ലാലു, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, ജില്ല ജന.സെക്രട്ടറി ഹംസ പറക്കാട്ട്, സി.പി.എം ജില്ല കമ്മിറ്റി അംഗം അരുൺകുമാർ, ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, നേതാക്കളായ എ.എൻ. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, എസ്.ഡി.പി.ഐ നേതാവ് അജ്മൽ ഇസ്മായിൽ, പി.ഡി.പി നേതാവ് മുജീബ് റഹ്മാൻ, വെൽഫെയർ പാർട്ടി നേതാവ് അൻസാർ തുടങ്ങിയവർ സ്കൂളിലും ശ്മശാനത്തിലുമായി അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.