ലക്ഷദ്വീപിലെ ഷെഡ് നീക്കൽ: തുടർനടപടികൾക്ക് സ്റ്റേ
text_fieldsകൊച്ചി: ലക്ഷദ്വീപ് കടൽത്തീരത്തോട് ചേര്‍ന്ന സര്‍ക്കാര്‍ ഭൂമിയില്‍ നിർമിച്ച ഷെഡുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കാരണം കാണിക്കൽ നോട്ടീസിലെ തുടർനടപടികൾ ഹൈകോടതി തടഞ്ഞു. ഷെഡുകൾ പൊളിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ആറിന് ലക്ഷദ്വീപ് ഭരണകൂടം നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് കവരത്തി സ്വദേശികൾ നൽകിയ ഹരജിയിലാണ് ഉത്തരവ്. അവധി ദിവസമായ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് കേസ് പരിഗണിച്ചത്.
ഹരജിക്കാരുടെ പരാതികള്‍ റവന്യൂ അധികൃതരെ അറിയിക്കാമെന്ന് വ്യക്തമാക്കിയ കോടതി ജൂലൈ 23 വരെ നടപടികൾ തടഞ്ഞു. ലക്ഷദ്വീപിന് ബാധകമായ 1968ലെ ലാൻഡ് റവന്യൂ നിയമപ്രകാരമായിരുന്നു നോട്ടീസ്. രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നൽകണമെന്നും എട്ടിന് നേരിട്ട് ഹാജരാകണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്.
72 മണിക്കൂറില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നോട്ടീസ് എന്ന് ഹരജിയില്‍ ആരോപിക്കുന്നു. സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷിച്ചെങ്കിലും മറുപടിപോലും ലഭിച്ചില്ല.
ജൂലൈ ഒമ്പതിന് നോട്ടീസില്‍ പറയുന്ന കെട്ടിടങ്ങള്‍ പൊലീസുമായി എത്തി അടയാളപ്പെടുത്തുകയും ശനി, ഞായര്‍ ദിവസങ്ങളിലായി ഷെഡുകള്‍ പൊളിക്കുമെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്നാണ് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.