'ഉപ്പാ എനിക്ക് സ്വർണം വേണ്ട'; ഷെഹ്ന ഷെറിെൻറ ഒറ്റ വാക്കിൽ കാരുണ്യം നദിയായൊഴുക്കി പിതാവ് അന്ത്രു
text_fieldsമേപ്പയ്യൂർ : 'ഉപ്പാ എന്റെ കല്യാണത്തിന് സ്വർണം തരേണ്ട, ആ പണം കൊണ്ട് നമുക്ക് പ്രയാസമനുഭവിക്കുന്നവർക്ക് താങ്ങാവാം'-കൊഴുക്കല്ലൂർ കോരമ്മൻ കണ്ടി അന്ത്രുവിന്റെ മകൾ ഷെഹ്ന ഷെറിൻ ഇങ്ങനെ ഒരു നിർദ്ദേശം വെച്ചത് ജീവകാരുണ്യ പ്രവർത്തകനായ അന്ത്രുവിനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. വിവരം മകളെ കല്യാണം കഴിക്കുന്ന കോട്ടപ്പള്ളിയിലെ ചങ്ങരംകണ്ടി മുഹമ്മദ് ഷാഫിയേയും കുടുംബത്തേയും അറിയിച്ചപ്പോൾ അവരും തീരുമാനത്തെ പിന്തുണച്ചു. അങ്ങനെ ഷെഹ്‌ന ഷെറിന്റെയും മുഹമ്മദ് ഷാഫിയുടേയും വിവാഹ ദിനമായ ഞായറാഴ്ച്ച അന്ത്രുവിന്റെ 21 സെന്റ് സ്ഥലം ഭൂമിയില്ലാത്ത നാലു പേർക്ക് നൽകി അതിന്റെ ആധാരം കൈമാറും.
മേപ്പയ്യൂർ പാലിയേറ്റീവ് സെന്റർ പ്രവർത്തകരായ ഈ ഉപ്പയും മകളും, പാലിയേറ്റീവ് സെന്റർ നിർമിക്കുന്ന ഡയാലിസിസ് സെന്ററിന് ധനസഹായവും കല്യാണത്തിന്റെ ഭാഗമായി നൽകും. കൂടാതെ അരിക്കുളം പ്രതീക്ഷ പാലിയേറ്റീവ്, സുരക്ഷാ പാലിയേറ്റീവ് എന്നിവക്കുമുണ്ട് ധനസഹായം. ഒരാൾക്ക് വീട് നിർമാണത്തിനും മറ്റൊരാൾക്ക് ചികിത്സക്കും സഹായം നൽകി. ഒരു നിർധന കുടുംബത്തിന്റെ വീടിന്റെ അറ്റകുറ്റ പണിക്കുള്ള ധനസഹായവും ഒരു പെൺകുട്ടിയുടെ കല്യാണത്തിനുള്ള സഹായവും അന്ത്രു മകളുടെ വിവാഹത്തോടനുബന്ധിച്ച് ചെയ്തു.
30 വർഷമായി കുവൈറ്റിൽ ബിസിനസ് നടത്തുന്ന ഇദ്ദേഹത്തിന്റെ ഈ കാരുണ്യ പ്രവർത്തനത്തിന് ഭാര്യ റംലയും ഇളയ മകൾ ഹിബ ഫാത്തിമയും എല്ലാ പിന്തുണയും നൽകുന്നു. മകളുടെ കല്യാണ പന്തലും വൈവിധ്യമായാണ് അന്ത്രു ഒരുക്കിയത്. ഓല കൊണ്ടുള്ള പന്തൽ അലങ്കരിച്ചത് ഇരഞ്ഞി ഇല കൊണ്ടും ഈന്തോല പട്ട കൊണ്ടുമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരം പന്തലുകൾ ഉണ്ടായിരുന്നെങ്കിലും ഇന്ന് ഇത് അപൂർവ്വമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.