ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന് സ്മാരകമുയരും: ബജറ്റിൽ 50 ലക്ഷം വകയിരുത്തി
text_fieldsപൊന്നാനി: പറങ്കികൾക്കെതിരായ പോരാട്ടത്തിന് തൂലിക പടവാളാക്കിയ ചരിത്രകാരനും പണ്ഡിതനും സൂഫിവര്യനുമായ ശൈഖ് സൈനുദ്ദീൻ മഖ്ദൂമിെൻറ കർമമണ്ഡലമായ പൊന്നാനിയിൽ മഖ്ദൂം സ്മാരകമുയരും. സൈനുദ്ദീൻ മഖ്ദൂം സ്മാരകം നിർമിക്കാനായി സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. ബജറ്റ് മറുപടി പ്രസംഗത്തിലാണ് സ്മാരക നിർമാണത്തിന് തുക വകയിരുത്തിയതായി പ്രഖ്യാപിച്ചത്. കാലങ്ങൾ നീണ്ട ആവശ്യങ്ങൾക്കൊടുവിലാണ് സൈനുദ്ദീൻ മഖ്ദൂമിന് സ്മാരകം നിർമിക്കാൻ തീരുമാനമായത്.
പറങ്കികൾക്കെതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്ത ആദ്യ ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുൽ മുജാഹിദീൻ, കർമശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈൻ, ഇർഷാദുൽ ഇബാദ, അൽ അജ്വിബതുൽ അജീബ തുടങ്ങിയ ഗ്രന്ഥങ്ങൾ വിദേശ യൂനിവേഴ്സിറ്റികളിൽ പഠന ഗ്രന്ഥങ്ങളാണ്. സ്മാരകം നിർമിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം കെ.എം. മുഹമ്മദ് കാസിം കോയയുടെ നേതൃത്വത്തിൽ പൊന്നാനി ജനകീയ കൂട്ടായ്മ മുഖ്യമന്ത്രിക്കും സ്പീക്കർ പി. ശ്രീരാമകൃഷ്ണനും നിവേദനവും നൽകിയിരുന്നു.
പുതു തലമുറക്ക് സൈനുദ്ദീൻ മഖ്ദൂമിെൻറ ചരിത്രവും അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളും പരിചയപ്പെടാനുള്ള ലൈബ്രറി ഉൾപ്പെടെയുള്ള സംവിധാനമാണ് ഒരുക്കുക. കൂടാതെ പൊന്നാനിയിൽ നിർമാണം അന്തിമഘട്ടത്തിലെത്തിയ നിള മ്യൂസിയത്തിെൻറ വാർഷിക ചെലവുകൾക്കും നിള ഫെസ്റ്റു നടത്തുന്നതിനും ബജറ്റിൽ 50 ലക്ഷം രൂപ അനുവദിച്ചു.
പൊന്നാനി: സ്വാതന്ത്ര്യസമര പോരാളിയും പണ്ഡിതനും സൂഫി വര്യനുമായ ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന് ഉചിതമായ സ്മാരകം നിർമിക്കുന്നതിന് സംസ്ഥാന ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തിയ സംസ്ഥാന സർക്കാറിെൻറ തീരുമാനം ഏറെ ആഹ്ലാദകരമാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം കെ.എം. മുഹമ്മദ് ഖാസിം കോയ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.