പെട്ടിമുടി ദുരന്തബാധിതർക്ക് തണലൊരുങ്ങുന്നു
text_fieldsമൂന്നാര്‍: ഉരുൾപൊട്ടലിൽ 66 പേർ മരണപ്പെടുകയും നാലുപേരെ കാണാതാകുകയും ചെയ്ത പെട്ടിമുടി ദുരന്തത്തിന് ഇരയായവർക്കായി മനുഷ്യസാധ്യമായതെല്ലാം ചെയ്തതായി മന്ത്രി എം.എം. മണി.
ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നടന്ന പട്ടയവിതരണവും വീടുകളുടെ ശിലാസ്ഥപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാറും ടീ കമ്പനിയും നല്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒന്നുമാകില്ലെന്ന് ബോധ്യമുണ്ട്.
പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ടവരെ കണ്ടെത്താന്‍ ജില്ല ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും മാതൃകപരമായ നടപടികളാണ് സ്വീകരിച്ചത്. മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തത് വേദനജനകമാണ്. ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ ആരുമില്ലാത്ത കുടുംബങ്ങളുമുണ്ട്. ഇവരുടെ കാര്യത്തില്‍ ജില്ല ഭരണകൂടം അനുയോജ്യ നടപടി സ്വീകരിക്കും. നിലവില്‍ എട്ട് കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്. കണ്ണന് ദേവന് കമ്പനി സൗജന്യമായി വീട് നിർമിച്ചുനല്‍കും.
ശരണ്യ-അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി, ദീപന് ചക്രവര്‍ത്തി-പളനിയമ്മ, ഹേമലത-ഗോപിക, കറുപ്പായി, മുരുകേശ്വരി, മാലയമ്മാൾ എന്നിവര്‍ക്കാണ് പട്ടയം നല്‍കിയത്. എസ്. രാജേന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. കലക്ടര്‍ എച്ച്. ദിനേശന് സ്വഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.