കൂറ്റൻ ക്രെയിൻ വിഴിഞ്ഞത്ത് ഇറക്കി, ഷെൻഹുവ-15 നാളെ മടങ്ങും
text_fieldsതിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെയും മറ്റു വെല്ലുവിളികളെയും അതിജീവിച്ച് കൂറ്റന്‍ ക്രെയിനും വിഴിഞ്ഞം തുറമുഖത്ത് ഇറക്കി. ചൈനീസ് ചരക്കു കപ്പലായ ഷെന്‍ഹുവ-15ല്‍നിന്നാണ് 1100 ടണ്ണിലധികം ഭാരമുള്ള സൂപ്പര്‍ പോസ്റ്റ് പാനാ മാക്സ് ക്രെയിന്‍ (ഷിപ്പ് ടു ഷോര്‍ ക്രെയിന്‍) ഇന്ന് വൈകിട്ടോടെ ബര്‍ത്തിലിറക്കിയത്.
ഷെൻഹുവ-15 നാളെ മടങ്ങും. വിഴിഞ്ഞത്തേക്കുള്ള രണ്ടാമത്തെ കപ്പല്‍ ഷെന്‍ഹുവ -29 ചൈനയില്‍നിന്ന് പുറപ്പെട്ടു. നവംബര്‍ 15ഓടെ കപ്പല്‍ വിഴിഞ്ഞത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൻ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമായാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് വരുന്നത്.
ആകെ മൂന്ന് ക്രെയിനുകളാണ് ഷെന്‍ഹുവ-15ല്‍ കൊണ്ടുവന്നിരുന്നത്. ക്രെയിനുകളില്‍ ഏറ്റവും വലിയതാണ് ഇന്നലെ ഇറക്കിയത്. ഈ ക്രെയിന്‍ ഇറക്കാൻ ഏറെ വെല്ലുവിളികളുണ്ടായിരുന്നു. ഇന്ന് ഉച്ചക്കാണ് ഈ ക്രെയിന്‍ ഇറക്കുന്ന നടപടി ആരംഭിച്ചത്. വൈകിട്ട് നാലോടെ ക്രെയിന്‍ വിജയകരമായി ബര്‍ത്തില്‍ ഇറക്കുകയായിരുന്നു. കടല്‍ പ്രക്ഷുബ്ദമായതോടെയാണ് ക്രെയിന്‍ ഇറക്കുന്നത് വൈകിയത്. മറ്റു ക്രെയിനുകള്‍ തിങ്കളാഴ്ചയോടെ ഇറക്കിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെതുടര്‍ന്ന് കൂറ്റന്‍ ക്രെയിന്‍ ഇറക്കാനായിരുന്നില്ല.
കടൽക്ഷോഭവും ചൈനീസ് തൊഴിലാളികൾക്ക് കരക്കിറങ്ങാനുള്ള വിസ ലഭിക്കാനുള്ള നിയമ തടസവും കാരണം ക്രെയിനുകൾ തുറമുഖത്ത് ഇറക്കാനുള്ള നടപടികൾ നീണ്ടുപോകുകയായിരുന്നു. തടസങ്ങൾ നീങ്ങി വിദഗ്ധ തൊഴിലാളികൾക്ക് വിസ ലഭ്യമാവുകയും കടൽ ക്ഷോഭത്തിന് നേരിയ ശമനമുണ്ടാവുകയും ചെയ്തതോടെയാണ് മൂന്നു ദിവസങ്ങളിലായി മൂന്നു ക്രെയിനുകളും ഇറക്കാനായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.