ഷിബിൻ വധം: പൊലീസ് വീഴ്ച ഗുരുതരമെന്ന് ന്യൂനപക്ഷ കമീഷൻ
text_fieldsകോഴിക്കോട്: നാദാപുരത്ത് സി.പി.എം പ്രവർത്തകൻ ഷിബിൻ വധിക്കപ്പെട്ടതിനെ തുടർന്ന് മുസ്ലിം വീടുകളും വാഹനങ്ങളും കത്തിക്കുകയും കവർച്ച നടത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് വീഴ്ച ഗുരുതരമെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷൻ. വീഴ്ച ഡി.െഎ.ജി റാങ്കിലെ ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും അന്വേഷണ റിപ്പോർട്ടിെൻറ വെളിച്ചത്തിൽ പൊലീസ് മേധാവി അടിയന്തര നടപടിയെടുക്കണമെന്നും കമീഷൻ ഉത്തരവിട്ടു. നാദാപുരം കല്ലാച്ചിയിലെ അഭിഭാഷകനായ കുന്നുമ്മൽ മുസ്തഫ, നാദാപുരം ഫ്രൻഡ്സ് ഫോറം സെക്രട്ടറി പ്രഫ. ഹമീദ് എന്നിവർ സമർപ്പിച്ച പരാതിയിൽ തീർപ്പുകൽപിച്ചാണ് ഉത്തരവ്.
2015 ജനുവരി 22നാണ് തൂണേരി പഞ്ചായത്തിലെ വെള്ളൂരിൽ ഷിബിൻ കൊല്ലപ്പെട്ടത്. ആക്രമികൾ 81 വീടുകളും 20ലേറെ വാഹനങ്ങളും കത്തിക്കുകയും 587 പവൻ സ്വർണം കൊള്ളയടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. നാദാപുരം പൊലീസ് സ്റ്റേഷെൻറ മൂന്നു കിലോമീറ്റർ ചുറ്റളവിലാണ് പട്ടാപ്പകൽ ഒമ്പതു മണിക്കൂറിലേറെ അതിക്രമം നടന്നത്. പൊലീസ് സ്റ്റേഷനിൽ വിളിച്ച് സംരക്ഷണം ആവശ്യപ്പെെട്ടങ്കിലും നടപടിയുണ്ടായില്ലെന്ന് ഹരജിയിൽ ബോധിപ്പിച്ചിരുന്നു. പൊലീസ് പിക്കറ്റില്ലാത്ത സ്ഥലങ്ങൾ തിരഞ്ഞുപിടിച്ചാണ് ആക്രമികൾ വീടുകൾ കൈയേറി തീയിട്ടതെന്നായിരുന്നു കമീഷൻ വിചാരണയിൽ പൊലീസ് മേധാവി നൽകിയ മറുപടി.
ഇൗ വാദം കമീഷൻ അംഗീകരിച്ചില്ല. പൊലീസില്ലാത്ത സ്ഥലം നോക്കി പകൽ മുഴുവൻ ആക്രമികൾ അഴിഞ്ഞാടി എന്നുപറയുന്നത് പൊലീസ് വീഴ്ചയായി കാണണമെന്ന് കമീഷൻ വ്യക്തമാക്കി. ക്രമസമാധാനപാലന സംവിധാനം ജാഗ്രതയോടെ പ്രവർത്തിച്ചില്ലെന്നാണെന്നും ചെയർമാൻ പി.എം. ഹനീഫ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 86 കേസ് രജിസ്റ്റർ ചെയ്യുകയും 188 പ്രതികളെ അറസ്റ്റ്ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നുെണ്ടങ്കിലും കുറ്റപത്രം സമർപ്പിക്കാനായിട്ടില്ല. അതിനാൽ, കേസുകളുടെ മേൽനോട്ടത്തിന് ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയമിക്കണം. കേസുകൾ തീർപ്പാക്കാൻ പ്രത്യേക കോടതി സ്ഥാപിക്കുന്നത് പരിഗണിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ കലക്ടർ അടിയന്തര നടപടിയെടുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.