ഷിബിന്റെയും മാതാപിതാക്കളുടെയും ജീവനെടുത്തത് തൊഴിൽ റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ ചതി
text_fieldsഅങ്കമാലി: വിദേശജോലി വാഗ്ദാനം ചെയ്ത് അങ്കമാലിയിൽ തുടങ്ങിയ സ്ഥാപനത്തിനുവേണ്ടി ആത്മാർഥമായി ജോലി ചെയ്തതിന് ഷിബിന് കൊടുക്കേണ്ടി വന്നത് സ്വന്തം ജീവന്റെ വില. കൂടെ മാതാപിതാക്കളുടേതും.
ഒന്നര വർഷം മുമ്പ് ഇടുക്കി ചെറുതോണി സ്വദേശികളായ ദമ്പതികൾ അങ്കമാലി എളവൂർ കവലയിൽ ആരംഭിച്ച ‘ഹൈസോൺ കൺസൾട്ടൻസി’യിലാണ് ഷിബിൻ ജോലിക്ക് ചേർന്നത്.
വിദേശത്ത് അത്യാകർഷക ജോലി വാഗ്ദാനം ചെയ്ത റിക്രൂട്ട്മെന്റ് സ്ഥാപനത്തെ വിശ്വസിച്ച് സുഹൃത്തുക്കളും ബന്ധുക്കളും അടക്കമുള്ളവരിൽനിന്ന് ലക്ഷക്കണക്കിന് രൂപയാണ് ഷിബിൻ പിരിച്ചു നൽകിയത്. ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 20ഓളം പേരിൽ നിന്ന് അഞ്ച് ലക്ഷം വീതവും ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് വീടിനു സമീപത്തുള്ള ഏതാനും പേരിൽനിന്ന് 17.5 ലക്ഷം രൂപയും ഷിബിൻ വാങ്ങിക്കൊടുത്തതായാണ് അറിയുന്നത്. അതിനിടെ സ്ഥാപനം പൂട്ടി ഉടമ വിദേശത്തേക്ക് മുങ്ങി. അതോടെ പണം തിരിച്ച് നൽകേണ്ട ബാധ്യത ഷിബിന്റെ ചുമലിലായി. അടുത്തിടെ സ്ഥാപന ഉടമയുടെ ഭാര്യയെയും ഏജന്റിനെയും ചെറുതോണി പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പണം തിരിച്ച് നൽകേണ്ട ഉത്തരവാദിത്തം ഷിബിന് തന്നെയായി.
പണം നഷ്ടപ്പെട്ട നാട്ടുകാരും വീട്ടുകാരും സുഹൃത്തുക്കളുമടങ്ങുന്നവർ നിരന്തരം ഷിബിന്റെ വീട്ടിൽ വന്ന് ബഹളം വെച്ചിരുന്നു. കേസും നൽകി. അതോടെ കുടുംബം ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. വീടിനടുത്ത് വാടകക്ക് നൽകിയിരുന്ന കെട്ടിടവും രണ്ടിടങ്ങളിലെ ഭൂമിയും വിറ്റ് ഏതാനും പേരുടെ ബാധ്യത തീർത്തെങ്കിലും അവശേഷിക്കുന്നവർ നിരന്തരം പണം ആവശ്യപ്പെടാൻ തുടങ്ങി. അതിനിടെ വീടിന്റെ പ്രമാണം ഈട് നൽകി ബാങ്കിൽ നിന്നെടുത്ത വായ്പയും മുടങ്ങി. സാമ്പത്തിക ബാധ്യത കുടുംബത്തെ ഒന്നാകെ നിരാശയിലാക്കി.
പണം തിരിച്ച് നൽകാനുള്ള എല്ലാ മാർഗങ്ങളും അടഞ്ഞതാകാം ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. ബുധനാഴ്ച സുഹൃത്തുക്കളോടൊപ്പം ഷിബിൻ മദ്യപിച്ചതായും, ‘നാളെ ഞാൻ ഒരിടം വരെ പോകുമെന്ന്’ അവരോട് പറഞ്ഞതായും പൊലീസ് പറഞ്ഞു. അതിനിടെ ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.