കോൺഗ്രസ് മുങ്ങുകയല്ല; മുക്കുകയാണെന്ന് ഷിബു ബേബി ജോൺ
text_fieldsസംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങളിൽ പരോക്ഷ വിമർശനവുമായി യു.ഡി.എഫ് ഘടകകക്ഷിയായ ആർ.എസ്.പിയുടെ നേതാവ് ഷിബു ബേബി ജോൺ. കോൺഗ്രസ് മുങ്ങുകയല്ലെന്നും ചിലർ മുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുങ്ങുന്ന കപ്പലിൽ നിൽക്കാം. പക്ഷേ, മുക്കുകയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അതിലെങ്ങിനെ നിൽക്കുമെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് യു.ഡി.എഫിൽ അഭിപ്രായ വ്യത്യാസങ്ങളുന്നയിച്ച ആർ.എസ്.പി, തൽകാലം യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിയാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന.
കോൺഗ്രസ് പാർട്ടി ഈ രാജ്യത്ത് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞാണ് തങ്ങൾ കൂടെ നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ തിരിച്ചറിവ് കോൺഗ്രസിലെ ഗ്രൂപ്പ് നേതാക്കൾക്കില്ല. മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് നാമാവശേഷമായതിൽ നിന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ പാഠം പഠിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോൺഗ്രസിന് ഇനി രക്ഷയില്ലെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസിൽ മുതിർന്ന നേതാക്കളടക്കം ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് ഷിബു ബേബി ജോണിന്‍റെ പ്രതികരണം. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരൊക്കെ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയിട്ടുണ്ട്. അതേസമയം, ഷിബു കോൺഗ്രസിലെ തർക്കങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ നേതാക്കളുടെയൊന്നും പേര് പരാമർശിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.