കോടിയേരിക്കെതിരെ മൊഴി നല്‍കിയില്ല; രേഖകൾ വ്യാജം -കാപ്പൻ
text_fieldsകോട്ടയം: കോടിയേരി ബാലകൃഷ്ണനെതിരെ സി.ബി.ഐക്ക് മൊഴി നല്‍കിയിട്ടില്ലെന്നും രേഖകൾ വ്യാജമാണെന്നും നിയുക്ത പാലാ എം.എൽ.എ മാണി സി. കാപ്പൻ. ഷിബു ബേബി ജോണിെൻറ ആരോപണം അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് സ്റ്റണ്ടാണ്.രാഷ്ട്രീയ ഗൂഢാലോചനയാണ്. നിയമ നടപടി സ്വീകരിക്കും. മാണി സി. കാപ്പൻ പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മേഘാലയയിൽ തനിക്കു കൂടുതൽ സ്ഥലം വാങ്ങാൻ പദ്ധതിയുണ്ടായിരുന്നു. പങ്കാളിയാകാൻ ദിനേശ് മേനോൻ സന്നദ്ധത പ്രകടിപ്പിക്കുകയും കരാറുണ്ടാക്കുകയും ചെയ്തു. 1.85 കോടി അഡ്വാൻസും നൽകി. പിന്നീട് കച്ചവടം നടന്നില്ല. പലിശസഹിതം മൂന്നരക്കോടി തിരികെ ആവശ്യപ്പെട്ടപ്പോൾ 25 ലക്ഷം നൽകി. ബാക്കി ചെക്ക് നൽകി. സാമ്പത്തിക പ്രതിസന്ധിമൂലം തുക നൽകാനായില്ല. ഇതിനെതിരെ ദിനേശ് മേനോൻ മുംബൈ കോടതിയിൽ കേസ് നൽകിയിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും വ്യക്തമാക്കിയിരുന്നു. ഇതല്ലാതെ സി.ബി.ഐ വിളിപ്പിക്കുകയോ മൊഴി നൽകുകയോ ചെയ്തിട്ടില്ല.
ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ദിനേശ് മേനോന് പരിചയപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഒഴിവാക്കി കോടിയേരിയെയും മകനെയും മാത്രം പറഞ്ഞത് ദുരുദ്ദേശ്യത്തോടെയാണ്. നേരേത്ത സി.ബി.ഐയിൽനിന്നാണെന്നു പറഞ്ഞ് തന്നെ നിയമവിരുദ്ധമായി ഫോൺ ചെയ്ത എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ പരാതി നൽകുകയും ഫോൺ പരിശോധിച്ച ശേഷം ആ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. അടിസ്ഥാനരഹിതമായ ആരോപണം ഷിബു ബേബി ജോൺ ഉന്നയിച്ചത് ഖേദകരമാണ്. രാഷ്ട്രീയ വിരോധത്തിെൻറ പേരിൽ അസത്യപ്രചാരണം പൊതുപ്രവർത്തകർക്കു ഭൂഷണമല്ലെന്നും കാപ്പൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.