ഷിബു ബേബി ജോൺ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി
text_fieldsതിരുവനന്തപുരം: ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബിജോണിനെ തെരഞ്ഞെടുത്തു. അനാരോഗ്യം കാരണം എ.എ. അസീസ് സ്വയം ഒഴിഞ്ഞ സാഹചര്യത്തിലാണ് ഷിബുവിനെ തിങ്കളാഴ്ച ചേർന്ന സംസ്ഥാന കമിറ്റിയോഗം പകരക്കാരനായി തീരുമാനിച്ചത്. ഷിബുവിന്‍റെ പേര് എ.എ. അസീസ് നിർദേശിക്കുകയും എൻ.കെ. പ്രേമചന്ദ്രൻ എം.പി പിന്താങ്ങുകയും ചെയ്തു.
കഴിഞ്ഞ ഒക്ടോബറിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിലെ ധാരണ പ്രകാരമാണ് നേതൃമാറ്റം. നേതൃമാറ്റ ആവശ്യം സംസ്ഥാന സമ്മേളനത്തിൽ ഉയർന്നിരുന്നെങ്കിലും സെക്രട്ടറി സ്ഥാനത്ത് തുടരാനുള്ള അസീസിന്‍റെ താൽപര്യം സമ്മേളനം അംഗീകരിക്കുകയായിരുന്നു. മത്സരത്തിനില്ലെന്ന ഷിബുവിന്‍റെ അന്നത്തെ നിലപാടാണ് പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങൾ ഒഴിവാക്കിയത്. അതേസമയം, ദേശീയ സമ്മേളനത്തിനുശേഷം നേതൃകാര്യത്തിൽ പുനരാലോചന വേണ്ടിവരുമെന്ന സൂചന അന്ന്തന്നെയുണ്ടായിരുന്നു.
ദേശീയ സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പദവി ഒഴിയാനുള്ള താൽപര്യം അസീസ് അറിയിച്ചെങ്കിലും ബേബിജോൺ-ആർ.എസ്. ഉണ്ണി അനുസ്മരണ പരിപാടികൾക്കു ശേഷം ആലോചിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
ഇതനുസരിച്ച് ഈമാസം നാലിന് ചേർന്ന പാർട്ടി സെക്രട്ടേറിയറ്റ് യോഗം സെക്രട്ടറി പദവി ഒഴിയാനുള്ള അസീസിന്‍റെ താൽപര്യം ഔദ്യോഗികമായി ചർച്ച ചെയ്യുകയും ഷിബുവിനെ പകരക്കാരനാക്കാൻ ധാരണയുണ്ടാക്കുകയും ചെയ്തു. സെക്രട്ടേറിയറ്റ് യോഗത്തിലെ ധാരണ തിങ്കളാഴ്ച ചേർന്ന സംസ്ഥാന കമ്മിറ്റിയോഗം അംഗീകരിക്കുകയായിരുന്നു.
ആർ.എസ്.പിയുടെ സമുന്നത നേതാവായിരുന്ന ബേബി ജോണിന്‍റെ മകനായ ഷിബു, രണ്ടുതവണ ചവറയിൽനിന്ന് എം.എൽ.എയായി. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിൽ തൊഴിൽമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.