ശിഹാബ് ചോറ്റൂർ ഇന്ത്യ - പാക് അതിർത്തിയിൽ
text_fieldsമലപ്പുറം: ഹജ്ജ് ചെയ്യാൻ കാൽനടയായി മലപ്പുറത്തുനിന്ന് മക്കയിലേക്ക് പുറപ്പെട്ട ശിഹാബ് ചോറ്റൂർ അതിർത്തി കടക്കാൻ കാത്തുനിൽക്കുന്നത് പാകിസ്താന്‍റെ ട്രാൻസിറ്റ് വിസക്കായി.
പാകിസ്താൻ വിസ നിഷേധിച്ചെന്ന് സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണങ്ങൾ നടക്കുന്നതിനിടെയാണ് തന്‍റെ യൂട്യൂബ് ചാനലിൽ വിശദീകരണവുമായി അദ്ദേഹം രംഗത്ത് എത്തിയത്. പാകിസ്താൻ വിസ നിഷേധിച്ചെന്ന പ്രചാരണം പച്ചക്കള്ളമാണ്. വിസ കാറ്റഗറിയിലുള്ള പ്രശ്നം മൂലമാണ് തടസ്സം നേരിടുന്നത്.
പാകിസ്താൻ ടൂറിസ്റ്റ് വിസ അനുവദിക്കാൻ തയാറാണ്. അതിന് 90 ദിവസത്തെ കാലാവധിയാണ്. അതിനുള്ളിൽ പാകിസ്താൻ - ഇറാൻ അതിർത്തിയായ തഫ്താനിൽ എത്താൻ സാധ്യമല്ല. മാത്രവുമല്ല, ടൂറിസ്റ്റ് വിസ ഉപയോഗിച്ച് മറ്റൊരു രാജ്യത്തേക്ക് കടക്കാൻ സാധ്യമല്ല.
ഇന്ത്യയിൽനിന്ന് വാഗ അതിർത്തി വഴി പാകിസ്താനിൽ പ്രവേശിച്ചിട്ട് ഇറാൻ അതിർത്തി വരെ പോയി ഇന്ത്യയിലേക്ക് തിരികെ വരാം. എന്നാൽ അവിടെനിന്ന് മറ്റൊരു രാജ്യത്തേക്ക് കടക്കാൻ ട്രാൻസിറ്റ് വിസ ലഭിക്കണം. ട്രാൻസിറ്റ് വിസ ലഭിക്കാൻ ഇന്ത്യൻ വിദേശകാര്യ വകുപ്പിന്‍റെ ഒരു രേഖ കൂടി ലഭിക്കാനുണ്ട്.
അതിനുള്ള കാത്തിരിപ്പിലാണ്. അത് ഉടൻ ശരിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്ര തടസ്സം നേരിടാതിരിക്കാനാണ് ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്താതിരുന്നതെന്നും അദ്ദേഹം ചാനലിൽ പങ്കുവെക്കുന്നു. മൂന്ന് മാസത്തെ വിസയാണ് ഇറാനും ഇറാഖും അനുവദിച്ചിരുന്നത്.
അത് ഒരുവർഷത്തേക്ക് നീട്ടി അവർ തന്നെ നൽകിയിട്ടുണ്ട്. സൗദി ടൂറിസ്റ്റ്, ബിസിനസ് വിസയും കാൽനടയായി ഹജ്ജിന് പോകുന്നതിനുള്ള വിസയും ഒരു വർഷത്തേക്ക് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മലപ്പുറം ആതവനാട്ടിൽനിന്ന് 3200 കിലോമീറ്റർ സഞ്ചരിച്ച് പഞ്ചാബിലെ ഖാസയിൽ സുഹൃത്തുക്കളോടൊപ്പമാണ് ശിഹാബ് താമസിക്കുന്നത്.
വാഗാ അതിർത്തിയിൽനിന്ന് 15 കിലോമീറ്റർ അകലെയാണിത്. ഇവിടെ എത്തിയിട്ട് 16 ദിവസമായി. ജൂൺ രണ്ടിനാണ് ആതവനാട് ചോറ്റൂർ ചേലമ്പാടൻ സൈതലവി - സൈനബ ദമ്പതികളുടെ മകനായ ശിഹാബ് യാത്ര പുറപ്പെട്ടത്. 8640 കിലോമീറ്റർ ദൂരമാണ് നടക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.