ലോക്സഭയിലേക്ക് ശിഹാബ് തങ്ങളുടെ പത്രിക
text_fieldsശിഹാബ് തങ്ങളും സി.എച്ച്. മുഹമ്മദ് കോയയും
പാണക്കാട് തങ്ങൾ കുടുംബം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായ ചരിത്രമില്ല. പാർട്ടിയിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന ഇവരുടെ അനുഗ്രഹം തേടി സ്ഥാനാർഥികളെത്തുന്നതും കെട്ടിവെക്കാനുള്ള പണം കൈമാറുന്നതുമെല്ലാം പതിവ് കാഴ്ച. എന്നാൽ പാണക്കാട് കുടുംബത്തിൽ നിന്നൊരാളുടെ നാമനിർദേശ പത്രിക വരണാധികാരിക്ക് മുമ്പാകെ ലഭിച്ചിട്ടുണ്ട്. മൂന്നരപ്പതിറ്റാണ്ടോളം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷ പദവിയിലിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളാണ് 1973ലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മഞ്ചേരി മണ്ഡലത്തിൽ പത്രിക നൽകിയത്.
അത് പക്ഷെ ഡമ്മി സ്ഥാനാർഥിയായായിരുന്നു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ വിയോഗത്തെത്തുടർന്ന് വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയയെയാണ് ഉപതെരഞ്ഞെടുപ്പിൽ ലീഗ് മത്സരിപ്പിച്ചത്. 1972 ഡിസംബർ 26ന് സി.എച്ചിന്റെ ഡമ്മിയായി പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും പത്രിക നൽകി. യു.എ. ബീരാനാണ് നിർദേശിച്ചത്. സി.എച്ചിനെ ശിഹാബ് തങ്ങളുടെ പിതാവും പാർട്ടി സംസ്ഥാന പ്രസിഡൻറുമായിരുന്ന പൂക്കോയ തങ്ങളും നിർദേശിച്ചു. ചാക്കീരി അഹമ്മദ് കുട്ടി, കെ.കെ.എസ്. തങ്ങൾ, ആര്യാടൻ മുഹമ്മദ്, മംഗലം ഗോപിനാഥ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിൽ അന്നത്തെ ജില്ല കലക്ടർ കെ.ജെ. ജോണിന് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. സി.എച്ചിന്റെ പത്രിക അംഗീകരിച്ചതോടെ ശിഹാബ് തങ്ങൾ പിൻവലിച്ചു. രണ്ട് വർഷത്തിനുശേഷം പൂക്കോയ തങ്ങൾ മരിച്ചപ്പോൾ ലീഗിന്റെ സംസ്ഥാന നേതൃസ്ഥാനം ഏറ്റെടുത്ത ശിഹാബ് തങ്ങൾ 2009ലാണ് വിടവാങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.