'സിദ്ദീഖ് ഹസനും പ്രഭാകരനും തമ്മിലെന്ത്?' ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് അത്ഭുതത്തോടെ ചോദിച്ചു
text_fieldsകോഴിക്കോട്: അതുല്യപ്രതിഭയായ ചിത്രകാരൻ കെ. പ്രഭാകരനും ജമാഅത്തെ ഇസ്‍ലാമിയുടെ അമീറായിരുന്ന പ്രഫ. കെ.എ സിദ്ദീഖ് ഹസനും തമ്മിലുള്ള ഒരു കൂടിക്കാഴ്ചക്ക് സാക്ഷിയായ സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കുറിപ്പ് വൈറലാകുന്നു. സിദ്ദീഖ് ഹസന്റെ വിയോഗത്തിന് ഒരുവർഷം തികയുന്ന വേളയിലാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ആ അപൂർവ സംഗമത്തിന്റെ ഓർമ പങ്കുവെച്ചത്.
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതിയ കുറിപ്പ് വായിക്കാം:
സിദ്ദീഖ് ഹസൻ സാഹിബ് ഈ ലോകം വിട്ടു പിരിഞ്ഞിട്ട് ഒരു വർഷമായി എന്ന് വിശ്വസിക്കാനാവുന്നില്ല. അദ്ദേഹം ചെയ്ത അനവധി നിരവധി സേവന പ്രവർത്തനങ്ങളുടെ പ്രകാശമാനമായ ഓർമ്മ ചുറ്റിലും നില്ക്കുന്നത് കൊണ്ടാവണം.
ദൗർഭാഗ്യവശാൽ അടുത്ത സൗഹൃദം പുലർത്താനുള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഒരു തവണ, ഒരേയൊരു തവണയേ അത് സംഭവിച്ചിട്ടുള്ളു. തികച്ചും യാദൃച്ഛികമായി .പക്ഷേ, അത് മനസ്സിൽ കൊത്തിവെച്ച പോലെ നില്ക്കുന്നു.
ഒരു ദിവസം കോഴിക്കോട് നഗരത്തിൽവന്നപ്പോൾ നാടകകൃത്തും എഴുത്തുകാരനുമായ പി.എ.എം ഹനീഫ് ക്കയെയാദൃച്ഛികമായികാണുന്നു.
കൊച്ചുവർത്തമാനമൊക്കെ പറയുന്നു. ഒരു ചായ കുടിക്കുന്നു. അന്ന് അദ്ദേഹം ആരാമം മാസികയിലാണ് ജോലി ചെയ്യുന്നത്.പെട്ടെന്ന് ഹനീഫ് ക്ക പറയുന്നു. ഇപ്പം കെ. പ്രഭാകരൻ (ആ അതുല്യപ്രതിഭയായ ചിത്രകാരൻ നമ്മെ വിട്ടു പിരിഞ്ഞു.) വരുന്നുണ്ട്. പ്രഭാകരനേയും കൂട്ടി ഹിറാ സെൻറർ വരെ പോകാനുണ്ട്. സിദ്ദീഖ് ഹസൻ സാഹിബിനെ കാണണം. ഫ്രീയല്ലേ, നീയും വാ.
വൈകാതെ പ്രഭാകരേട്ടൻ വരുന്നു. വളരെ അവശനായിരിക്കുന്നു, ആൾ. എന്നെ വലിയ ഇഷ്ടമാണ്. ചേർത്ത് പിടിക്കുന്നു. വിശേഷങ്ങൾ കൈമാറുന്നു. സിദ്ദീഖ് ഹസനെ കാണാൻ അദ്ദേഹത്തിൻ്റെ ഓഫീസിലേക്ക് നടക്കുന്നു.
ഏറെ പ്രശസ്തനായ ഒരു ചിത്രകാരനും ജമാഅത്ത് അമീറായ സിദ്ദീഖ് ഹസൻ സാഹിബും തമ്മിലെന്ത്? - ഇതാണ് ഞാൻ നടക്കുന്നതിനിടയിൽ ആലോചിച്ചത്.
ഹിറാസെൻ്ററിലെത്തുന്നു. സ്വീകരണമുറിയിലിലിരുത്തി ഹനീഫ്ക്ക അകത്ത് മീറ്റിങ്ങിലിരിക്കുന്ന സിദ്ദീഖ് ഹസൻ സാഹിബിന് തല കാണിക്കുന്നു. ഒട്ടും വൈകാതെ അദ്ദേഹം പുറത്തിറങ്ങുന്നു.
പ്രഭാകരേട്ടനെ ചൂണ്ടി എന്തോ പറയുന്നു. സിദ്ദീഖ് ഹസൻ സാഹിബ് പ്രഭാകരനെ കണ്ടപ്പോൾ അങ്ങേയറ്റം ആദരവോടെ വന്നു കൈ കൊടുക്കുന്നു. ഇരിക്കാൻ പറയുന്നു. ഹനീഫ്ക്കയേയും കൂട്ടി അകത്ത് പോകുന്നു. അല്പ നിമിഷത്തിനകം ഹനീഫ്ക്ക കൈയിൽ ഒരു കവറുമായി പുറത്തേക്ക് വരുന്നു. സിദ്ദീഖ് ഹസൻ സാഹിബ് മീറ്റിങ്ങിലേക്ക് പോകുന്നു. ഹനീഫ്ക്ക കവർ പ്രഭാകരേട്ടനെ ഏല്പിക്കുന്നു.
എനിക്കൊന്നും മനസ്സിലായില്ല. പ്രഭാകരേട്ടൻ പോയപ്പോൾ ഞാൻ ഹനീഫ്ക്കയോട് അത്ഭുതത്തോടെ ചോദിച്ചു: പ്രഭാകരേട്ടനും സിദ്ദീഖ് ഹസനും തമ്മിലെന്ത്?
ഹനീഫ്ക്ക പറഞ്ഞു: സാമ്പത്തിക നില വളരെ പരുങ്ങലിലാണ്, പ്രഭാകരൻ്റേത്. നിലപാട് കൊണ്ടു മാത്രം വയറ് നിറയില്ലല്ലോ. പ്രയാസമറിഞ്ഞ് സിദ്ദീഖ് ഹസൻസാഹിബിൻ്റേടത്ത് വന്ന് കാര്യം പറഞ്ഞതാ. മൂപ്പര് സകാത്ത് ഫണ്ടിൽ നിന്ന് മോശമല്ലാത്ത ഒരു തുക പ്രഭാകരന് വേണ്ടി സാങ്ങ്ഷൻ ചെയ്തതാണ്.
ഞാൻ തരിച്ചിരുന്നു പോയി.
മുസ്‍ലിം സമുദായത്തിലെ നേതൃത്വത്തിൽ നിന്ന് ഒരു നേതാവും പ്രഭാകരനെ പോലെ ഒരാളെ മനസ്സിലാക്കാൻ വിധമൊരു വളർച്ചയും വിശാലതയും ഉണ്ടാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല. ചിത്രം വരയ്ക്കുന്നത് ഹറാമാണെന്ന് വിശ്വസിക്കുന്ന മത നേതാക്കന്മാർ ഇന്നും ഉണ്ട്. പോരെങ്കിൽ, പ്രത്യേകിച്ച് നോമ്പ് കാലത്ത് വിശ്വാസികളിൽ നിന്ന് ശേഖരിക്കുന്ന സക്കാത്തിൽ നിന്നാണ്സഹായം. അനുവദിച്ചത് കെ. പ്രഭാകരനും!
മതത്തെ ആത്മീയതയുടെ ചക്രവാളത്തോളം ഉയർത്തിയ മഹാനായ ആ മനുഷ്യനെ ഞാൻ മനസ്സ് കൊണ്ട് എപ്പോഴും തിരഞ്ഞുകൊണ്ടിരുന്നു. ജാതി മതം ദേശം ഭാഷ ഇവയ്ക്കതീതനായി മനുഷ്യനു വേണ്ടി നിലകൊണ്ട ആഴക്കാഴ്ചയുള്ള കണ്ണുകൾ. കിടപ്പാടമില്ലാത്ത ദരിദ്രരുടെ കൂടെ, കുടിവെള്ളമില്ലാത്ത മരുഭൂമനുഷ്യർക്ക്, രോഗികൾക്ക് ഇങ്ങനെ, വീഴുന്ന മനുഷ്യരെയൊക്കെ അദ്ദേഹം എഴുന്നേല്പിച്ചു.പ്രൊഫ.കെ.എ. സിദ്ദീഖ് സാഹിബ് മത പ്രവർത്തകനായിട്ടും അതിൽ ലവലേശം മതം പുരണ്ടിരുന്നില്ല.
അസുഖബാധിതനായി കിടപ്പിലായപ്പോഴും പാവങ്ങൾക്കു വേണ്ടി പരിഹാരം തിരഞ്ഞ കണ്ണുകൾ. വാക്കുകളുടെ പ്രസംഗ വൈദഗ്ദ്യമോ മൈക്കിനു മുന്നിലെ പെർഫോർമിങ്ങ് ആർട്ടോ ആയിരുന്നില്ല, ആ ദീനദയാലുത്വം. ഓരോ നിമിഷത്തിൻ്റെ കാഴ്ചയിലും കാരുണ്യത്തിൻ്റെ നിനവുകളും കരുതലുകളും ഒപ്പം കൊണ്ടു നടന്ന ആൾ. തികഞ്ഞ ആത്മീയ പുരുഷൻ. നിറഞ്ഞ ആദരവോടെ അങ്ങയെ ഓർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.