വിഴിഞ്ഞത്ത് ഡിസംബറിൽ കപ്പൽ അടുപ്പിക്കും -മന്ത്രി അഹമ്മദ് ദേവർകോവിൽ
text_fieldsന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കേന്ദ്രമന്ത്രിമാരായ സർബാനന്ദ സൊനോവാൾ, പങ്കജ് ചൗധരി എന്നിവർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഡിസംബറിൽ ആദ്യ കപ്പൽ വിഴിഞ്ഞത്ത് അടുക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തുറമുഖ വികസനത്തിനുള്ള സാഗർമാല പദ്ധതി മേൽനോട്ട സമിതി യോഗത്തിൽ മന്ത്രി പങ്കെടുത്തു. കേരളത്തിൽ ഫ്ലോട്ടിങ് ജെട്ടികൾ നിർമിക്കുന്നതിനുള്ള പദ്ധതികളും തയാറായിവരുന്നതായും ചെലവ് കേന്ദ്രം വഹിക്കുമെന്നും ഇന്നത്തെ യോഗത്തിൽ സർക്കാർ അറിയിച്ചതായി മന്ത്രി പറഞ്ഞു.
സാഗർമാല പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നടപ്പാക്കാനാണ് സർക്കാർ ആലോചന. ബേപ്പൂരിലെ ക്യാപിറ്റൽ ഡ്രെഡ്ജിങ് 3.5 മീറ്ററിൽനിന്ന് ആറു മീറ്ററാക്കി ഉയർത്തുന്ന 70 കോടി രൂപയുടെ പദ്ധതിക്ക് വിശദ പദ്ധതി റിപ്പോർട്ട് യോഗത്തിൽ മന്ത്രി സമർപ്പിച്ചു. ബേപ്പൂരിൽ 200 മീറ്റർ നീളത്തിൽ വാർഫ് നിർമിക്കുന്നതിന് 36 കോടിക്കുള്ള ഡി.പി.ആർ ചെന്നൈ ഐ.ഐ.ടി തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കൊല്ലത്ത് കപ്പൽ റിപ്പയർ യൂനിറ്റിന് േഫ്ലാട്ടിങ് ഡ്രൈ ഡോക്ക് നിർമിക്കാൻ ഡി.പി.ആർ തയാറായിവരുന്നു.പൊന്നാനി തുറമുഖ വികസനത്തിനും നീണ്ടകര, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ നിർമാണം പൂർത്തിയായ കെട്ടിടങ്ങളിൽ ഇന്ത്യൻ മാരിടൈം സർവകലാശാലയുടെ അംഗീകാരമുള്ള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കുന്നതിനും പദ്ധതി തയാറാക്കി. തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, വിഴിഞ്ഞം സീ പോർട്ട് മാനേജിങ് ഡയറക്ടർ ഗോപാലകൃഷ്ണൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.