കരകാണാ കടലല മേലേ....
text_fieldsമോഹത്തിന്റെ ഉരുവേറി കാറും കോളും നിറഞ്ഞ അറബിക്കടലിലൂടെ മരുഭൂമിക്കരയിലിറങ്ങി പ്രവാസ ചരിത്രം രചിച്ച മലയാളികൾ പിന്നീടങ്ങോട്ട് കടൽയാനങ്ങളെ മറന്നു. സമയവും സൗകര്യവുമുള്ള വിമാനയാത്ര വന്നതാണ് കാരണമെങ്കിൽ ലോകത്തെമ്പാടും യാത്രാകപ്പൽ സർവിസുകൾ ഇല്ലാതായിപ്പോകേണ്ടതല്ലേ? കൊല്ലുന്ന നിരക്കും ലഗേജ് നിയന്ത്രണവും വിമാനയാത്രാരംഗത്ത് പതിറ്റാണ്ടുകളായി തുടർന്നിട്ടും കേരളത്തിൽനിന്ന് അറേബ്യൻ കപ്പൽപാത നാം എന്തുകൊണ്ട് വീണ്ടും തുറന്നില്ല? പ്രവാസത്തിന്റെ അമ്പതാണ്ടു പിന്നിട്ടിട്ടും ചെലവു കുറഞ്ഞ ഈ യാത്രാമാർഗം ഇല്ലാതെപോയതെന്തുകൊണ്ട്? ഉത്തരമുണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ന് കേരള സർക്കാർ തുടക്കമിട്ടിരിക്കുന്ന ഗൾഫ് യാത്രാക്കപ്പൽ പദ്ധതി യാഥാർഥ്യമാകട്ടെയെന്ന് ആശംസിക്കാം, പ്രതീക്ഷിക്കാം.
ചർച്ചകളിൽ ഒതുങ്ങരുത്
വിശാലമായ കടലും അതിലൂടെ ചെലവുകുറഞ്ഞ സഞ്ചാരസാധ്യതയും മുന്നിലുണ്ടായിട്ടും ഗൾഫ് കപ്പൽ സർവിസുകളുടെ സാധ്യതകൾ കേരളത്തിൽ ചർച്ചകളിൽ മാത്രമായി ഒതുങ്ങി. ഏറെക്കാലമായി പ്രവാസി സംഘടനകളടക്കം ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്കുള്ള കപ്പൽ സർവിസിനെക്കുറിച്ച് നിരന്തരം ആവശ്യങ്ങളുന്നയിച്ചിരുന്നു. അനുയോജ്യമായ തുറമുഖങ്ങളും യാത്ര ചെയ്യാൻ ആളുമുള്ള കേരളത്തിൽ സർവിസ് നടത്താൻ കപ്പലിന്റെ കുറവുമാത്രമേയുള്ളൂ.
സംസ്ഥാന സർക്കാറിനു കീഴിലുള്ള കേരള മാരിടൈം ബോർഡ് കപ്പൽ സർവിസിനുള്ള പ്രാരംഭപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോൾ പ്രവാസിലോകം ഇതിനെ കാണുന്നത് ഏറെ പ്രതീക്ഷയോടെയാണ്. കടമ്പകൾ പലതുണ്ടെങ്കിലും ശ്രമങ്ങൾ ലക്ഷ്യം കാണുമെന്നുതന്നെ അവർ കരുതുന്നു.
താൽപര്യപത്രം ക്ഷണിച്ചു; ആക്ഷൻ പ്ലാൻ ഉടൻ
ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കപ്പൽ സർവിസിന് മാരിടൈംബോർഡ് ഓപറേറ്റർമാരിൽനിന്ന് താൽപര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. ഏപ്രിൽ 22 ആണ് ഇതിനുള്ള അവസാന തീയതി. താൽപര്യപത്രം പരിശോധിച്ചശേഷമാവും തുടർന്നുള്ള നടപടികളിലേക്ക് കടക്കുക.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുമായും ബന്ധപ്പെട്ട സർക്കാറിതര ഏജൻസികളുമായും ചർച്ച ചെയ്ത് ആക്ഷൻ പ്ലാൻ തയാറാക്കും. വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നും കേരളത്തിലേക്കും തിരിച്ചും പ്രതീക്ഷിക്കാവുന്ന യാത്രക്കാരുടെ എണ്ണം, സർവിസിന് ആവശ്യമായ കപ്പലിന്റെ വലുപ്പം, യാത്രക്ക് ആവശ്യമായ സമയം, കപ്പലിൽ ഒരുക്കേണ്ട സൗകര്യങ്ങൾ, യാത്രാനിരക്ക് തുടങ്ങിയവകൂടി പരിശോധിച്ചാവും ആക്ഷൻ പ്ലാനിന് രൂപം നൽകുക. പ്രവാസികളിൽ നിന്നും വിശദമായ വിവരശേഖരണവും നടത്തും.
കേരള സർക്കാർ നിയന്ത്രണത്തിലുള്ള കേരള മാരിടൈം ബോർഡാണ് കപ്പൽ സർവിസുമായ ബന്ധപ്പെട്ട പ്രാഥമിക സൗകര്യങ്ങളൊരുക്കുക. തുറമുഖങ്ങളുടെ ആഴംകൂട്ടൽ, മറ്റ് അടിസ്ഥാന സംവിധാനങ്ങൾ സജ്ജമാക്കൽ എന്നിവ ഇതിൽ പ്രധാനമാണ്. സർവിസുകളുടെ സമയമടക്കമുള്ള കാര്യങ്ങളിൽ കപ്പൽ സർവിസ് നടത്തിപ്പിന്റെ കരാർ ലഭിക്കുന്നവർക്ക് തീരുമാനമെടുക്കാം. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിലും സർക്കാറോ മാരിടൈം ബോർഡോ ഇടപെടില്ല. എന്നാൽ, യാത്രക്കാരുടെ സൗകര്യാർഥം ‘ബജറ്റ് ട്രാവൽ’ സാധ്യമാകണം.
ഇതോടൊപ്പം കൂടുതൽ സൗകര്യങ്ങളൊരുക്കി ‘പ്രീമിയം’ നിരക്കുമാവും. ആഡംബര, വിനോദസഞ്ചാര യാത്രകൾ എന്നതിനപ്പുറം പ്രവാസികൾക്ക് മിതമായ നിരക്കിൽ സഞ്ചരിക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യം പദ്ധതിക്കുണ്ട്. യാത്രാക്കപ്പൽ സർവിസുകൾ ആരംഭിച്ചാൽ യാത്രക്കൂലി ഇപ്പോഴത്തെ വിമാന നിരക്കിന്റെ പകുതിപോലും ആവില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വിമാനത്തിനേക്കാൾ ചെലവു കുറഞ്ഞ കാർഗോ സൗകര്യംകൂടി ലഭ്യമാവുന്നതോടെ വലിയൊരു ശതമാനം പേർ കപ്പൽ സർവിസുകളെ ആശ്രയിക്കുമെന്നാണ് കണക്കുകൂട്ടൽ.
വേണ്ടത് സെമി-ക്രൂസ് കപ്പലുകൾ
സാധാരണ യാത്രാകപ്പൽ സർവിസ് ഗൾഫ് രാജ്യങ്ങളിേലക്ക് ആരംഭിക്കുന്നത് വിജയകരമായിരിക്കില്ലെന്നാണ് വിലയിരുത്തൽ. ‘സെമി ക്രൂസ്’ സർവിസുകളാണ് വേണ്ടത്. നിലവിൽ കേരളത്തിൽനിന്നും ലക്ഷദ്വീപിലേക്കും അന്തമാനിൽനിന്നും കൊൽക്കത്തയിലേക്കും യാത്രാക്കപ്പലുകളുണ്ട്. മൂന്ന് ദിവസമെങ്കിലും യാത്ര വേണ്ടിവരുന്ന ഗൾഫ് യാത്രക്ക് ഇത്തരം പരിമിത സൗകര്യങ്ങളുള്ള കപ്പലുകൾ യാത്രക്കാർ തിരഞ്ഞെടുക്കില്ല.
സുഖകരമായ യാത്രക്കൊപ്പം ലഗേജ്കൂടി വഹിക്കാനാവുന്നവിധം കപ്പലുകൾ രൂപമാറ്റം വരുത്തേണ്ടിവരും. വിമാനത്തിൽ യാത്രക്കാരന് കൊണ്ടുപോകുന്ന ലഗേജിന്റെ മൂന്നിരട്ടിയിലേറെ കപ്പലിൽ അനുവദിക്കേണ്ടിവരും. വിമാനത്തെ അപേക്ഷിച്ച് കപ്പൽ സർവിസിൽ കാണുന്ന പ്രധാന ആകർഷണവും കൂടുതൽ ലഗേജുകൾ കൊണ്ടുപോകാമെന്നതാണ്.
പ്രതീക്ഷയോടെ കേരള തുറമുഖങ്ങൾ
ഗൾഫ് യാത്രാക്കപ്പലിനുള്ള നീക്കങ്ങളിൽ വലിയ പ്രതീക്ഷ വെക്കുകയാണ് കേരളത്തിലെ തുറമുഖങ്ങൾ. തുടക്കത്തിൽ വിഴിഞ്ഞം, കൊല്ലം, കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളാണ് കപ്പൽ സർവിസിന് പരിഗണിക്കുന്നതെങ്കിലും ഭാവിയിൽ മറ്റ് തുറമുഖങ്ങളുടെ വികസനത്തിനും കപ്പൽ സർവിസുകൾ തുടങ്ങാനായാൽ വഴിതെളിയും. മാരിടൈംബോർഡിന്റെ പട്ടികയിൽ 17 തുറമുഖങ്ങളാണുള്ളത്. ഇവയിൽ പലതും ഡ്രഡ്ജിങ്ങും അനുബന്ധ നിർമാണ പ്രവർത്തനങ്ങളും നടത്തി പ്രവർത്തനസജ്ജമാക്കേണ്ടതുണ്ട്.
വിമാന നിരക്ക് എട്ടിരട്ടിയിലേറെ വർധിപ്പിച്ച് കൊള്ള തുടരുന്നു
പഴയങ്ങാടി: പെരുന്നാളും വിഷുവും ഈസ്റ്ററും ചെലവഴിക്കാൻ വൻ തുക വിമാന യാത്രാ നിരക്കായി നൽകിയ ഗൾഫ് പ്രവാസികളുടെ തിരിച്ചുള്ള യാത്രാ നിരക്കും വർധിപ്പിച്ച് വിമാനക്കമ്പനികളുടെ ആകാശക്കൊള്ള.
സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിൽനിന്നും യു.എ.ഇ യാത്രാനിരക്കിൽ വൻ വർധനയാണുള്ളത്. ഏപ്രിൽ 30 നു മുമ്പ് യാത്ര ചെയ്യേണ്ടവർ ഏഴ് ഇരട്ടി അധിക നിരക്കാണ് നൽകേണ്ടത്.
മുൻകൂർ കൊള്ള
ജൂലൈ, ആഗസ്റ്റ് മാസം ഗൾഫിൽ വിദ്യാലയങ്ങളുടെ അവധിയും ബലിപെരുന്നാളും മുന്നിൽ കണ്ട് യു. എ.ഇയിൽനിന്ന് കേരളത്തിലേക്കുള്ള യാത്രാനിരക്കും ആഴ്ചകൾക്ക് മുമ്പേ വർധിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വർധന കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽനിന്ന് അബൂദബി, ദുബൈ സെക്ടറുകളിലേക്ക്. എന്നിട്ടും സീറ്റില്ല
പ്രവാസികൾക്ക് ഗുണകരമാവും -എൻ.എസ്. പിള്ള
വിമാന സർവിസുകളെ മാത്രം ആശ്രയിക്കുന്ന പ്രവാസികൾക്ക് ഏറെ ഗുണകരമായിരിക്കും കപ്പൽ സർവിസെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. ഏറെ പ്രതീക്ഷകളുള്ള ഒരു പദ്ധതിയുടെ ആദ്യഘട്ടത്തിലാണ് നാം. വിവിധ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ കേരളത്തിലെത്താൻ കഴിയുന്ന സർവിസാണ് കേരള സർക്കാരും മാരിടൈം ബോർഡും വിഭാവനം ചെയ്യുന്നത്. തിരക്കുള്ള സീസണുകളിൽ വിമാനനിരക്ക് കാര്യമായി കുറക്കാൻ കപ്പൽ സർവിസിലൂടെ കഴിയുമെന്ന് കരുതുന്നു.
ഇന്റര്‍നാഷനല്‍ മാരിടൈം സമ്മിറ്റ് മുംബൈയില്‍ നടന്നപ്പോള്‍ സംസ്ഥാനത്ത് നിന്നുള്ള അന്നത്തെ തുറമുഖ, ഗതാഗത മന്ത്രിമാര്‍ കേന്ദ്ര തുറമുഖ മന്ത്രിക്ക് കപ്പല്‍ സര്‍വിസിനായി നിവേദനം കൈമാറിയിരുന്നു. എം.പിമാരും ഇതിനായുള്ള ഇടപെടലുകള്‍ നടത്തി. മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന് കേന്ദ്ര തുറമുഖ വകുപ്പ് സെക്രട്ടറി സംസ്ഥാന പ്രതിനിധികളുമായി യോഗം നടത്തി. ഈ യോഗത്തില്‍ ഷിപ്പിങ് കോർപറേഷനും മാരിടൈം ബോര്‍ഡും ചേര്‍ന്ന് ഈ കപ്പല്‍ സര്‍വിസിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ ധാരണയായി. കപ്പൽ സർവിസ് പ്രാവർത്തികമാക്കുന്നതിൽ ഒരുപാട് സങ്കീര്‍ണതകളുണ്ട്. സംസ്ഥാന സര്‍ക്കാറിന് നേരിട്ട് ഏറ്റെടുത്ത് ചെയ്യാന്‍ കഴിയില്ല എന്നതാണ് പ്രധാനം. സ്വകാര്യ കമ്പനികളോ ഷിപ്പിങ് കമ്പനികളോ ചാര്‍ട്ടര്‍ ചെയ്ത് മുന്നോട്ടുവരണം. സാധാരണ വെറും യാത്രാക്കപ്പലായി മാത്രം ഓടിച്ചാല്‍ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞെന്നു വരില്ല. കാർഗോകൂടി മിതമായ നിരക്കിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ ലാഭകരമായേക്കും.
വിദേശ കമ്പനികളും വന്നേക്കാം
ഗൾഫിലേക്കുള്ള കപ്പൽ സർവിസിൽ വിദേശ കപ്പൽ സർവിസ് കമ്പനികളേയും മാരിടൈം ബോർഡ് പ്രതീക്ഷിക്കുന്നു. കപ്പൽ ഗതാഗത രംഗത്തെ സംയുക്ത സംരംഭങ്ങളെയും വിവിധ കമ്പനികളുടെ കൺസോർഷ്യത്തേയും പരിഗണിക്കുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ‘ഓപറേഷന്‍സ്’ പൂര്‍ണമായും കമ്പനികളുടെ സ്വാതന്ത്ര്യമായിരിക്കും.
വിനോദസഞ്ചാരമെന്ന നിലയിൽ ഇത്തരം കപ്പലുകളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരും ഉണ്ടാകാം. ഗൾഫ് സെക്ടറിലേക്കുള്ള കപ്പലുകളിലും സഞ്ചാരികളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.