ശ്രീഉണ്ണിയുടെ ഫോൺവിളി കാത്ത് കുടുംബം
text_fieldsഉദുമ/മുംബൈ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിൻ തീരത്തുനിന്ന് കാണാതായ ചരക്കു കപ്പലിൽനിന്ന് മകെൻറ ഫോൺവിളി പ്രതീക്ഷിച്ച് കാസർകോെട്ട കുടുംബം. ഉദുമയിൽ ഗ്യാസ് ഏജൻസി നടത്തുന്ന പെരിയവളപ്പിൽ അശോകെൻറയും ഉദുമ ഇസ്ലാമിയ എ.എൽ.പി സ്കൂൾ അധ്യാപിക ഇ. ഗീതയുടെയും മകൻ ശ്രീഉണ്ണിയാണ് (25) കപ്പലിലുള്ളത്.
കപ്പൽ കാണാതായ വിവരം കഴിഞ്ഞദിവസമാണ് വീട്ടുകാർക്ക് ലഭിച്ചത്. പാനമ രജിസ്ട്രേഷനുള്ള ‘എം.ടി മറൈൻ എക്സ്പ്രസ്’ എന്ന കപ്പലാണ് കാണാതായത്. മുംബൈ അന്ധേരി ഇൗസ്റ്റിലുള്ള ‘ആംേഗ്ലാ ഇൗസ്റ്റേൺ ഷിപ്മാനേജ്മെൻറ്’ എന്ന സ്ഥാപനം വഴി ജോലിക്ക് കയറിയ കപ്പലിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്. ശ്രീഉണ്ണിക്ക് പുറമെ കോഴിക്കോട് സ്വദേശിയും ഇതിലുണ്ടെന്നാണ് സൂചന. പെട്രോളിയം ഇന്ധനവുമായി പോകുകയായിരുന്ന കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചിയെന്നാണ് പ്രാഥമിക നിഗമനം.
അവധിക്ക് നാട്ടിൽ വന്ന് നാലുമാസം മുമ്പാണ് ഉണ്ണി തിരികെപോയത്. ജനുവരി 31ന് ഇയാൾ വീട്ടുകാരോട് ഫോണിലൂടെ സംസാരിച്ചിരുന്നു. നാലു വർഷമായി കപ്പൽ ജീവനക്കാരനാണ്. കപ്പലിലെ ജീവനക്കാരെ കണ്ടെത്തി രക്ഷപ്പെടുത്താൻ കേന്ദ്ര--സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് ഉണ്ണിയുടെ കുടുംബവും നാട്ടുകാരും ആവശ്യപ്പെട്ടു. ഉണ്ണിയുടെ ഫോൺവിളി പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. ബെനിൻ തീരത്തിനോടടുത്ത കടലിൽനിന്ന് അടുത്ത കാലത്തായി കാണാതാവുന്ന രണ്ടാമത്തെ കപ്പലാണിത്. ബെനിനിലെ കൊെട്ടാനൗ തീരത്ത് നങ്കൂരമിട്ടപ്പോഴാണ് മറൈൻ എക്സ്പ്രസിൽനിന്നുള്ള അവസാന സന്ദേശം ലഭിച്ചത്. ജനുവരി 31ന് ൈവകീട്ട് 6.30നായിരുന്നു ഇത്. പിറ്റേന്ന് പുലർച്ചെ കപ്പൽ ഉപഗ്രഹ സംവിധാനത്തിൽ ദൃശ്യമല്ലാതായി. കപ്പലിൽ ഏതാണ്ട് 52 കോടി വില വരുന്ന ഇന്ധനമുള്ളതായാണ് സ്ഥിരീകരിക്കാത്ത വിവരം. ഇന്ധനം മോഷ്ടിക്കാനോ ജീവനക്കാരെ ബന്ദികളാക്കി വിലപേശൽ നടത്താനോ കപ്പൽ തട്ടിയെടുത്തതാകുമെന്ന് കപ്പൽ വ്യവസായ മേഖലയിലെ ഉന്നതവൃത്തങ്ങൾ അഭിപ്രായപ്പെട്ടു.
കപ്പൽ കണ്ടെത്താൻ നടപടി ആവശ്യപ്പെട്ട് ഡയറക്ടർ ജനറൽ ഒാഫ് ഷിപ്പിങ് (ഡി.ജി.എസ്), ഷിപ്പിങ് മന്ത്രാലയം എന്നീ കേന്ദ്രങ്ങൾ നൈജീരിയ, ബെനിൻ അധികൃതരെ സമീപിച്ചിട്ടുണ്ട്. കപ്പൽ കാണാതായ വിവരം ഡി.ജി.എസ് ഡയറക്ടർ ജനറൽ ബി.ആർ. ശേഖർ സ്ഥിരീകരിച്ചു. കപ്പൽ കണ്ടെത്തി ജീവനക്കാരുമായി സംസാരിക്കുന്നതുവരെ എന്താണ് സംഭവിച്ചതെന്ന് പറയാനാകില്ലെന്ന് നൈജീരിയയിലെ ഇന്ത്യൻ ഹൈകമീഷൻ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ ജനുവരി ഒമ്പതിനാണ് ഇതേ മേഖലയിൽ എം.ടി ബാരറ്റ് എന്ന കപ്പൽ കാണാതായത്. 22 ജീവനക്കാരുള്ള ഇൗ കപ്പൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ആറു ദിവസത്തിനു ശേഷം മോചനദ്രവ്യം നൽകിയാണ് വിട്ടുകിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.