കപ്പൽ അറ്റകുറ്റപ്പണി: കൊച്ചിയെ ഒന്നാമതാക്കും -പ്രധാനമന്ത്രി
text_fieldsകൊച്ചി: വികസന മുന്നേറ്റത്തിൽ ആഗോള വ്യാപാരത്തിന്‍റെ പ്രധാന കേന്ദ്രമായി രാജ്യം മാറുകയാണെന്നും ഈ ഘട്ടത്തിൽ തുറമുഖങ്ങൾക്കും നിർണായക പങ്കുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരമൊരു സാഹചര്യത്തിൽ കൊച്ചിപോലെ തുറമുഖ നഗരങ്ങളുടെ കരുത്ത് വർധിപ്പിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കപ്പൽ അറ്റകുറ്റപ്പണിക്കുള്ള ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ കേന്ദ്രമായി കൊച്ചിയെ മാറ്റും. കൊച്ചിൻ കപ്പൽ നിർമാണ ശാലയിൽ പുതിയ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്ക്, പുതുവൈപ്പിൽ ഐ.ഒ.സിയുടെ എൽ.പി.ജി ഇറക്കുമതി ടെർമിനൽ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തുറമുഖശേഷിയിലെ വർധന, തുറമുഖ അടിസ്ഥാനസൗകര്യങ്ങളിലെ നിക്ഷേപം, സാഗർമാല പദ്ധതിക്കുകീഴിലെ തുറമുഖങ്ങളുടെ മെച്ചപ്പെട്ട സമ്പർക്കസൗകര്യം എന്നിവ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കപ്പൽ നിർമാണം അടക്കം മറ്റ് പദ്ധതികളും കേരളത്തിന്‍റെയും രാജ്യത്തിന്‍റെ തെക്കൻ മേഖലയുടെയും വികസനത്തിന് ആക്കം കൂട്ടും. ‘മെയ്ഡ് ഇൻ ഇന്ത്യ’ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് കൊച്ചി കപ്പൽശാലയിലാണ് നിർമിച്ചത്. കൂടുതൽ സൗകര്യങ്ങൾ കപ്പൽശാലയുടെ ശേഷി പലമടങ്ങ് വർധിപ്പിക്കും. പുതിയ എൽ.പി.ജി ഇറക്കുമതി ടെർമിനൽ കൊച്ചി, കോയമ്പത്തൂർ, ഈറോഡ്, സേലം, കോഴിക്കോട്, മധുര, ട്രിച്ചി എന്നിവിടങ്ങളിലെ എൽ.പി.ജി ആവശ്യങ്ങൾ നിറവേറ്റാൻ സഹായകമാകും.
കൊച്ചി കപ്പൽശാലയുടെ ഹരിത സാങ്കേതികവിദ്യാശേഷിയുടെ മുൻനിര സ്ഥാനവും ‘മേക്ക് ഇൻ ഇന്ത്യ’ കപ്പലുകൾ നിർമിക്കുന്നതിൽ അതിന്‍റെ പ്രാമുഖ്യവും പ്രധാനമന്ത്രി പരാമർശിച്ചു. കൊച്ചി ജലമെട്രോക്കായി ഇലക്ട്രിക് ബോട്ടുകൾ നിർമിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. അയോധ്യ, വാരാണസി, മഥുര, ഗുവാഹതി എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി ഹൈബ്രിഡ് യാത്രാബോട്ടുകൾ ഇവിടെ നിർമിക്കുന്നു. രാജ്യത്തെ നഗരങ്ങളിലെ ആധുനികവും ഹരിതാഭവുമായ ജലസമ്പർക്ക സൗകര്യങ്ങളിൽ കൊച്ചി കപ്പൽശാല പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ഹൈഡ്രജൻ ഇന്ധന അധിഷ്ഠിത ഗതാഗതത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനുള്ള നമ്മുടെ ദൗത്യം കൂടുതൽ ശക്തിപ്പെടുത്തുകയാണ് കൊച്ചി കപ്പൽശാല. പുതിയ ഡ്രൈഡോക്ക് ദേശീയ അഭിമാനമാണ്. ഇതു വലിയ കപ്പലുകളെ നങ്കൂരമിടാൻ പ്രാപ്തമാക്കുക മാത്രമല്ല, കപ്പൽനിർമാണവും അറ്റകുറ്റപ്പണികളും ഇവിടെ സാധ്യമാക്കുകയും ചെയ്യും. ഇത് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറക്കുമെന്നും കൂടുതൽ വിദേശനാണ്യം നേടിത്തരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ് സോനോവാള്‍, വി. മുരളീധരന്‍, ഹൈബി ഈഡൻ എം.പി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.