ഹജ്ജ് യാത്രക്ക് കപ്പൽ സർവിസ്: 'സുരക്ഷ'യിൽ തട്ടി നീളുന്നു
text_fieldsകരിപ്പൂർ: ഹജ്ജ് യാത്രക്ക് കപ്പൽ സർവിസ് ആരംഭിക്കുന്നത് യാത്രക്കാരുടെ സുരക്ഷയിൽ 'തട്ടി' നീളുന്നു. 2018 ലെ ഹജ്ജ് നയത്തിലാണ് യാത്ര ചെലവ് കുറക്കുന്നതിനായി കപ്പൽ സർവിസ് പരിഗണിക്കണമെന്ന കർശന നിർദേശം മുന്നോട്ട് വെച്ചത്. ഇതിനായി കേന്ദ്ര സർക്കാർ നടപടികൾ ആരംഭിക്കുകയും ചെയ്തു.എന്നാൽ, കടൽക്കൊള്ളക്കാരുടെ അടക്കം സുരക്ഷ ഭീഷണിയുള്ളതിനാൽ നടപടിയിൽ നിന്നും കേന്ദ്രം താൽക്കാലികമായി പിന്നോട്ട് പോവുകയായിരുന്നു. കൂടാതെ, കപ്പൽ കമ്പനികളും താൽപ്പര്യം പ്രകടിപ്പിച്ചില്ല.
കൂടുതൽ യാത്രക്കാരെ ഒരുമിച്ച് കൊണ്ടുപോകുമ്പോഴുള്ള സുരക്ഷ പ്രശ്നവും യാത്രാ ചെലവുമാണ് കമ്പനികളെ പിന്നോട്ട് അടുപ്പിച്ചത്. ചരക്കുനീക്കത്തിന് കപ്പൽ കമ്പനികൾ പ്രാമുഖ്യം നൽകുന്നതും തിരിച്ചടിയായി. വിമാനടിക്കറ്റ് നിരക്കിലെ വൻവർധനവും യാത്രനിരക്കിനുള്ള സബ്സിഡി പിൻവലിച്ചതിനെ തുടർന്നുമാണ് തീർഥാടകർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യുന്നതിനായി കപ്പൽ സർവിസ് ആരംഭിക്കാൻ കേന്ദ്രം തീരുമാനിച്ചത്. ഹജ്ജ് നയ പുനരവലോകന സമിതിയും ഇത് നിർദേശിച്ചിരുന്നു.
നേരത്തെ, ഇന്ത്യയിൽ നിന്നും ഹജ്ജിന് കപ്പൽ സർവിസുണ്ടായിരുന്നെങ്കിലും 1994 ൽ അവസാനിപ്പിക്കുകയായിരുന്നു. ഹജ്ജ് നയ സമിതി നിർദേശം വീണ്ടും മുന്നോട്ട് വെച്ചതിന്റെ അടിസ്ഥാനത്തിൽ 2018 മേയിൽ കേന്ദ്ര സർക്കാർ കമ്പനികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷത്തേക്ക് സർവിസ് നടത്തുന്നതിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയമാണ് അപേക്ഷ ക്ഷണിച്ചത്.
മുംബൈയിൽ നിന്നും ജിദ്ദയിലേക്ക് സർവിസ് നടത്തുന്നതിനായിരുന്നു പദ്ധതി. കപ്പൽ സർവിസ് ആരംഭിക്കുന്നതിന് സൗദി അറേബ്യയും ഇന്ത്യക്ക് അനുമതി നൽകിയിരുന്നു.4,000 - 4,500 തീർഥാടകരെ ഒരുമിച്ചു കൊണ്ടുപോകുന്നതിനായിരുന്നു പദ്ധതി. നിലവിൽ വിമാനയാത്രക്ക് ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. കപ്പൽ സർവിസ് തുടങ്ങിയാൽ ഈ പ്രശ്നത്തിന് പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.