Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മോന്റെ ലോറിയും...

‘മോന്റെ ലോറിയും കളിപ്പാട്ടങ്ങളും മൊബൈലും...’ അർജുന്റെ ലോറിയിൽ കരളുരുകുന്ന കാഴ്ചകൾ

text_fields
bookmark_border
‘മോന്റെ ലോറിയും കളിപ്പാട്ടങ്ങളും മൊബൈലും...’  അർജുന്റെ ലോറിയിൽ കരളുരുകുന്ന കാഴ്ചകൾ
cancel

ഷിരൂർ: ഗംഗാവാലി പുഴയിൽ മണ്ണിടിച്ചിലിൽ അക​പ്പെട്ട അർജുന്റെ ലോറിയിൽനിന്ന് കണ്ടെത്തിയ വസ്തുക്കൾ കണ്ട് കൂടിനിന്നവരുടെ ഉള്ളം തകർന്നു. വീട്ടിൽ മോന്റെ കൂടെ കളിക്കാൻ ഉപയോഗിക്കുന്ന ലോറിയും കളിപ്പാട്ടങ്ങളും വസ്ത്രവും മൊബൈലും കാബിനിൽനിന്ന് കണ്ടെടുത്തു. കുട്ടിയോടൊപ്പം കളിച്ച ശേഷം ഈ കളിപ്പാട്ടം അർജുൻ ലോറിയിൽ തന്നെ സൂക്ഷിക്കുകയായിരുന്നു പതിവ്. അർജുൻ ഉപയോഗിച്ച രണ്ട് മൊബൈലും വാച്ചുകളും ലോറിയുടെ കാബിനിൽനിന്ന് ലഭിച്ചു. ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങളും ഉപകരണങ്ങളും ഒക്കെ ലോറിയിൽ തന്നെ ഉണ്ടായിരുന്നു.

ജൂലൈ 16നാണ് കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ-കന്യാകുമാരി ദേശീയപാത 66ൽ ഉത്തര കന്നട ജില്ലയിലെ അങ്കോളയിലെ ഷിരൂരിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുനും ലോറിയും അപകടത്തിൽപ്പെട്ടത്. 11 പേരെ കാണാതായി. ബെളഗാവിയിലെ രാനഗറിലുള്ള ഡിപ്പോയിൽനിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രക്കിടെയാണ് അർജുൻ അപകടത്തിൽപ്പെട്ടത്.

ജൂലൈ 19ന് കേരള മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികൾ കർണാടക സർക്കാറുമായി ബന്ധപ്പെട്ടതിനുശേഷം ദേശീയപാതയിൽ അടിഞ്ഞ മണ്ണ് നീക്കുന്ന പ്രവൃത്തി തുടങ്ങി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരം എ.ഡി.ജി.പി ആർ. ഹിതേന്ദ്ര സംഭവസ്ഥലത്തേക്ക് തിരിച്ചു. അർജുന്റെ മാതാവ് ഷീല, ഭാര്യ കൃഷ്ണപ്രിയ, സഹോദരി അഞ്ജു എന്നിവർ കോഴിക്കോട് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്ങിനെ സഹായാഭ്യർഥനയുമായി സമീപിച്ചു.

ജൂലൈ 20ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ എം.കെ. രാഘവൻ എം.പി ബന്ധപ്പെട്ടു. അപകടസ്ഥലത്ത് ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (ജി.പി.ആർ) ഉപയോഗിച്ചുള്ള പരിശോധന. വലിയ ലൈറ്റുകൾ ഉപയോഗിച്ച് രാത്രി വൈകിയും രക്ഷാപ്രവർത്തനം. ജി.പി.ആർ ഉപയോഗിച്ച് സൂറത്കൽ എൻ.ഐ.ടിയിൽനിന്നുള്ള മലയാളികൾ അടങ്ങുന്ന സംഘം കരയിലും ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്) ഗംഗാവാലി നദിയിലും തിരച്ചിൽ നടത്തി.

ജൂലൈ 22ന് റോഡിലെ മൺകൂനയിൽ 98 ശതമാനവും നീക്കി കരയിലെ തിരച്ചിൽ അവസാനിപ്പിച്ചു. സൈന്യത്തിന്റെ അത്യാധുനിക റഡാർ സംവിധാനമായ ഫെറക്സ് ലൊക്കേറ്റർ 120, ഡീപ് സെർച്ച് മൈൻ ഡിറ്റക്ഷൻ എന്നിവ ഉപയോഗിച്ച് കരയിൽ കരസേനയും ഗംഗാവാലി പുഴയിൽ നാവികസേനയിലെ സ്കൂബ ഡൈവിങ് സംഘവും തിരച്ചിൽ നടത്തി.

ജൂലൈ 24 ന് ലോറി കണ്ടെത്തിയതായി ഉത്തര കന്നഡ ജില്ല ഡെപ്യൂട്ടി കമീഷണർ ലക്ഷ്മിപ്രിയ മാധ്യമങ്ങളെ അറിയിച്ചു. നദിയിൽ രൂപപ്പെട്ട മൺകൂനക്കടിയിൽ ലോറി കണ്ടെത്തിയതായി കേരള ചീഫ് സെക്രട്ടറിയെ കർണാടക ചീഫ് സെക്രട്ടറി അറിയിച്ചു.

ജൂലൈ 27ന് ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള മുങ്ങൽ വിദഗ്ധരെത്തി തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. ലോറിയുടെ സാന്നിധ്യംപോലും തിരിച്ചറിഞ്ഞില്ല. രാജസ്ഥാനിൽനിന്ന് അതിവിദഗ്ധരായ സ്കൂബ ഡൈവർമാരെ കൊണ്ടുവരാനും ഗോവയിൽനിന്ന് മണ്ണുനീക്കൽ യന്ത്രം കൊണ്ടുവരാനുമുള്ള തീരുമാനം നടപ്പായില്ല. ഇതിൽ മന്ത്രി മുഹമ്മദ് റിയാസ് ഡെപ്യൂട്ടി കമീഷണർ ലക്ഷ്മിപ്രിയയെ പ്രതിഷേധം അറിയിച്ചു.

ജൂലൈ 28ന് നാവികസേന ഷിരൂരിൽനിന്ന് ഏതാണ്ട് കളമൊഴിഞ്ഞു. തിരച്ചിൽ താൽക്കാലികമായി നിർത്തി.

ആഗസ്റ്റ് 2ന് കർണാടകം കൈയൊഴിഞ്ഞ ദൗത്യത്തിൽനിന്ന് കേരളവും പിന്മാറി. ഷിരൂർ സന്ദർശിച്ച കേരള കാർഷിക സർവകലാശാലയുടെ സാങ്കേതിക വിഭാഗം ദൗത്യം വിജയിപ്പിക്കാനാവില്ലെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ട് തൃശൂർ ജില്ല ദുരന്തനിവാരണ സമിതി അധ്യക്ഷൻ കൂടിയായ കലക്ടർക്ക് കൈമാറി.

ആഗസ്റ്റ് 4ന് തിരച്ചിൽ തുടരണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. കർണാടക ഹൈകോടതി വിഷയത്തിൽ ഇടപെട്ടു. കാണാതായവർക്കായി തിരച്ചിൽ തുടരുമെന്ന് കർണാടക സർക്കാർ ഹൈകോടതിയെ അറിയിച്ചു.

ആഗസ്റ്റ് 6ന് ഷിരൂർ കടലിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ആരുടേതാണെന്ന് മനസ്സിലായിട്ടില്ല. മണ്ണിടിച്ചിലിൽ മലയാളി ഡ്രൈവർ അർജുൻ അടക്കം മൂന്നുപേരെ കാണാതായ ഷിരൂർ അങ്കോളയിൽനിന്ന് ആറ് കിലോമീറ്റർ അകലെ ആകനാശിനി ബാഡയിലാണ് മൃതദേഹം കണ്ടത്.

ആഗസ്റ്റ് 13ന് തിരച്ചിൽ പുനരാരംഭിച്ചു. ഈശ്വർ മൽപെ നടത്തിയ തിരച്ചിലിൽ അർജുൻ സഞ്ചരിച്ച ലോറിയിലെ ഹൈഡ്രോളിക് ജാക്കിയും ഒപ്പം അപകടത്തിൽപെട്ട ടാങ്കറിലെ രണ്ടു ഭാഗങ്ങളും കണ്ടെടുത്തു.

ആഗസ്റ്റ് 14ന് പുഴയിൽനിന്ന് ലോറിയിലെ കയറും വാഹനങ്ങളുടെ ലോഹഭാഗങ്ങളും വീണ്ടെടുത്തു. തിരച്ചിലിൽ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും സംഘവും, നാവികസേന, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പ്രകൃതി ദുരന്ത നിവാരണ സേന എന്നിവർ പങ്കാളികളായി.

ആഗസ്റ്റ് 15ന് തിരച്ചിൽ തൽക്കാലത്തേക്ക് നിർത്തി. ഇനി ഡ്രഡ്ജർ ഉപയോഗിച്ച് തിരച്ചിൽ.

സെപ്റ്റംബർ 21ന് മൂന്നാമത്തെ തിരച്ചിൽ ദൗത്യം ആരംഭിച്ചു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ പുറത്തെടുത്ത കാബിനും ടയറുകളും അര്‍ജുൻ ഓടിച്ചിരുന്ന ലോറിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. ക്രെയിനിൽ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ചാണ് രണ്ടു ടയറുകളും കാബിനും പുറത്തെടുത്തത്.

സെപ്റ്റംബർ 25ന് അർജുന്റെ ലോറി ഗംഗാവലി പുഴയിൽനിന്ന് കണ്ടെത്തി. ലോറിയുടെ കാബിനിൽ മൃതദേഹവും ലഭിച്ചു. ഡി.എൻ.എ പരിശോധനയിൽ മാത്രമാണ് ഇത് ആരുടേതാണെന്ന് സ്ഥിരീകരിക്കാനാവൂ. കാണാതായി 72ാം ദിവസമാണ് ലോറിയും മൃതദേഹവും പുഴയിൽനിന്ന് കണ്ടെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala NewsAnkola LandslideArjun missing
News Summary - shirur ankola landslide arjun lorry missing found
Next Story