ഷിരൂർ: ഈശ്വർ മാൽപെയുടെ തിരച്ചിലിൽ വീണ്ടും ലോഹഭാഗം കണ്ടെത്തി; കണ്ടെത്തിയത് ടാങ്കർ ലോറിയുടെ ഷാക്കിൾ സ്ക്രൂ പിൻ
text_fieldsഷിരൂർ: മലയാളി ഡ്രൈവർ അർജുനെ കാണാതായ ഗംഗാവാലി പുഴയിൽ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ വീണ്ടും ലോഹഭാഗം കണ്ടെത്തി. ടാങ്കർ ലോറിയുടെ ഷാക്കിൾ സ്ക്രൂ പിൻ ആണ് കണ്ടെത്തിയത്.
ഇന്നലെ ഓയിൽ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് ഇന്ന് രാവിലെ നടത്തിയ തിരിച്ചിലിലാണ് ലോഹഭാഗം കണ്ടെത്തിയത്. അർജുൻ ഓടിച്ച ലോറിയുടെ ലോഹഭാഗമല്ല കണ്ടെത്തിയതെന്ന് ലോറി ഉടമ മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ ഈശ്വർ മാൽപെ നടത്തിയ തിരച്ചിലിൽ അർജുൻ സഞ്ചരിച്ച ലോറിയിലെ ഹൈഡ്രോളിക് ജാക്കിയും ഒപ്പം അപകടത്തിൽപെട്ട ടാങ്കറിലെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഒരു മണിക്കൂർ നടത്തിയ തിരച്ചിലിനിടെ മൂന്ന് വസ്തുക്കളാണ് പുഴക്കടിയിൽ നിന്ന് വീണ്ടെടുത്തത്.
കരയിൽ നിന്ന് 100 അടി അകലെ 35 മീറ്റർ ആഴത്തിൽ നിന്നാണ് ജാക്കി കണ്ടെത്തിയത്. ജാക്കി അർജുൻ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് വാഹന ഉടമ മനാഫ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
മലയാളി ഡ്രൈവർ അർജുനെ കാണാതായ ഗംഗാവാലി പുഴയിൽ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലാണ് രാവിലെ തിരച്ചിൽ തുടങ്ങിയത്. പുഴയിൽ ഇറങ്ങാനുള്ള ജില്ല ഭരണകൂടത്തിന്‍റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് മാൽപെ പുഴയിലിറങ്ങിയത്. നാവികസേനയുടെ ഡൈവിങ് സംഘവും തിരച്ചിൽ നടത്തും.
തിരച്ചിലിനായി 25 അംഗ സംസ്ഥാന ദുരന്ത നിവാരണസേനയും ഷിരൂരിലെത്തിയിട്ടുണ്ട്. നിരീക്ഷണത്തിനായി കരസേനയുടെ ഹെലികോപ്റ്ററും ഉപയോഗിക്കും. ഉത്തര കന്നട ജില്ല കലക്ടർ ലക്ഷ്മി പ്രിയയും എസ്.പിയും ഉടൻ സ്ഥലത്തെത്തും.
ഗംഗാവാലി പുഴയിൽ ഡീസൽ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്താണ് ആദ്യം പരിശോധിക്കുകയെന്ന് ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉച്ചക്ക് ശേഷം കൂടുതൽ ഡൈവർമാർ തിരച്ചലിന്‍റെ ഭാഗമാകും. പുഴയിലെ ഒഴുക്ക് കുറഞ്ഞത് ഗുണകരമെന്നും മാൽപെ ചൂണ്ടിക്കാട്ടി.
സോണാർ പരിശോധനയിൽ തിരിച്ചറിഞ്ഞ സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുക എന്ന് ഡിഫൻസ് പി.ആർ.ഒ അതുൽപിള്ളയും വ്യക്തമാക്കി. നാവികസേനയുടെ ഡൈവിങ് സംഘം തിരച്ചിൽ നടത്തുമെന്നും പി.ആർ.ഒ അറിയിച്ചു.
ഉത്തര കന്നട ജില്ലയിലെ ഷിരൂർ അങ്കോള ദേശീയ പാതയിൽ ജൂലൈ 16ന് മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി ലോറി ഡ്രൈവർ അർജുൻ, തമിഴ്നാട് സ്വദേശിയായ ടാങ്കർ ഡ്രൈവർ ലോകേഷ്, ജഗന്നാഥ് എന്നീ മൂന്നു പേരെയും ലോറിയെയും കണ്ടെത്താനാണ് ഇന്നലെ തിരച്ചിൽ പുനരാരംഭിച്ചത്. തിരച്ചിൽ കോഓഡിനേറ്റ് ചെയ്യാൻ കാർവാർ എം.എൽ.എ സതീഷ് സെയ്‍ലും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.