ശിവശങ്കർ, ബിനീഷ്: 'പ്രതിക്കൂട്ടി'ൽ ഭരണവും പാർട്ടിയും
text_fieldsതിരുവനന്തപുരം: 24 മണിക്കൂറിനുള്ളിൽ സ്വർണക്കടത്ത് കേസിലും ബംഗളൂരു ലഹരികടത്ത് കേസിലും കേന്ദ്ര ഏജൻസി നടത്തിയ അറസ്റ്റുകളോടെ 'പ്രതിക്കൂട്ടി'ലായത് ഭരണവും സി.പി.എമ്മും. കേരള സി.പി.എമ്മിെൻറ ഏറ്റവും ഉന്നതരായ രണ്ട് നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ കസ്റ്റഡിയിലെന്നത് നിസ്സാരമല്ല.
പി.ബി അംഗങ്ങൾ കൂടിയായ മുഖ്യമന്ത്രിയിലേക്കും പാർട്ടി സെക്രട്ടറിയിലേക്കും രാഷ്ട്രീയവും ധാർമികവുമായ ചോദ്യങ്ങൾ നീളുന്നത് ദേശീയതലത്തിലും സി.പി.എമ്മിന് ക്ഷീണമാണ്. 'പരിക്ക് പറ്റിയില്ലെന്ന്' പുറമേക്ക് നടിക്കുേമ്പാഴും സി.പി.എം- എൽ.ഡി.എഫ് നേതൃത്വത്തിന് തെരഞ്ഞെടുപ്പ് കാലത്ത് ഇത് സമ്മാനിക്കുന്ന ആശങ്കകൾ ചെറുതല്ല. ഭരണത്തിെൻറ അവസാനകാലത്ത് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഒരുപോലെ പ്രതിരോധത്തിലാകുന്ന അപൂർവ അവസരം പരമാവധി ഉപയോഗിക്കാൻ പ്രതിപക്ഷം നീക്കം ശക്തമാക്കിയതോടെ സംസ്ഥാന രാഷ്ട്രീയം വീണ്ടും കലങ്ങുകയാണ്.
മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായിരുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അറസ്റ്റിലായത്. ഉപ്പ് തിന്നവൻ വെള്ളം കുടിക്കും, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും, രക്ഷിക്കാൻ സർക്കാർ ഇടപെടില്ല തുടങ്ങി ഇതുവരെ പറഞ്ഞ ന്യായീകരണങ്ങൾ പൊതുസമൂഹത്തിൽ തുടർന്നും എത്രത്തോളം വിശ്വാസ്യത സൃഷ്ടിക്കാൻ പ്രാപ്തമാണെന്നതിെൻറ പരീക്ഷണഘട്ടം കൂടിയാണ് വരുന്നത്.
ശിവശങ്കർ അറസ്റ്റിലായതോടെ മുഖ്യമന്ത്രിയുടെ ഒാഫിസിൽ ഉന്നത ചുമതല വഹിച്ച് അദ്ദേഹമുണ്ടാക്കിയ അവിശുദ്ധ ബന്ധവും ക്രമരഹിത നടപടികളും കൂടിയാണ് വീണ്ടും ചർച്ചയാകുന്നത്. രണ്ടാമത്തെ ഘടകകക്ഷിയുടെ മുന്നറിയിപ്പ് അവഗണിച്ച് മുഖ്യമന്ത്രി നൽകിയ സ്വാതന്ത്ര്യവും അമിത വിശ്വാസവുമാണ് സർക്കാറിനെ പ്രതിച്ഛായ തകർച്ചയിലേക്ക് നയിച്ചതെന്ന ആരോപണം പ്രതിരോധിക്കാൻ സാേങ്കതിക ന്യായീകരണം പോരാതെവരും. ആരോപണ മുൾമുനയിൽ നിൽക്കുേമ്പാഴും മുഖ്യമന്ത്രിക്ക് പൊളിറ്റിക്കൽ സെക്രട്ടറിയെ നിയോഗിക്കാൻ കഴിയാതെ സി.പി.എം നേതൃത്വം നിസ്സഹായതയിലാണ്. പാർട്ടി സംവിധാനത്തിെൻറ പിടിയിൽനിന്ന് വിട്ടുപോയ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതിലെ പിഴവിൽ മുന്നണി നേതൃത്വത്തിൽതന്നെ മുറുമുറുപ്പുണ്ട്. ശിവശങ്കറിനെ തള്ളിപ്പറഞ്ഞ് ഉറച്ചുനിൽക്കാനാണ് സി.പി.എം തീരുമാനം. ദേശീയനേതൃത്വവും ഒപ്പമുണ്ടെന്നതാണ് ഏക ആശ്വാസം. പക്ഷേ, ജനവിധിയെന്ന വെല്ലുവിളിയാണ് മുന്നിൽ.
സി.പി.എം നേതാക്കളുടെ കുടുംബാംഗങ്ങൾ ആരോപണത്തിൽ വരുന്നത് ആദ്യമല്ലെങ്കിലും ലഹരിമരുന്ന് കേസ് പ്രതിയുമായുള്ള സാമ്പത്തിക ബന്ധ ആരോപണത്തിൽ അറസ്റ്റിലാകുന്നത് ഇതാദ്യം. മകന് തെറ്റ് പറ്റിയാൽ തൂക്കിക്കൊന്നോെട്ട എന്ന വാദം ഉയർത്തിയാണ് ഇതുവരെ കോടിയേരി ബാലകൃഷ്ണൻ പ്രതിരോധിച്ചത്. മക്കളുമായി ബന്ധപ്പെട്ട ആക്ഷേപം കോടിയേരിയെയും സി.പി.എമ്മിനെയും വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ആദ്യമല്ല. ഇതുവരെ അവരെ തിരുത്താൻ കഴിയാത്തത് എന്തുകൊെണ്ടന്ന പൊതുസമൂഹത്തിലെ ചോദ്യമാകും തെരഞ്ഞെടുപ്പുകളിലടക്കം വെല്ലുവിളിയാകുക.
നേതൃത്വം പറയുന്നപോലെ ഒരു ഉദ്യോഗസ്ഥനും സ്വകാര്യവ്യക്തിയുമല്ല ഭരണവും പാർട്ടിയുമാണ് പ്രതിക്കൂട്ടിലായതെന്ന ആക്ഷേപമാകും സി.പി.എമ്മിനെ വേട്ടയാടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.