മോഹൻലാലിനൊപ്പം ശബരിമല കയറിയ എസ്.എച്ച്.ഒക്ക് സ്ഥലംമാറ്റം, കാരണംകാണിക്കൽ നോട്ടീസ്
text_fieldsപത്തനംതിട്ട: നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയ പൊലീസുകാരന് സ്ഥലംമാറ്റവും കാരണം കാണിക്കൽ നോട്ടിസും. തിരുവല്ല എസ്.എച്ച്.ഒ ആയിരുന്ന ബി. സുനിൽ കൃഷ്ണനെതിരെയാണ് നടപടി. തിരുവല്ല ഡി.വൈ.എസ്.പിയാണ് വിശദീകരണം തേടിയത്.
ശബരിമല കയറിയതിന്‍റെ പിറ്റേന്ന് എസ്.എച്ച്.ഒയെ സ്ഥലം മാറ്റിയിരുന്നു. തുടർന്ന് തിരുവല്ല ഡി.വൈ.എസ്.പി സംഭവത്തിൽ വിശദീകരണം തേടുകയായിരുന്നു.
മോഹൻലാലിനൊപ്പം മലകയറുന്നു എന്ന വിവരം ബോധപൂർവം മറച്ചുവെച്ച്, ശബരിമലയിൽ പോകാൻ ദീർഘകാലമായി ആഗ്രഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.എച്ച്.ഒ അനുമതി തേടിയത് എന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. വസ്തുതകൾ ബോധപൂർവം മറച്ചുവെച്ചതിനാണ് നടപടിയെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
മാർച്ച് 18 ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നടൻ മോഹൻലാൽ ശബരിമല ദര്‍ശനത്തിനായി എത്തിയത്. ഗണപതി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ചായിരുന്നു മലകയറിയത്. തന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മാത്രമല്ല, മമ്മൂട്ടിയുടെ പേരിൽ അദ്ദേഹം ഉഷപൂജ നടത്തി. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്നെഴുതിയ ശീട്ടിന്‍റെ ചിത്രം പുറത്തുവരികയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വാർത്തയാകുകയും ചെയ്തിരുന്നു. എമ്പുരാൻ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.