ശോഭീന്ദ്രൻ മാസ്റ്റർ: മനുഷ്യരെ കരുതി മൃഗങ്ങൾക്കുവേണ്ടിയും...
text_fieldsകോഴിക്കോട്: കാടിനോടു ചേർന്ന അതിർത്തി ഗ്രാമങ്ങളിലെല്ലാം മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം ദിനംപ്രതി വാർത്തകളാകുന്ന ഇക്കാലത്തിനും കാൽനൂറ്റാണ്ടു മുമ്പെങ്കിലും ഇക്കാര്യം മുൻകൂട്ടി കണ്ടയാളായിരുന്നു പച്ചമനുഷ്യനായ ശോഭീന്ദ്രൻ മാസ്റ്റർ. വയനാട് ജില്ലയിൽ മനുഷ്യ-മൃഗ സംഘർഷം ഒഴിവാക്കാൻകൂടിയുള്ളതായിരുന്നു തൊണ്ണൂറുകളുടെ അവസാന വർഷങ്ങളിൽ മാഷുടെ നേതൃത്വത്തിൽ നടന്ന സാമൂതിരി ഗുരുവായൂരപ്പൻ കോളജിലെ എൻ.എസ്.എസ് ക്യാമ്പുകളത്രയും.
കോഴിക്കോടുനിന്ന് കുട്ടികളെയുമായി ചുരം കയറിയ മാഷ് 1996, ’97, ’98 വർഷങ്ങളിൽ വയനാട്ടിലെ മൂന്നിടങ്ങളിൽ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ ദേശീയതലത്തിൽതന്നെ ശ്രദ്ധയാകർഷിച്ചു. 1996ൽ തോൽപെട്ടിയിലെ കാടും നാടും ചേർന്നുകിടക്കുന്ന ജനവാസ മേഖലയിൽ ട്രഞ്ച് നിർമാണമായിരുന്നുവെങ്കിൽ തൊട്ടടുത്ത വർഷം മുത്തങ്ങയിലെ കാട്ടിനുള്ളിൽ മൃഗങ്ങൾക്ക് കുടിവെള്ളത്തിനായി തടാകമൊരുക്കലായിരുന്നു ദൗത്യം. മനുഷ്യർതന്നെ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന കാലത്ത് മൃഗങ്ങൾക്ക് കുടിവെള്ളമൊരുക്കാൻ പോയതിനെ പരിഹസിച്ചവരേറെയുണ്ടായിരുന്നു. എന്നാൽ, മൃഗങ്ങളുടെ കുടിവെള്ള പ്രശ്നം മനുഷ്യരുടെ ജീവൽപ്രശ്നം തന്നെയാണെന്ന് ആ നാട്ടിലുള്ള മനുഷ്യരെ ബോധവത്കരിക്കാൻ മാഷും കുട്ടികളും മുന്നിട്ടിറങ്ങി.
മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരുടെ കൃഷി നശിപ്പിക്കുന്നതും വളർത്തുമൃഗങ്ങളെ കൊല്ലുന്നതും ഇല്ലാതാകണമെങ്കിൽ മൃഗങ്ങൾക്ക് വെള്ളം കാട്ടിൽതന്നെ ലഭ്യമാക്കണമെന്ന് ആ സംഘം വീടുകയറി പഠിപ്പിച്ചു. അങ്ങനെ ഗുരുവായൂരപ്പൻ കോളജിലെ കുട്ടികൾക്കൊപ്പം മുത്തങ്ങയിലെ ആദിവാസികളും ആ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
1998ൽ മുത്തങ്ങക്കടുത്തുതന്നെയുള്ള ആനാഞ്ചിറയിൽ മാഷും കുട്ടികളും ചേർന്ന് നിർമിച്ച തടയണ ദേശീയ മാധ്യമങ്ങളിൽപോലും വാർത്തയായി. കാട് അവസാനിക്കുന്ന സ്ഥലത്ത് കാട്ടിൽനിന്നുൽഭവിക്കുന്ന ചെറിയ നീർച്ചോലയിലെ വെള്ളം തടയണ കെട്ടി നിർത്തി വലിയൊരു തടാകംതന്നെ തീർത്തത് ആദിവാസികൾക്ക് പതിച്ചുകൊടുത്ത ഏക്കർ കണക്കിന് ഭൂമി കൃഷിയോഗ്യമാക്കുന്നതിനും മൃഗങ്ങൾക്ക് കുടിവെള്ളത്തിനുമായായിരുന്നു. ഇതിന്റെ പ്രവൃത്തി ചിത്രീകരിച്ച് ‘നിർമായ കർമണാശ്രീ’ എന്ന പേരിൽ ഡോക്യുമെന്ററിയാക്കുകയും കൈരളി-ശ്രീ ഉൾപ്പെടെയുള്ള തിയറ്ററുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
മണ്ണിനെയും മനുഷ്യരെയുംകുറിച്ചു മാത്രമല്ല, സകല ജീവജാലങ്ങളെക്കുറിച്ചോർത്തും വ്യാകുലപ്പെട്ടിരുന്ന ഒരപൂർവ ജീവിതമാണ് ശോഭീന്ദ്രൻ മാസ്റ്ററുടെ വിയോഗത്തോടെ മറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.