‘എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പെൺകുട്ടികൾ തെരുവിൽ തല്ലുവാങ്ങുമ്പോൾ വീണയെ പിണറായി രാജകുമാരിയായി വളർത്തി’
text_fieldsകോഴിക്കോട്: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണ ജയിലിൽ പോകേണ്ടിവരുമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരും. വീണയുടെ കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം നടക്കുന്നുണ്ടെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു.
അമ്മത്തൊട്ടിൽ സംവിധാനം കൊണ്ടുവന്ന നാട്ടിൽ പിണറായി വിജയനിപ്പോൾ അച്ഛൻതൊട്ടിൽ സംവിധാനമാണ് നടപ്പാക്കുന്നത്. വീണയോട് മകളേ, നിന്നെ ഞാൻ സ്വർണത്തേരിലേറ്റാം എന്നുപറഞ്ഞയാളാണ് മുഖ്യമന്ത്രി. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും പെൺകുട്ടികൾ തെരുവിൽ പൊലീസിന്റെ തല്ലുവാങ്ങുമ്പോൾ വീണയെ രാജകുമാരിയായി വളർത്തി.
മുഖ്യമന്ത്രിയുടെ മകളും ഭാര്യയും സ്വർണക്കടത്തിനു നേതൃത്വം നൽകുകയാണ്. സ്വപ്നക്ക് ശിക്ഷ നൽകുമ്പോൾ വീണക്ക് ശിക്ഷയില്ല. മരുമകൻ റിയാസിന് മന്ത്രിസ്ഥാനവും കൊടുത്തു. ഉള്ളിൽ വേദനയുണ്ടെങ്കിലും പിണറായിക്കെതിരെ ഒന്നും പറയാൻ ആർജവമില്ലാത്ത ഗോവിന്ദനാണ് മാർക്സിസ്റ്റ് പാർട്ടിയുടെ ഇപ്പോഴത്തെ ശാപം. ഒരക്ഷരം മിണ്ടാൻ കഴിയാതെ കാനം അടക്കമുള്ള സി.പി.ഐയുടെ നേതാക്കൾ ഇരിക്കുകയാണ്.
ധനാഢ്യന്മാർക്ക് ഏക്കർ കണക്കിനു ഭൂമി അനധികൃതമായി കൈവശംവെക്കാൻ അനുമതി കൊടുത്തതിൽ പിണറായി മറുപടി പറയണം. ഏതോ പ്രമാണിക്ക് സ്വകാര്യ വിമാനത്താവളമുണ്ടാക്കാൻ വിദേശത്തുവെച്ച് രഹസ്യ ചർച്ച നടത്തി. കരിമണൽ കർത്തയുടെ പുസ്തകത്തിലെ ഒരു പേജ് കീറിക്കളഞ്ഞിട്ടുണ്ട്. അതിനകത്ത് ആരുടെയൊക്കെ പേരുണ്ടായിരുന്നുവെന്നത് പുറത്തുവരണമെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.