വാർത്തസമ്മേളനത്തിൽ വികാരാധീനയായി ശോഭ സുരേന്ദ്രൻ: പണം നൽകി തന്നെ സ്വാധീനിക്കാൻ കോടീശ്വരനായ ചാനൽ ഉടമ ശ്രമിച്ചെന്ന്
text_fieldsആലപ്പുഴ: പണം നൽകി തന്നെ സ്വാധീനിക്കാൻ കോടീശ്വരനായ ചാനൽ ഉടമ ശ്രമിച്ചെന്ന് എൻ.ഡി.എ ആലപ്പുഴ ലോക്സഭ മണ്ഡലം സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. വാർത്തസമ്മേളനത്തിലാണ് ആരോപണമുന്നയിച്ചത്. ആലപ്പുഴയിലെ തന്‍റെ വിജയം ഇല്ലാതാക്കാൻ വ്യാജ വാർത്തകളിലൂടെ ചാനൽ ശ്രമിക്കുകയാണെന്ന് പറഞ്ഞ ശോഭ വികാരാധീനയായി കരച്ചിലിന്‍റെ വക്കോളമെത്തി.
തന്‍റെ വസതിയിൽ ചാനൽ ഉടമയുടെ ഏജന്‍റ് വന്ന് കണ്ടു. വെള്ളാപ്പള്ളി നടേശനെ പൊതുയോഗങ്ങളിൽ ഇത്രത്തോളം പുകഴ്ത്താൻ പാടില്ലെന്നും ഇല്ലെങ്കിൽ ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്തുമെന്നും ഏജന്‍റ് പറഞ്ഞത്രേ. ഇത് പാലിച്ചാൽ മുഴുവൻ തെരഞ്ഞെടുപ്പ് ചെലവുകളും ചാനലുടമ ഏറ്റെടുക്കുമെന്നും അറിയിച്ചു. അതിന് വഴങ്ങാതിരുന്നതോടെ തന്നെ തകർക്കാൻ ലക്ഷ്യമിട്ട് ചാനൽ വ്യാജവാർത്തകളും സർവേ റിപ്പോർട്ടുകളും നൽകുന്നു.
തനിക്ക് 50 വയസ്സ് തികഞ്ഞ പിറന്നാൾ ദിനമാണ് തിങ്കളാഴ്ച. ചാനൽ തന്ന പിറന്നാൾ സമ്മാനമാണ് ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെക്കുറിച്ച് ശോഭ സുരേന്ദ്രൻ ജില്ല നേതൃത്വത്തിന് പരാതി നൽകിയെന്ന വ്യാജ വാർത്ത -അവർ പറഞ്ഞു. ചാനൽ ഉടമയുടെ ഏജന്‍റായ തൃശൂർക്കാരൻ മുതലാളിയാണ് വന്ന് കണ്ടത്. താൻ ഒമ്പത് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. ഇതുവരെ ഒരു മുതലാളിയുടെ മുന്നിലും പണത്തിനായി പോയിട്ടില്ല. വാർത്ത പിൻവലിച്ചില്ലെങ്കിൽ ചാനലിന്‍റെ മുന്നിൽ സത്യഗ്രഹം നടത്തുമെന്നും കണ്ണീരോടെ ശോഭ പറഞ്ഞു.
ആലപ്പുഴ മണ്ഡലത്തിൽ വലിയ മുന്നേറ്റം നടത്താൻ ശോഭക്ക് കഴിഞ്ഞതോടെ ബി.ജെ.പി ദേശീയ നേതൃത്വം മണ്ഡലത്തിലെ പ്രവർത്തനം കൂടുതൽ സജീവമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തിനും തൃശൂരിനും ഒപ്പം ആലപ്പുഴ മണ്ഡലത്തെയും എ പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുത്തി. നേരത്തേ മാവേലിക്കര മണ്ഡലത്തിന്‍റെ ചുമതലയായിരുന്ന ബി.ജെ.പി ജില്ല പ്രസിഡന്‍റ് ആർ. ഗോപകുമാറിന് ആലപ്പുഴ മണ്ഡലത്തിന്‍റെ ചുമതല ചുമതല കൈമാറി. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് മണ്ഡലത്തിൽ തമ്പടിച്ച് ബൂത്ത്തലം മുതൽ സംഘടന ചുമതലയുള്ളവരുടെ യോഗം വിളിച്ച് പ്രവർത്തനം വിലയിരുത്തി. അതിനുശേഷമാണ് വാർത്തസമ്മേളനം വിളിച്ച് തനിക്കെതിരെ വ്യാജ വാർത്തകളും സർവേകളും പുറത്തിറക്കുന്നുവെന്ന ആരോപണവുമായി ശോഭ രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.