ശോഭ സുരേന്ദ്രനെ ജില്ല പ്രഭാരിയാക്കിയത് ‘വായടപ്പിക്കാനെന്ന്’ ബി.ജെ.പിയിൽ അടക്കംപറച്ചിൽ
text_fieldsകോഴിക്കോട്: സംസ്ഥാന ഉപാധ്യക്ഷയെങ്കിലും രണ്ടുവർഷത്തിലേറെയായി മറ്റു ചുമതലകളില്ലാതിരുന്ന ശോഭ സുരേന്ദ്രനെ കോഴിക്കോട് ജില്ല പ്രഭാരിയാക്കിയത് ‘വായടപ്പിക്കാനെന്ന്’ ബി.ജെ.പിയിൽ അടക്കം പറച്ചിൽ. ദേശീയ നേതൃത്വം കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിച്ചതു മുതൽ പ്രതിഷേധ സ്വരം പ്രകടിപ്പിച്ച ശോഭ, ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി വൈസ് പ്രസിഡന്റാക്കിയതോടെ ഇത് കടുപ്പിച്ചിരുന്നു. പിന്നാലെ പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയും പിന്നീട് സജീവമായി കെ. സുരേന്ദ്രനും വി. മുരളീധരനുമെതിരെ മാധ്യമങ്ങൾക്കുമുന്നിൽ പരസ്യ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിൽ സുരേന്ദ്രൻ പക്ഷം നൽകിയ പരാതിയിൽ അവർക്ക് മറ്റുചുമതലകൾ കൂടി നൽകാനാണ് കേന്ദ്ര നേതൃത്വം നിർദേശിച്ചത്. തുടർന്നാണ് ‘പരസ്യ പ്രതികരണ വിലക്ക്’ അടക്കം ലക്ഷ്യമിട്ട് അവരെ ജില്ല പ്രഭാരിയാക്കിയത്.
അതേസമയം ശോഭ നേരത്തെ വഹിച്ച ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇപ്പോഴുള്ള എം.ടി. രമേശ്, സി. കൃഷ്ണകുമാര്‍, അഡ്വ. ജോര്‍ജ് കുര്യന്, അഡ്വ. പി. സുധീര്‍ എന്നിവർക്ക് യഥാക്രമം കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ മൂന്നും നാലും ജില്ലകൾ ഉൾപ്പെടുന്ന മേഖലകളുടെ ചുമതലയാണ് നൽകിയത്. ഇതോടെ സീനിയറായ ശോഭക്ക് ജില്ലയുടെ ചുമതല മാത്രം നൽകിയത് അവഹേളിക്കലാണെന്ന വിലയിരുത്തലും ഇവരുമായി അടുപ്പമുള്ളവർ പങ്കുവെക്കുന്നു. പുതിയ ചുമതല സംബന്ധിച്ച് ഇതുവരെ പ്രതികരിക്കാത്ത ശോഭ ചുമതല ഏറ്റെടുക്കുമോ എന്നതിലും ഊഹാപോഹങ്ങൾ ഉയർന്നിട്ടുണ്ട്. കോഴിക്കോടിനൊപ്പം മറ്റു ജില്ലകളിലെയും പ്രഭാരിമാരെ പാർട്ടി കോർ കമ്മിറ്റി പുനർനിശ്ചയിച്ചിട്ടുണ്ട്.
കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കറിനടക്കം കെ. സുരേന്ദ്രൻ അടക്കമുള്ളവർക്കെതിരെ പരാതി പറഞ്ഞിട്ടും വിഷയങ്ങളിൽ തീർപ്പുണ്ടാക്കാതെ ‘അവഗണിക്കൽ’ നിലയാണ് ശോഭ നേരിട്ടത്. തുടർന്ന് ഇതടക്കം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറഞ്ഞാണ് തന്നെ ആർക്കും തടയാനാവില്ലെന്നും തന്റെ കൂടി പാർട്ടിയാണിതെന്നും തുറന്നടിച്ച് അവർ വീണ്ടും സജീവമായത്.
കോഴിക്കോട്ടെ പാർട്ടി നേതൃത്വം ശോഭയുമായി ആലോചിച്ചാണ് ഇനി പരിപാടികൾ ഉൾപ്പെടെ നിശ്ചയിക്കുക. അങ്ങനെയുള്ള ഒരാൾക്ക് നേതൃത്വത്തെ അവഹേളിക്കുന്ന തരത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ ഇനി പ്രതികരിക്കാനാവില്ല. നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനകൾ ഇവരിൽനിന്നുണ്ടായാൽ പാർട്ടി പ്രവർത്തകർ കമ്മിറ്റികളിൽ വിമർശനമുന്നയിക്കുകയും ചെയ്യും. അതേസമയം ശോഭയുടെ വരവിനെ അവരെ അനുകൂലിക്കുന്നവർ സമൂഹ മാധ്യമങ്ങളിലടക്കം ആഘോഷമാക്കുമ്പോൾ ‘വായടപ്പിച്ചതാണെന്നാണ്’ സുരേന്ദ്രപക്ഷക്കാർ പറയുന്നത്.
പാർട്ടിയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് നടന്ന രാപ്പകൽ സമരത്തിലേക്ക് ഇവരെ ക്ഷണിച്ചതിലുൾപ്പെടെ സുരേന്ദ്രൻ പക്ഷം പാർട്ടി കമ്മിറ്റികളിലും ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിലും നേരത്തെ വിമർശനം ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.