ഇ.പിയുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ; കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇ.പി
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയതായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. ദല്ലാൾ നന്ദകുമാറാണ് തന്നെ ഇ.പി. ജയരാജനുമായി പരിചയപ്പെടുത്തുന്നത്. നന്ദകുമാറിന്റെ സാന്നിധ്യത്തിൽ മൂന്നുതവണ ഇ.പിയുമായി കൂടിക്കാഴ്ച നടത്തി. വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽവെച്ചും പിന്നീട് ഡൽഹി ലളിത് ഹോട്ടലിലും മൂന്നാമത് തൃശ്ശൂർ രാമനിലയത്തിലുമാണ് കൂടിക്കാഴ്ചകൾ നടന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി.യിൽ ചേരാൻ ഇ.പി.ക്ക് താത്പര്യമുണ്ട് എന്നുപറഞ്ഞ് നന്ദകുമാറാണ് ഈ നീക്കത്തിനു തുടക്കമിട്ടതെന്ന് ശോഭ സുരേന്ദ്രൻ പറയുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിസ്ഥാനം ലഭിക്കാത്തതിൽ ദുഃഖവും അമർഷവും ഇ.പിക്കുണ്ടായിരുന്നു. തന്നെക്കാൾ ജൂനിയറായ എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിന്റെ അനിഷ്ടവും വേദനയും ഇ.പി പറഞ്ഞു. പാർട്ടിക്കു വേണ്ടി കഷ്ടപ്പാടും ബുദ്ധിമുട്ടും കൂടുതൽ സഹിച്ചതു താനാണെന്നും പറഞ്ഞു. ഡൽഹിയിൽ പാർട്ടിയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്ന മുതിർന്ന നേതാക്കളിലൊരാളെ വിശദമായി ധരിപ്പിച്ചു. അവിടുന്ന് അനുകൂലസൂചന ലഭിച്ചതിനുശേഷമാണ് ഡൽഹിയിൽ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.
2023 ജനുവരിയിലാണ് ഡൽഹി ലളിത് ഹോട്ടലിൽ വെച്ച് ചർച്ച നടത്തിയതെന്ന് ശോഭ സുരേന്ദ്രൻ പറയുന്നു. ബി.ജെ.പിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായിരുന്നു കൂടിക്കാഴ്ച. ഹോട്ടലിൽ സംസാരിച്ചിരിക്കെ ഇ.പിക്ക് ഫോൺ വന്നു. അതോടെ അദ്ദേഹം ആകെ പരിഭ്രാന്തനായി. അന്ന് രാത്രി ഇ.പി തീരുമാനത്തിൽ മാറ്റംവരുത്തി -ശോഭ പറയുന്നു.
എന്നാൽ, ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇ.പി. ജയരാജന്‍ ആവര്‍ത്തിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണം. എന്നെപോലൊരാള്‍ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കുന്നത്. ശോഭാ സുരേന്ദ്രനെ എനിക്ക് പണ്ടേ ഇഷ്ടമല്ല. ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഇ.പി. ജയരാജന്‍ തള്ളി. അല്‍പ്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ? ഞാന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോയെന്നും ഇ.പി ചോദിച്ചു.
അതേസമയം, ശോഭ പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് വിവാദ ഇടനിലക്കാരൻ നന്ദകുമാർ പറഞ്ഞു. കൂടിക്കാഴ്ചയില്‍ ഇ.പിക്ക് ഒരു റോളുമില്ല. ഇ.പിയുടെ മകന്റെ ഫ്ലാറ്റില്‍ കൂടിക്കാഴ്ച നടത്തിയെന്നത് സത്യമാണ്. അതില്‍ ശോഭയില്ലായിരുന്നു. അവര്‍ക്കു പങ്കുമില്ല. ഇ.പി കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയിലോ ഗള്‍ഫിലോ പോയിട്ടില്ലെന്നും നന്ദകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.