പാലക്കാട്ട് ശോഭ സുരേന്ദ്രന്റെ ഫ്ലക്സ് കത്തിച്ചു
text_fieldsപാലക്കാട്: പാലക്കാട്ട് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ ഫ്ലക്സ് ബോർഡ് കത്തിച്ചു. ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്ത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പ് നഗരസഭ ഓഫിസിനു മുന്നില്‍ വെച്ച ഫ്ലക്‌സാണ് ഞായറാഴ്ച രാത്രി കത്തിച്ചത്.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ല അധ്യക്ഷൻ പൊലീസിൽ പരാതി നൽകി. അതേസമയം, ഫ്ലക്സ് കത്തിച്ചത് മാനസിക വൈകല്യമുള്ളയാളാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമായി ഉയർത്തിയിരുന്നു. പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡക്ക് കത്തയക്കുകയും ചെയ്തിരുന്നു.
അതേസമയം, ശോഭ സുരേന്ദ്രൻ ഏറ്റവും മികച്ച വനിത നേതാവാണെന്നും കേരളത്തിലെ ‘തീപ്പൊരി’യാണ് അവരെന്നും പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ പറഞ്ഞു. സ്ഥാനാർഥിത്വത്തെച്ചൊല്ലി പാർട്ടിയിൽ വിഭാഗീയതയില്ല. അത് മറ്റു മുന്നണികളുടെ പ്രചാരണം മാത്രമാണ്. ശോഭ സുരേന്ദ്രൻ തന്റെ പ്രചാരണത്തിന് വരുമെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
റോഡ് ഷോയിൽനിന്ന് ശോഭ പക്ഷ നേതാക്കൾ വിട്ടുനിന്നു
പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാറിന്റെ റോഡ് ഷോയിൽനിന്ന് ശോഭ സുരേന്ദ്രൻ പക്ഷ നേതാക്കൾ വിട്ടുനിന്നു. തിങ്കളാഴ്ച വൈകീട്ട് നടന്ന റോഡ് ഷോയിൽനിന്നാണ് പാലക്കാട് നഗരസഭ സ്ഥിരംസമിതി അധ്യക്ഷരും ജില്ല ഭാരവാഹികളുമായ പി. സാബു, പി. സ്മിതേഷ്, മുതിർന്ന നേതാക്കളും ദേശീയ സമിതി അംഗങ്ങളുമായ എസ്.ആർ. ബാലസുബ്രമണ്യം, എൻ. ശിവരാജൻ, നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ്, സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ, ജില്ലയിലെ ചില മുതിർന്ന ഭാരവാഹികൾ എന്നിവർ വിട്ടുനിന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.