വാടകവീട്ടിൽ കഴിയുന്ന ശോഭയുടെ കുടുംബത്തിന് വെള്ളക്കാർഡ്; സൗജന്യ റേഷനും ലഭിച്ചില്ല
text_fieldsതേഞ്ഞിപ്പലം: തേഞ്ഞിപ്പലത്ത് ഒരുവർഷമായി വാടകക്ക് താമസിച്ചുവരുന്ന അഞ്ചംഗ കുടുംബത്തിന് അധികൃതർ നൽകിയത് വെള്ള റേഷൻ കാർഡ്. തേഞ്ഞിപ്പലം പാണമ്പ്രയിൽ താമസിക്കുന്ന ശോഭയും ഭർത്താവ് കുഞ്ഞുമോനും അഞ്ചു മക്കളുമടങ്ങുന്ന നിത്യരോഗികളായ കുടുംബത്തെയാണ് ധനികരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി വെള്ളക്കാർഡ് നൽകിയത്.
25 വർഷമായി വിവിധ സ്ഥലങ്ങളിൽ വാടകക്ക് താമസിച്ചിരുന്ന കോട്ടയം സ്വദേശികളായ ഇവർ ഒരുവർഷം മുമ്പാണ് തേഞ്ഞിപ്പലത്ത് എത്തിയത്. ദുരിതത്തിലും പട്ടിണിയിലും ആത്മഹത്യയുടെ വക്കിലുമാണെന്ന് കാണിച്ച് ഇവർ ജില്ല കലക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതനുസരിച്ച് കലക്ടർ അംഗൻവാടി അധ്യാപകരെ വിളിച്ച് കുടുംബത്തിെൻറ വിവരം സംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഈ കുടുംബത്തിന് സ്വന്തമായി വീടും സ്ഥലവുമില്ല. വെള്ളക്കാർഡായതിനാൽ ലോക്ഡൗണിൽപോലും കാർഡിൽ അനുവദിക്കപ്പെട്ട റേഷൻ മാത്രമാണ് ലഭിച്ചത്. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തും സന്നദ്ധപ്രവർത്തകരും നൽകിയ സഹായമാണ് ഇവർക്ക് ആശ്വാസമായത്. ഭക്ഷ്യവസ്തുക്കളും ഭക്ഷണ കിറ്റും സന്നദ്ധ പ്രവർത്തകർ എത്തിച്ചുനൽകി.
രണ്ടു മക്കൾ മനോവെല്ലുവിളികൾ നേരിടുന്നവരാണ്. ഒരാൾക്ക് രക്തക്കുഴലിൽ മുഴയും മറ്റൊരാൾക്ക് മജ്ജക്ക് തകരാറുമാണ്. ഭിന്നശേഷിക്കാരായ മക്കളുടെയും രോഗികളായ മറ്റ് മക്കളുടെയും ചികിത്സാ ചെലവും പഠന ചെലവും കുടുംബത്തിനെ പ്രയാസപ്പെടുത്തുന്നുണ്ട്. ശോഭയുടെ ഭർത്താവ് കുഞ്ഞുമോനും ഹൃദ്രോഗിയാണെന്ന് ശോഭ പറയുന്നു. രക്തക്കുഴലിൽ മുഴയുള്ള കുട്ടിക്ക് ശസ്ത്രക്രിയ നിർദേശിച്ചതാണ്. പണമില്ലാത്തതിനാൽ നടന്നില്ല.
ലോക്ഡൗൺ കാരണം കുഞ്ഞുമോെൻറ തൈലവിൽപനയും മുടങ്ങി. ലോക്ഡൗൺ കാലയളവിൽ സന്നദ്ധ പ്രവർത്തകരും ഗ്രാമപഞ്ചായത്തും കൃത്യമായി ഇടപെട്ടിരുന്നതായി ഗ്രാമപഞ്ചായത്ത് അംഗം എ.പി. സലീം പറഞ്ഞു. മക്കളുടെ വിദ്യാഭ്യാസം, മരുന്ന്, താമസ വാടക ഇതെല്ലാം ഇവരുടെ മുന്നിൽ ചോദ്യചിഹ്നമാണ്. പട്ടിണിയില്ലാതെ ജീവിതം തള്ളിനീക്കാൻപോലും പാടുപെടുകയാണ് നിർധന കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.