അസാധ്യമായതെല്ലാം മോദി സാധ്യമാക്കി -ബി.ജെ.പിക്ക് വോട്ട് തേടി ശോഭന
text_fieldsതിരുവനന്തപുരം: ബി.ജെ.പി സ്ഥാനാർഥികൾക്ക് വോട്ടു തേടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടും നടി ശോഭന. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ നടന്ന ബി.ജെ.പി കൺവെൻഷനിലാണ് ശോഭനയെത്തിയത്. മോദി അസാധ്യമായതെല്ലാം സാധ്യമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ഒന്നാം ഇന്നിങ്സ് പൂർത്തിയാക്കി രണ്ടാം ഇന്നിങ്സിലും അധികാരത്തിലെത്തിയത് -ശോഭന പറഞ്ഞു.
ഇതാം മൂന്നാം ഇന്നിങ്സിന്‍റെ സമയമായിരിക്കുന്നു. മോദിയുടെ കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാൻ കെൽപ്പുള്ള സ്ഥാനാർഥികളാണ് കേരളത്തിൽ മത്സരിക്കുന്നത്. കേരളത്തിൽ ഭൂരിപക്ഷവും വിദ്യാഭ്യാസമ്പന്നരായ ആളുകളാണ്. എന്തുകൊണ്ടാണ് ഇത്രയധികം ആളുകൾ വിദേശത്തേക്ക് പോകുന്നതെന്നും അവർ ചോദിച്ചു. കടൽ ഭിത്തിയും തൊഴിലും ജലജീവൻ മിഷനും നെയ്യാറ്റിൻകരയിലെ ഐ.ടി പാർക്കുമടക്കം തിരുവനന്തപുരം മണ്ഡലത്തിലെ എൻ.ഡി.എയുടെ വികസന പ്രഖ്യാപനങ്ങൾ ആവർത്തിച്ച ശേഷമാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്.
ശോഭന വേദിയിലേക്കെത്തുമ്പോൾ കൊല്ലം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി കൃഷ്ണകുമാർ സംസാരിക്കുകയായിരുന്നു. പ്രസംഗം അൽപനേരം നിർത്തിയാണ് കൃഷ്ണകുമാർ ശോഭനയെ ആനയിച്ചത്. അതേസമയം, മോദിയുടെ കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാൻ കഴിവുള്ള സ്ഥാനാർഥികളുടെ പേര് ശോഭന എണ്ണിപ്പറഞ്ഞപ്പോൾ വേദിയിലുണ്ടായിരുന്ന കൃഷ്ണകുമാറിന്‍റെ പേര് വിട്ടു. വേദിയിലുള്ള വി. മുരളീധരന്‍റെയും രാജീവ് ചന്ദ്രശേഖറിന്‍റെയും കെ. സുരേന്ദ്രന്‍റെയും ഒപ്പം വേദിയിലില്ലാത്ത സുരേഷ് ഗോപിയുടെ പേരടക്കം പറഞ്ഞപ്പോഴാണ് ഈ വിട്ടുപോകൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.