മരണാനന്തര ചടങ്ങിലും പ്രകൃതി സ്നേഹം കാത്തുസൂക്ഷിച്ച് ശോഭീന്ദ്രൻ മാഷ്
text_fieldsകോഴിക്കോട്: മണ്ണിന് തണലൊരുക്കാൻ ആയുസ്സ് മാറ്റിവെച്ച പരിസ്ഥിതി പ്രവർത്തകൻ പ്രഫ. ടി. ശോഭീന്ദ്രൻ മരണത്തിലും പ്രകൃതിസ്നേഹം പാലിക്കാൻ നിർദേശിച്ചു. മരണാനന്തര ചടങ്ങുകൾക്ക് മരം ഉപയോഗിച്ച് സംസ്കാരം പാടില്ലെന്ന് ബന്ധുക്കളോട് ഓർമിപ്പിച്ചതിനാൽ അത് ഒഴിവാക്കുകയായിരുന്നു. തന്റെ സംസ്കാര ചടങ്ങുകൾ വൈദ്യുതി ശ്മശാനത്തിലാകണമെന്ന് നേരത്തേ തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നു. മാവൂർ റോഡിലെ വൈദ്യുതി ശ്മശാനം അറ്റകുറ്റപ്പണികൾക്ക് അടച്ചതിനാൽ ബന്ധുക്കൾ ഗ്യാസ് ഉപയോഗിച്ചുള്ള സംസ്കാരം തിരഞ്ഞെടുക്കുകയായിരുന്നു. മൃതദേഹം ഉച്ചക്ക് ടൗൺഹാളിൽ പൊതുദർശനത്തിനു വെച്ച ശേഷം വൈകീട്ട് പുതിയപാലം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
വ്യാഴാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിലായിരുന്നു ശോഭീന്ദ്രന്റെ അന്ത്യം. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽനിന്ന് മൃതദേഹം കക്കോടി മൂട്ടോളിയിലെ വീട്ടിലെത്തിച്ചു. നൂറുകണക്കിനാളുകളാണ് രാവിലെ മുതൽ അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. മന്ത്രി അഹമ്മദ് ദേവർകോവിൽ, സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യു, എം.എൽ.എമാരായ കാനത്തിൽ ജമീല, പി.ടി.എ റഹീം, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, എൻ. സുബ്രഹ്മണ്യൻ, വി.കെ.സി. മമ്മദ്കോയ, സി.എസ്.ഐ മലബാൾ മഹാഇടവക ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടർ, ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ, മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് ഗൗരി പുതിയോത്ത്, എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, നിജേഷ് അരവിന്ദ്, സി.പി. സതീഷ്, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷീബ എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.