നവകേരളാ ബസിന് നേരെ ഷൂ എറിഞ്ഞു; നടപടി വരുമ്പോൾ വല്ലാതെ വിലപിക്കരുതെന്ന് മുഖ്യമന്ത്രി
text_fieldsകോതമംഗലം: പെരുമ്പാവൂര്‍ ഓടക്കാലിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരളാ ബസിന് നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞു. നാലുതവണ ഷൂ വലിച്ചെറിഞ്ഞതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ നാല് കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.
ഏറിനൊക്കെ പോയാൽ അതിന്റേതായ നടപടി വരുമെന്നും അപ്പോൾ വല്ലാതെ വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കോതമംഗലത്ത് നവകേരളസദസ്സിൽ പ്രസംഗിക്കവെ മുന്നറിയിപ്പ് നൽകി. ഇത് നാടിനോടുള്ള ഒരു വെല്ലുവിളിയാണെന്ന് ഇത്തരക്കാർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങളുടെ ബസിന് നേരെ ഏറുണ്ടായി. എന്താണ് ഇവർക്ക് പറ്റിയത്? ഈ സംഭവത്തെ മൊത്തത്തിൽ മറ്റൊരു രീതിയിൽ മാറ്റിത്തീർക്കാനുള്ള ഗൂഢോദ്ദേശ്യമാണോ? ഈ ആളുകളൊക്കെ കൂടി ശക്തിയായി ഊതിയാൽ കരിങ്കൊടിയായി വരുന്നവരും എറിയാൻ വരുന്നവരും പാറിപ്പോകുമെന്നതാണ് അവസ്ഥ. പക്ഷേ നാട്ടുകാർ നന്നായി സംയമനം പാലിച്ചാണ് നിൽക്കുന്നത്. അതുതന്നെയാണ് വേണ്ടത്. കാരണം അവരുടെ പ്രകോപനത്തിൽ കുടുങ്ങരുത്. ഏറിനൊക്കെ പോയാൽ അതിന്റേതായ നടപടി തുടരുമല്ലോ. നിങ്ങൾ നാട്ടുകാർ ഏറ്റെടുക്കണമെന്നല്ല ഞാൻ പറയുന്നത്. നാട്ടുകാർ ഏറ്റെടുക്കണ്ട. പക്ഷേ, സാധരണ ഗതിയിലുള്ള അതിന്റെതായ നടപടി വരുമ്പോൾ വല്ലാതെ വിലപിച്ചിട്ട് കാര്യമില്ല. ഇത് നാടിനോടുള്ള ഒരുവെല്ലുവിളിയാണെന്ന് ഇത്തരക്കാർ മനസ്സിലാക്കണം. ഈപരിപാടി ആര്‍ക്കെങ്കിലും എതിരെ സംഘടിപ്പിച്ചതല്ല’ -മുഖ്യമന്ത്രി പറഞ്ഞു.
ഷൂ ഏറിന് പിന്നാലെ പൊലീസ് ലാത്തിവീശി. കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും കൊടി ഡി.വൈ.എഫ്.ഐക്കാർ കൂട്ടിയിട്ട് കത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.