ഷോഗ് ഐസ കേണപേക്ഷിക്കുന്നു; ‘എന്നെയൊന്ന് ഫ്രാൻസിൽ തിരിച്ചെത്തിക്കൂ’
text_fieldsകോഴിക്കോട്: വിനോദസഞ്ചാരത്തിനായി ഇന്ത്യയിലെത്തി, ഒറ്റപ്പെട്ട് അസുഖബാധിതനായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രഞ്ച് പൗരൻ നാട്ടിലേക്ക് മടങ്ങാൻ അധികൃതരുടെ കനിവ് തേടുന്നു. വിസ അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടതിനാൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് 66കാരനായ ഷോഗ് ഐസ. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രഞ്ച് പൗരന് ഇന്ന് സി.ടി സ്കാൻ എടുക്കുമെന്നാണ് വിവരം.
പണം അടക്കാൻ കഴിയാത്തതിനാൽ ഇദ്ദേഹത്തിന്റെ ചികിത്സ പ്രതിസന്ധിയിലായിരുന്നു. അൽജീരിയൻ പൗരത്വം കൂടിയുള്ള ഷോഗ് ഐസയെ ഈ മാസം ഒന്നിനാണ് ചിലർ കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ എത്തിച്ചത്. ഇവിടെ നിന്ന് രാത്രിയോടെ ഡിസ്ചാർജായി മടങ്ങി. പിന്നീട് നാലിന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുകയായിരുന്നു. ഇതിനിടെ പാസ്പോർട്ടും പണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. കുടുംബത്തിനൊപ്പമാണ് ഷോഗ് ഗോവയിലെത്തിയത്.
അവിടെ നിന്ന് കർണാടകയിൽ ഉത്സവം കാണാൻ പോയി. അതിനിടെ ഒറ്റപ്പെടുകയായിരുന്നു. പിന്നീടാണ് കോഴിക്കോട്ടെത്തിയത്. തന്നെ നാട്ടിലെത്തിക്കാൻ ആവശ്യമായത് ചെയ്യണമെന്നാണ് കാണുന്നവരോടെല്ലാം ഷോഗ് അപേക്ഷിക്കുന്നത്. സി.എച്ച്. സെന്റർ വളന്റിയർ ഗഫൂർ, സാമൂഹിക പ്രവർത്തകനായ നൗഷാദ് തെക്കയിൽ എന്നിവർ പ്രൊവിഡൻസ് കോളജിലെ ഫ്രഞ്ച് ഭാഷ അധ്യാപകനായ എബിയുടെയും വിദ്യാർഥിയായ ദിയയുടെയും സഹായത്തോടെ ഷോഗിൽനിന്ന് വിവരം ശേഖരിച്ചു.
ഷോഗിന്റെ മടക്കത്തിനും തുടർചികിത്സക്കും ആവശ്യമായത് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, ഇന്ത്യയിലെ ഫ്രഞ്ച്, അൽജീരിയ എംബസി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഇതിന് മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഉടൻ അനുകൂലമായ നടപടി ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് സാമൂഹിക പ്രവർത്തകർ. ഇദ്ദേഹത്തിന്റെ ബാഗ് നഷ്ടപ്പെട്ടതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
ഡിസംബർ ഒന്നിന് അത്യാഹിത വിഭാഗത്തിൽനിന്ന് ഇദ്ദേഹം കയറിയ ഓട്ടോയെക്കുറിച്ച് വിവരം ലഭിച്ചാൽ കാണാതായ ബാഗ് സംബന്ധിച്ച് കൂടുതൽ വിവരം ലഭിക്കുമെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ഇതിന് മെഡിക്കൽ കോളജിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.