സംഭരിക്കാൻ ഷോളയാർ അണക്കെട്ടിൽ ഇടമില്ല; തമിഴ്നാട് ജലം പാഴാക്കി കേരളം
text_fieldsതൊടുപുഴ: പറമ്പിക്കുളം -അലിയാര് കരാര്‍ പ്രകാരം തമിഴ്നാട്ടിൽനിന്ന് ലഭിക്കേണ്ട ജലം പാഴാക്കി കേരളം. വൈദ്യുതി ഉൽപാദനം വർധിപ്പിച്ച് അണക്കെട്ട് കാലിയാക്കുന്നതിൽ വീഴ്ച സംഭവിച്ചതാണ് തമിഴ്നാട് പരിധിയിലെ ഷോളയാറിൽനിന്ന് ഇവിടേക്ക് വെള്ളം കൊണ്ടുവരുന്നതിന് തടസ്സമായത്. തമിഴ്നാട് ജലം കാര്യമായി എത്താതെതന്നെ കേരളത്തിെൻറ ഷോളയാര്‍ അണക്കെട്ട് നിറഞ്ഞിരിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ 2663 അടിയായിരുന്നു ഷോളയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. ഇത് പൂർണ സംഭരണശേഷിയാണ്. പറമ്പിക്കുളം - അലിയാര് കരാർ പ്രകാരം 12.300 ദശലക്ഷം ഘന അടി (ടി.എം.സി) ജലം കേരളത്തിന് അവകാശപ്പെട്ടതാണ്. ഷോളയാര്‍ പവര്‍ഹൗസില്‍ വൈദ്യുതി ഉൽപാദിപ്പിച്ചശേഷം അളന്നു പുറത്തുവിടാവുന്ന തരത്തിലെ ക്രമീകരണം വഴിയാണ് ജലം വാങ്ങുന്നത്.
കേരള ഷോളയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഫെബ്രുവരി ഒന്നിനും സെപ്റ്റംബര്‍ ഒന്നിനും പൂര്‍ണ സംഭരണശേഷിയായ 2663 അടിയില്‍ നിലനിര്‍ത്തണമെന്നും വ്യവസ്ഥയുണ്ട്. സെപ്റ്റംബര്‍ രണ്ട് മുതല്‍ ജനുവരി 31 വരെ പൂര്‍ണ ജലനിരപ്പില്‍നിന്ന് അഞ്ച ് 5 അടി താഴെ, 2658 അടിയില്‍ നിലനിര്‍ത്തണം. ഷോളയാര്‍ പവര്‍ ഹൗസില്‍ ഉൽപാദനം ഉയര്‍ത്തി അണക്കെട്ടില്‍ ജലനിരപ്പ് താഴ്ത്തി തമിഴ്നാട് ജലം സ്വീകരിക്കുന്ന രീതിയാണ് കേരളം പിന്തുടര്ന്നിരുന്നത്. എന്നാല്‍, ഇക്കുറി ഉൽപാദനം ഉയര്‍ത്തിയില്ലെന്ന് മാത്രമല്ല ജൂണ്‍ 21 മുതല്‍ ആഗസ്റ്റ് 20 വരെ രണ്ടു മാസം ഷോളയാര്‍ പവര്‍ഹൗസില്‍ ഉൽപാദനം നടന്നിട്ടേയില്ല. ജൂലൈ ഒന്നു മുതലാണ് ഷോളയാര്‍ അണക്കെട്ട് നിറക്കാന്‍ തമിഴ്നാട് വെള്ളം നല്കി വരാറുള്ളത്.
54 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള ഷോളയാര്‍ പവര്‍ ഹൗസില്‍ 18 മെഗാവാട്ട് വീതം ശേഷിയിൽ മൂന്ന് ജനറേറ്ററുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ ഒരു ജനറേറ്റര്‍ വാർഷിക അറ്റകുറ്റപ്പണിയിലാണ്. 1.96 ലക്ഷം യൂനിറ്റായിരുന്നു ഷോളയാര്‍ പവര്‍ഹൗസില്‍ ചൊവ്വാഴ്ചത്തെ ഉൽപാദനം. നീരൊഴുക്ക് ഇനിയും ശക്തമായാല്‍ ഷോളയാര്‍ അണക്കെട്ട് തുറന്നുവിടേണ്ട സ്ഥിതിയാണിപ്പോൾ. അണക്കെട്ട് തുറന്നുവിട്ടാല്‍ ജലം പെരിങ്ങൽക്കുത്ത് അണക്കെട്ടിലേക്കാണ് എത്തുന്നത്.
എന്നാൽ, ജലം പാഴായിട്ടില്ലെന്നും വേനൽക്കാലത്താണ് തമിഴ്നാട് ജലത്തിെൻറ പ്രയോജനം കൂടുതലെന്നുമാണ് വൈദ്യുതി ബോർഡ് വൃത്തങ്ങൾ പറയുന്നത്.വീഴ്ചയുണ്ടായിട്ടില്ലെന്നും വേനൽകാലത്ത് ജലം ലഭിക്കുമെന്നും ലോഡ് ഡെസ്പാച്ച് വിഭാഗം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.