അട്ടപ്പാടിയിലെ ആദിവാസിഭൂമി തട്ടിയെടുക്കുന്നതിനെതിരെ 26 ന് ഷോളയൂർ പൊലീസ് സ്റ്റേഷൻ മാർച്ച്
text_fieldsകോഴിക്കോട് : അട്ടപ്പാടിയിലെ ആദിവാസിഭൂമി പൊലീസ് സംരക്ഷണത്തിൽ തട്ടിയെടുക്കുന്നതിനെതിരെ 26 ന് ഷോളയൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ദലിത് - ആദിവാസി - സ്ത്രീ പൗരാവകാശ കൂട്ടായ്മ അറിയിച്ചു. അട്ടപ്പാടിയിലെ ആദിവാസി ഭൂമിയിൽ വ്യാപക കൈയേറ്റമുണ്ടെന്ന് ജില്ലാ ഭരണകൂടം തന്നെ തുറന്നു സമ്മതിച്ചിരിക്കുകയാണ്. വ്യാജരേഖകൾ ഉപയോഗിച്ചുള്ള കൈയേറ്റത്തെക്കുറിച്ച് 2010 ൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി സർക്കാർ രൂപം നൽകിയ സമിതിയും, 2013 ൽ വിജിലൻസും വിശദമായ റിപ്പോർട്ട് നൽകിയിരുന്നു.
കൈയേറ്റക്കാർക്കെതിരെ എസ്.സി./എസ്.ടി. അതിക്രമം തടയൽ നിയമമനുസരിച്ച് കേസെടുക്കാൻ റിപ്പോർട്ടുകളിൽ ശിപാർശ ചെയ്തു. ഒരു എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കൈയേറ്റക്കാർക്കെതിരെ പൊലീസ് തുടർ നടപടി സ്വീകരിച്ചില്ല. ഇപ്പോൾ കോട്ടത്തറ വില്ലേജിലെ റവന്യൂ ഭൂമിയിലും, വനഭൂമിയിലും ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയിലും, സർവേ ചെയ്ത് തിട്ടപ്പെടുത്താത്ത സർക്കാർ ഭൂമിയിലും വ്യാപക കൈയേറ്റമാണ് നടക്കുന്നത്.
വ്യാജ രേഖകളുണ്ടാക്കിയവർ കോടതികളിൽ വഴി പൊലീസ് സംരക്ഷണത്തിന് ഉത്തരവ് സമ്പാദിക്കുന്നു. ഭൂമി കൈയോറ്റക്കാർക്കൊപ്പും പൊലീസ് എത്തിയാണ് ആദിവാസിഭൂമി പിടിച്ചെടുക്കുന്നത്.കൈയേറ്റക്കാരുടെ സംരക്ഷകരായി പൊലിസ് രംഗത്തുവരികയാണ്. ഹൈക്കോടതി സംരക്ഷണമുണ്ടായിട്ടും വെള്ളക്കുളത്തെ രങ്കി, രാമിമാരുടെ ക്ഷേത്ര - കുടുംബഭൂമി തട്ടിയെടുക്കാൻ കൈയേറ്റക്കാർക്ക് വേണ്ടി പൊലീസ് ആദിവാസികളെ ഭീഷണിപ്പെടുത്തി.
ടി.എൽ.എ. ഉത്തരവനുസരിച്ച് ആദിവാസികൾക്ക് അനുകൂലവിധിയുള്ള ഭൂമിയാണിത്. വെള്ളകുളത്ത് തന്നെ വനാവകാശം ലഭിച്ചതും, ഊര് വികസനത്തിനായി വനം വകുപ്പ് വിട്ടുനൽകിയതും ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവ് ചെയ്ത് കളിസ്ഥലമുൾപ്പെടെ അംബേദ്കർ സെറ്റിൽമെന്റ് ഡെവലപ്പ്‌മെന്റ് പ്രകാരം കമ്മ്യൂണിറ്റി ഹാൾ നിർമിക്കുന്നതിന് അനുമവദിച്ച സ്ഥലം ഭൂമാഫിയകൾ വേലികെട്ടി.പൊലീസ് കൈയേറ്റക്കാർക്ക് സംരക്ഷണം നൽകി. കടമ്പാറയിൽ വൻപോലീസ് സന്നാഹത്തോടെ ആദിവാസി ഭൂമി കൈയേറാൻ ഭൂമാഫിയകൾക്ക് വേണ്ടി പൊലീസ് കൂട്ടുനിന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.
മുഖ്യമന്ത്രിയുടെ നവകേരള യാത്രയിൽ അട്ടപ്പാടിയിലെ പല ആദിവാസികളും ഭൂമി കൈയേറ്റത്തെക്കുറിച്ച് പരാതി നൽകി. എന്നാൽ ഈ പരാതികളെല്ലാം വില്ലേജ് ഓഫിസർക്ക് കൈമാറുകയാണ് ഉണ്ടായത്. നിലവിലെ താലൂക്ക് -വില്ലേജ് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കാതെ ഭൂമാഫിയക്ക് സഹായം നൽകുകയാണ്. ഒരേ സർവേ നമ്പരിലെ ഒരേ ഭൂമിക്ക് നിരവധി ആധാരങ്ങൾ നിർമിച്ചാണ് കൈയേറ്റം നടത്തുന്നതെന്ന് വ്യാക്തമായിട്ടും അന്വേഷണം നടത്തുന്നില്ല. ഈ സാഹചര്യത്തിലാണ് ജനാധിപത്യകേരളം ഷോളയൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്യുന്നതെന്ന് ആദിവാസി - ദലിത് - സ്ത്രീ - പൗരാവകാശ കൂട്ടായ്മ ചെയർമാൻ എം. ഗീതാനന്ദനും ജനറൽ കൺവീനർ സി.എസ്. മുരളിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.