ഉറക്കമൊഴിച്ച് കാത്തിരുന്നു; കട കുത്തിത്തുറന്ന കള്ളന്മാർ ൈകയ്യോടെ പിടിയിൽ
text_fields
അങ്കമാലി: കള്ളനെ പിടികൂടാന്‍ ദിവസങ്ങളായി വേങ്ങൂരില്‍ നാട്ടുകാര്‍ ഉറക്കമൊഴിച്ച് കാത്തിരുന്നത് വിഫലമായില്ല. കവലയിലെ പലചരക്ക് കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേരെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. തിരുവനന്തപുരം സ്വദേശി ബാബുരാജ് (51), കോതമംഗലം നെല്ലിക്കുഴി ആലക്കുടി വീട്ടില്‍ ബാലകൃഷ്ണന്‍ (48) എന്നിവരാണ് പിടിയിലായത്.
വേങ്ങൂര്‍ കവലയില്‍ ഏറെ നാളായി ചെറുതും വലതുമായ മോഷണം അരങ്ങേറുന്നത് പതിവായിരുന്നു. ഏതാനും മാസം മുമ്പ് വേങ്ങൂര്‍ സെൻറ് ജോസഫ്സ് ഇടവക പള്ളിയിലെ ഭണ്ഡാരവും മറ്റും കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു. പൊലീസില്‍ പലതവണ പരാതി നല്‍കിയിട്ടും മോഷണം ആവര്‍ത്തിക്കുകയായിരുന്നു. കോവിഡ് പശ്ചാതലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മോഷണം രൂക്ഷമായി.
അതോടെയാണ് നാട്ടുകാരായ യുവാക്കള്‍ സംഘടിച്ച് ജാഗ്രത സമിതി രൂപവത്കരിച്ച് മോഷ്ടാവിനെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചത്. മഴയുള്ള രാത്രികളില്‍ പോലും നാട്ടുകാര്‍ ഉറക്കമൊഴിച്ച് കാത്തിരുനു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി വേങ്ങൂര്‍ കവലയിലെ പലചരക്ക് കടയുടെ ഷട്ടര്‍ കുത്തിത്തുറക്കുന്നത് സമീപത്ത് താമസിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടത്. അതോടെ അതീവ രഹസ്യമായി സമിതിയിലെ മറ്റംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു.
എല്ലാവരും രഹസ്യമായി സ്ഥലത്തത്തെിയപ്പോൾ കടയുടെ ഷട്ടര്‍ തുറക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു മോഷ്ടാക്കള്‍. ഈ സമയം ഇരുവശങ്ങളില്‍ നിന്നുമെത്തിയ നാട്ടുകാര്‍ ഇവരെ വട്ടമിട്ട് പിടികൂടുകയായിരുന്നു. ചെറിയ തോതില്‍ കൈകാര്യം ചെയ്ത ശേഷമാണ് മോഷ്ടാക്കളെ അങ്കമാലി പൊലീസിന് കൈമാറിയത്.
മറ്റൊരു മോഷണക്കേസിൽ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണറിയുന്നത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം ഇവർ തിരുവനന്തപുരത്തും എറണാകുളത്തും മോഷണത്തിന് സഹായിക്കാൻ കൂടുമായിരുന്നു. എന്നാല്‍ എവിടെയെല്ലാം മോഷണം നടത്തിയിട്ടുണ്ടെന്ന് അറിവായിട്ടില്ല. പ്രതികളെ കറുകുറ്റിയിലെ കോവിഡ് പ്രാഥമിക പരിശോധന കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.