കടകൾ വീണ്ടും അടപ്പിച്ചു; എങ്കിൽ താക്കോൽ കലക്ടർ എടുത്തോളൂ എന്ന് വ്യാപാരികൾ
text_fieldsശ്രീകണ്ഠപുരം (കണ്ണൂർ): ഒരുമാസത്തിനിടെ രണ്ടാം തവണയും കടകൾ അടച്ചിട്ടതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂനിറ്റ്. അടച്ച കടകളുടെ താക്കോൽ ഞങ്ങൾക്ക് വേണ്ട എന്നുപറഞ്ഞ് വ്യാപാരികൾ താക്കോൽ ശേഖരിച്ച് കലക്ടറെ ഏൽപിക്കാനെത്തി.
കോവിഡിെൻറ പേരിൽ ശ്രീകണ്ഠപുരത്തെ വ്യാപാരികളെ മാത്രം ദ്രോഹിച്ച് കടകളടപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കലക്ടറുടെ ചേംബറിന് മുന്നിൽ പൊലീസ് തടഞ്ഞതോടെ താക്കോൽ റോഡിലിട്ട് പ്രതിഷേധിച്ചു. തുടർന്ന് വ്യാപാരികളുമായി കലക്ടർ ചർച്ച നടത്തിയതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്.
താക്കോൽ സ്വീകരിക്കില്ലെന്ന് കലക്ടർ അറിയിച്ചതിനാൽ ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി യൂനിറ്റ് ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങി. ശ്രീകണ്ഠപുരം നഗരത്തിൽനിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ആ പ്രദേശത്തിന് നൂറു മീറ്റർ പരിധിയിൽ നിയന്ത്രണം കൊണ്ടുവരുന്നതിനുപകരം ഒരു മാസത്തിൽ രണ്ടാം തവണയും നഗരമടച്ച് ദുരിതത്തിലാക്കുകയാണെന്നാണ് വ്യാപാരികളുടെ വാദം.
കഴിഞ്ഞ വർഷവും ഈ വർഷവുമുണ്ടായ വെള്ളപ്പൊക്കത്തിൽ കോടികളുടെ നഷ്ടമാണ് ഇവിടെ വ്യാപാരികൾക്കുണ്ടായത്. കോവിഡ് കൂടെ വന്നതോടെ ഇരട്ടി പ്രഹരമേറ്റ സ്ഥിതിയായി. വെള്ളപ്പൊക്കത്തിനുശേഷം ബാങ്ക് വായ്പയെടുത്തും സ്വർണം പണയപ്പെടുത്തിയുമാണ് കടകൾ വീണ്ടും പ്രവർത്തനം തുടങ്ങിയത്. ജൂലൈ 28 മുതൽ രണ്ടാഴ്ചയോളം നഗരം അടച്ചിട്ടിരുന്നു. അതിനുശേഷം ഓണം വിപണി മുന്നിൽക്കണ്ട് പ്രവർത്തനം ആരംഭിച്ചതോടെയാണ് ഉത്രാട ദിവസം മുതൽ വീണ്ടും കടകൾ അടച്ചിടാൻ ഉത്തരവിറക്കിയതെന്ന് വ്യാപാരികൾ പറയുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം യൂനിറ്റ് പ്രസിഡൻറ് സി.സി. മാമു ഹാജി അധ്യക്ഷത വഹിച്ചു. സി.കെ. അലക്സ്, സി. അയ്യൂബ്, ഷാബി ഈപ്പൻ, കെ.പി. ഇബ്രാഹിം, നിയാസ് മലബാർ, നാസർ സീരകത്ത്, സഹദ് സാമ എന്നിവർ നേതൃത്വം നൽകി. ശ്രീകണ്ഠപുരം നഗരസഭക്ക് മുന്നിൽ വ്യാപാരികൾ നിൽപുസമരം നടത്തിയാണ് 400ഓളം കടകളുടെ താക്കോൽ കൂട്ടം വ്യാഴാഴ്ച രാവിലെ ശേഖരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.