ഷൊർണൂരിന് എന്നും കൂറ് ചുവപ്പിനോട്
text_fieldsഷൊർണൂർ: ആദ്യകാലം തൊട്ടേയുള്ള രാഷ്ട്രീയാഭിരുചി കണക്കെടുത്താൽ ഷൊർണൂരിന് എന്നും ചുവപ്പിനോടാണ് ആഭിമുഖ്യം എന്ന് നിസ്സംശയം പറയാം. ഇടതുകോട്ടകൾ കാണിക്കുന്ന പൊതുസ്വഭാവം ഷൊർണൂരിനുമുണ്ട്. 2011ൽ പഴയ നിയമസഭ മണ്ഡലങ്ങളായ പട്ടാമ്പി, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം മണ്ഡലങ്ങളിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് ഷൊർണൂർ മണ്ഡലം രൂപവത്കരിച്ചത്.
ശ്രീകൃഷ്ണപുരം എം.എൽ.എയായിരുന്ന കെ.എസ്. സലീഖ ഷൊർണൂർ നിയമസഭ മണ്ഡലത്തിന്റെ ആദ്യ പ്രതിനിധിയായി. എം.ആർ. മുരളിയുടെ നേതൃത്വത്തിൽ സി.പി.എമ്മിലെ വിഭാഗീയത കൊടികുത്തി വാഴുന്ന കാലമായിട്ടും മണ്ഡലത്തിന്റെ ചുവപ്പ് മനം മാറിയില്ല. 2016ൽ പി.കെ. ശശി യു.ഡി.എഫിന്റെ സി. സംഗീതയെ കാൽലക്ഷത്തോളം വോട്ടിനാണ് പരാജയപ്പെടുത്തിയത്.
ശബരിമല വിവാദം പ്രതിഫലിച്ച 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മാത്രമാണ് മണ്ഡലത്തിലെ ജനം എൽ.ഡി.എഫിനോട് ചെറിയ തോതിലെങ്കിലും അനിഷ്ടം പ്രകടിപ്പിച്ചത്. അന്ന് വി.കെ. ശ്രീകണ്ഠന്റെ വിജയത്തിന് മണ്ണാർക്കാട്, പട്ടാമ്പി മണ്ഡലങ്ങൾ നൽകിയ മികച്ച ഭൂരിപക്ഷത്തോടൊപ്പം ഷൊർണൂർ യു.ഡി.എഫിന് എപ്പോഴും നൽകാറുള്ള പ്രഹരത്തിന്റെ ശേഷി കുറഞ്ഞതും കാരണമാണ്.
എന്നാൽ, പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ മണ്ഡലത്തിന്റെ ചുവപ്പുനിറം കൂടുതൽ കനക്കുന്നതായാണ് കണ്ടത്. മുപ്പതിനായിരത്തിൽ കൂടുതൽ അധികം വോട്ട് നേടി മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും ഇടതിനോടൊപ്പമായി. ഒപ്പമുണ്ടായിരുന്ന ചെർപ്പുളശ്ശേരി നഗരസഭയും വലതിനെ കൈവിട്ടു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഭൂരിപക്ഷം നാൽപതിനായിരത്തോളമായി വർധിപ്പിച്ചു.
ഷൊർണൂർ നിയമസഭ മണ്ഡലത്തിൽ പെടുന്ന ചളവറ പഞ്ചായത്തിലെ കയിലിയാട് മാമ്പറ്റപ്പടി സ്വദേശിയായിട്ടും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കേവലം പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് നാട്ടുകാരനായ ഇടത് സ്ഥാനാർഥി എം.ബി. രാജേഷിന് ജനം നൽകിയത്.
വികസന പ്രവർത്തനങ്ങൾ കാര്യമായി നടത്താൻ കഴിയാതിരുന്നതും സി.പി.എമ്മിലെ ഔദ്യോഗിക പക്ഷത്ത് തന്നെ നിലനിന്ന വിഭാഗീയതയും ഇതിന് കാരണങ്ങളായി. മണ്ഡലത്തിന്റെ തെക്കും വടക്കും അതിരുകൾ ഭാരതപ്പുഴയും തൂതപ്പുഴയുമാണ്. എന്നിട്ടും കുടിവെള്ള പ്രശ്നം മണ്ഡലത്തിന്റെ മിക്ക ഭാഗത്തും രൂക്ഷമാണ്. തകർന്ന് കിടക്കുന്ന റോഡുകൾ മുഖമുദ്രയായി തുടരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളത്.
ഇരുമുന്നണികൾക്കും എൻ.ഡി.എക്കും കണക്കുകൂട്ടി ആശ്വസിക്കാനും വ്യാകുലപ്പെടാനും ധാരാളം സംഗതികളുണ്ട്. 2019ലെ ഏറെക്കുറെ അപരിചതനായി വന്ന സ്ഥാനാർഥിയാണ് ശ്രീകണ്ഠൻ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അതിൽനിന്നും ഏറെ മുന്നേറാൻ ശ്രീകണ്ഠനായി.
യുവതുർക്കിയായി കടന്നുവന്ന് പാലക്കാടിന്റെ എം.പിയായി ഉയർന്നുവന്നയാളാണ് ഇടത് സ്ഥാനാർഥി എ. വിജയരാഘവൻ. പഴയ പാലക്കാട് മണ്ഡലമല്ല നിലവിലെ മണ്ഡലമെന്നത് അദ്ദേഹത്തെ ചില സ്ഥലത്തെങ്കിലും അപരിചിതനാക്കുന്നുണ്ട്. പോളിറ്റ് ബ്യൂറോ അംഗമാണ് മത്സരിക്കുന്നതെന്നത് പാർട്ടി പ്രവർത്തകർക്ക് കൂടുതൽ ഉത്തരവാദിത്വമുണ്ടാക്കിയിട്ടുണ്ട്. പ്രചാരണത്തിൽ ഏറെ മുന്നിലാണ് ഇടതുസ്ഥാനാർഥി.
കഴിഞ്ഞതവണ സ്ഥാനാർഥിയായതിന്റെ പരിചയം എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിനുണ്ട്. പ്രചാരണ രംഗത്തും സജീവം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സന്ദീപ് വാര്യർ നടത്തിയ മുന്നേറ്റം നിലനിർത്താനാകുമോ എന്നതാണ് കൃഷ്ണകുമാറിനെ അലട്ടുന്ന പ്രശ്നം. കഴിഞ്ഞ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും യു.ഡി.എഫും എൻ.ഡി.എയും തമ്മിലുള്ള വോട്ട് വ്യത്യാസം കേവലം ആയിരത്തോളമേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.