തീര സംരക്ഷണം: ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജലവിഭവ, ഫിഷറീസ്, തുറമുഖ, തദ്ദേശ വകുപ്പ് സെക്രട്ടറിമാര്‍ ചേര്‍ന്ന സമിതി രൂപവത്കരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
വിവിധ വിഷയങ്ങളില്‍ ഏകോപിതമായി കാര്യങ്ങള്‍ കൊണ്ടുപോകാനാണ് സമിതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള നോഡല്‍ ഏജൻസിയായി ജലവിഭവ വകുപ്പ് പ്രവര്‍ത്തിക്കും.
തീരസംരക്ഷണം ഉറപ്പാക്കുന്നതിനും നിർമാണ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും വിവിധ വകുപ്പുകൾ തമ്മിൽ പരസ്പര ആലോചന ആവശ്യമാണ്. തീരസംരക്ഷണത്തിന്റെ ആവശ്യകതയും മുൻഗണനയും നിശ്ചയിച്ച് ഹോട്ട്സ്പോട്ടുകൾ തയാറാക്കണം.
മത്സ്യബന്ധനമേഖലയെ ദോഷകരമായി ബാധിക്കാത്ത തരത്തിൽ തീരപ്രദേശത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തണം. തീരസംരക്ഷണത്തിന് ചെലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഇതിന് ജിയോ ട്യൂബ് സംരക്ഷണ മാതൃക ജലവിഭവ വകുപ്പിന് പരിഗണിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, തുറമുഖ-ഫിഷറീസ് വകുപ്പ് സെക്രട്ടറി കെ.എസ്. ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.