തന്നെ വീട്ടിലിരുത്താമെന്ന് ആരും വ്യാമോഹിക്കേണ്ട- പി.കെ. ശശി
text_fieldsപാലക്കാട്: തന്നെ വീട്ടിലിരുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് ഷൊർണൂർ എം.എൽ.എ പി.കെ. ശശി. തെറ്റ് ചെയ്തിട്ടില്ലെന്നും പരാതിയെ ‘കമ്യൂണിസ്റ്റ് ആരോഗ്യ’ത്തോടെ നേരിടുമെന്നും ശശി പറഞ്ഞു. ഡി.വൈ.എഫ്.ഐ വനിത നേതാവ് നൽകിയ ലൈംഗിക പീഡനാരോപണ പരാതിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെർപ്പുളശ്ശേരിയിൽ സ്വകാര്യ ബസുകളുടെ ദുരിതാശ്വാസ നിധി സംഭാവന സമാഹരണ ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എം.എൽ.എ.
ആർജവമുള്ള കമ്യൂണിസ്റ്റുകാരനെന്ന നിലയിൽ വിഷയത്തെ നേരിടും. വിവരമില്ലാത്തവരാണ് പാർട്ടിയുടെ അകത്തെ കാര്യങ്ങൾ പുറത്തുപറയുന്നത്. തെൻറ പ്രവർത്തനത്തിൽ പിശകുണ്ടായതായി പാർട്ടി ബോധ്യപ്പെടുത്തിയാൽ ഇരുകൈയും നീട്ടി സ്വീകരിക്കും. തെറ്റ് ചെയ്താല്‍ എത്ര വലിയ നേതാവായാലും നടപടിയെടുക്കാന്‍ കെല്‍പ്പുള്ള പ്രസ്ഥാനത്തിലാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാനുള്ള ആർജവവും തെൻറ പ്രസ്ഥാനത്തിനുണ്ട്.
വിവരമില്ലാത്തവരാണ് പാർട്ടി കാര്യങ്ങൾ പുറത്തുപറയുന്നതെന്ന പ്രസ്താവന ശശി പിന്നീട് തിരുത്തി. കേന്ദ്ര-സംസ്ഥാന സെക്രട്ടറിമാരെ ഉദ്ദേശിച്ചല്ല ഇൗ പരാമർശമെന്നായിരുന്നു വിശദീകരണം. ചെര്‍പ്പുളശ്ശേരി ബസ്സ്റ്റാൻഡിൽ ഉദ്ഘാടന ചടങ്ങ് നടത്താന്‍ സമ്മതിക്കില്ലെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ശശിക്ക് സംരക്ഷണം നല്‍കാന്‍ സി.പി.എം പ്രവര്‍ത്തകര്‍ രംഗത്തെത്തി. പൊലീസ് അകമ്പടിയോടെയാണ് എം.എൽ.എ ഉദ്ഘാടനത്തിന് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.