പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ കുറവ്; വിശദീകരിക്കാനാകാതെ വിദ്യാഭ്യാസ വകുപ്പ്
text_fieldsതിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ കുട്ടികൾ കുറയുകയും സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകളിൽ വർധിക്കുകയും ചെയ്തതിന്‍റെ കാരണം വിശദീകരിക്കാനാകാതെ പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് ജനന നിരക്കിൽ കുറവുണ്ടാകുമ്പോഴും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ 2017 മുതൽ 2021വരെ വർധനയുണ്ടായിരുന്നു. അതേസമയം, അൺഎയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ ഇടിവും സംഭവിച്ചിരുന്നു. 2022ൽ മൂന്ന് കാറ്റഗറി സ്കൂളുകളിലും ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞിരുന്നു.
എന്നാൽ, ഈ വർഷം സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞെന്നതിനപ്പുറം അൺഎയ്ഡഡ് സ്കൂളിൽ കുട്ടികൾ കൂടിയെന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിനെ ഞെട്ടിക്കുന്ന കണക്ക്. പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താനുള്ള ജനകീയ കാമ്പയിന് ഈ വർഷം ലഭിച്ച നെഗറ്റിവ് ഫലത്തിനുള്ള കാരണം വിദ്യാഭ്യാസ വകുപ്പിന് വിശദീകരിക്കാനുമാകുന്നില്ല. വരും വർഷങ്ങളിലും ഈ ട്രെൻഡ് തുടർന്നാൽ ജനന നിരക്കിലെ കുറവ് കാരണം കുട്ടികളുടെ എണ്ണത്തിലുള്ള കുറവ് തുടരുന്ന സാഹചര്യത്തിൽ പൊതുവിദ്യാലയങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിഷയമായി മാറും.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അൺഎയ്ഡഡ് സ്കൂളുകളിൽ ഇത്തവണ ഒന്നാം ക്ലാസിൽ മാത്രം വർധിച്ചത് 5052 കുട്ടികളാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 10,153 കുട്ടികൾ കുറഞ്ഞപ്പോഴാണ് അൺഎയ്ഡഡിലെ വർധന എന്നതാണ് വിദ്യാഭ്യാസ വകുപ്പിനെ അമ്പരപ്പിക്കുന്നത്. ഈ വർഷത്തെ കുട്ടികളുടെ കണക്കെടുപ്പിൽ ഇത്തരമൊരു വിവരം ഒളിഞ്ഞിരിപ്പുള്ള സാഹചര്യത്തിൽ കൂടിയാണ് രണ്ടു മാസത്തോളം വിദ്യാഭ്യാസ വകുപ്പ് കണക്ക് പുറത്തുവിടാതിരുന്നത്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ മൊത്തത്തിലും പ്രത്യേകമായും എല്ലാവർഷവും കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകാറുണ്ട്. ഒന്നാം ക്ലാസിൽ മൂന്നു ലക്ഷത്തോളം കുട്ടികൾ പ്രവേശനം നേടുമ്പോൾ നാലേകാൽ ലക്ഷത്തോളം കുട്ടികൾ പത്താം തരം പൂർത്തിയാക്കി പോകുന്ന സാഹചര്യത്തിലാണ് ഈ കുറവ് രേഖപ്പെടുത്തുന്നത്. എന്നാൽ, സ്കൂളിൽ കുട്ടികൾ നവാഗതരായി എത്തുന്ന ഒന്നാം ക്ലാസിൽ മൊത്തത്തിൽ കുറവ് അനുഭവപ്പെടുമ്പോഴും അൺഎയ്ഡഡ് സ്കൂളിൽ വർധന രേഖപ്പെടുത്തിയത് വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചില്ലെങ്കിൽ നിലവിൽ കുട്ടികൾ കുറവുള്ള പൊതുവിദ്യാലയങ്ങളുടെ നിലനിൽപിനെതന്നെ ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.