എൻജിനീയർമാരുടെ കസേര ഒഴിഞ്ഞുതന്നെ; തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിസന്ധി
text_fieldsകൊച്ചി: ആവശ്യത്തിന് അസി. എൻജിനീയർമാരില്ലാത്തത് സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നു. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമടക്കം 110ഓളം തദ്ദേശ സ്ഥാപനങ്ങളിലാണ് അസി. എൻജിനീയർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. സ്ഥാനക്കയറ്റ നടപടികൾ നിലച്ചതാണ് രണ്ട് വർഷത്തോളമായി ഒഴിവുകൾ നികത്താതിരിക്കാൻ കാരണമെന്ന് ജീവനക്കാർ പറയുന്നു.
തദ്ദേശ സ്ഥാപനങ്ങളിൽ സെക്രട്ടറിക്കൊപ്പം പ്രാധാന്യമുള്ളതാണ് എൻജിനീയറിങ് വിഭാഗത്തിലെ അസി. എൻജിനീയർമാരുടെ തസ്തിക. സിവിൽ എൻജിനീയറിങ് ജോലികളുടെയും ബജറ്റിൽ വിഭാവനം ചെയ്യുന്ന വികസന പ്രവർത്തനങ്ങളുടെയും നടത്തിപ്പ്, എം.പി-എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ടിന്‍റെ വിനിയോഗം, കെട്ടിട പെർമിറ്റ് അപേക്ഷകൾ തീർപ്പാക്കൽ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റും മൂല്യനിർണയവും തുടങ്ങിയവ അസി. എൻജിനീയറുടെ ചുമതലയാണ്.
നിലവിൽ ഫസ്റ്റ് ഗ്രേഡ് ഓവർസിയർമാരാണ് ഇവരുടെ ജോലികൾ കൂടി ചെയ്യുന്നത്. ത്രിതല പഞ്ചായത്ത് ഭരണസമിതികളുടെ കാലാവധി തീരാൻ ഒരു വർഷത്തോളം മാത്രം ബാക്കിനിൽക്കെ അസി. എൻജിനീയർമാരില്ലാത്തതിനാൽ പല പദ്ധതികളും പൂർത്തീകരിക്കാനാവാത്ത സാഹചര്യമാണ്. നിലവിലെ 110ഓളം ഒഴിവുകളിൽ 90 എണ്ണം ഫസ്റ്റ് ഗ്രേഡ് ഓവർസിയർമാർക്ക് സ്ഥാനക്കയറ്റം നൽകി നികത്തേണ്ടതാണ്. ഫസ്റ്റ് ഗ്രേഡ് ഓവർസിയർമാരുടെ സീനിയോരിറ്റി ലിസ്റ്റുമായി ബന്ധപ്പെട്ട് ട്രൈബ്യൂണലിൽ കേസുണ്ടെന്നാണ് സ്ഥാനക്കയറ്റത്തിന് തടസ്സമായി സർക്കാർ പറയുന്നത്.
എന്നാൽ, ഈ കേസ് 2023ൽ സുപ്രീംകോടതി തീർപ്പാക്കിയതാണെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന സീനിയോരിറ്റി ലിസ്റ്റിൽനിന്ന് സ്ഥാനക്കയറ്റം നടത്താൻ തടസ്സമില്ലെന്നുമാണ് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.
ഫസ്റ്റ് ഗ്രേഡ് ഓവർസിയർമാർക്ക് അസി. എൻജിനീയർമാരായി സ്ഥാനക്കയറ്റം നൽകിയാൽ ആനുപാതികമായി സെക്കന്‍റ്, തേഡ് ഗ്രേഡ് ഓവർസിയർമാർക്കും സ്ഥാനക്കയറ്റം ലഭിക്കും. ഇതോടെ നിലവിൽ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനത്തിന് വഴിയൊരുങ്ങും.
റാങ്ക്ലിസ്റ്റ് കാലാവധി ഒരു വർഷത്തിനകം തീരാനിരിക്കെ നിയമനം ലഭിക്കാതെ പുറത്താകുമെന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ. നിയമനം ലഭിക്കുന്ന എൻജിനീയർമാർ ജോലിഭാരം ചൂണ്ടിക്കാട്ടി ഒരു വർഷത്തിനകം മറ്റ് വകുപ്പുകളിലേക്ക് മാറുന്നതാണ് തസ്തികകൾ ഒഴിഞ്ഞുകിടക്കാൻ കാരണമെന്നാണ് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അടുത്തിടെ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.