കേസുകൾ കുതിക്കുന്നു; എക്സൈസ് വകുപ്പിൽ ജീവനക്കാരുടെ കുറവ്
text_fieldsപയ്യന്നൂർ: എക്സൈസ് വകുപ്പിൽ കേസുകൾ വർധിക്കുന്നതിനനുസരിച്ച് ഉദ്യോഗസ്ഥരില്ല. നിലവിൽ വകുപ്പിൽ അംഗീകൃത ജീവനക്കാരായി 5603 പേർ മാത്രമാണുള്ളത്. പാർടൈം ജീവനക്കാരുടെ സഹായംകൂടി തേടിയാണ് ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത്.
നടപ്പുസാമ്പത്തിക വർഷം ജൂൺ വരെ ലഭ്യമായ കണക്കുകൾ പ്രകാരം 46,689 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 5603 ഉദ്യോഗസ്ഥരാണ് ഈ കേസുകൾ കൈകാര്യം ചെയ്യുന്നത്. 214 പാർടൈം സ്വീപ്പർമാരുണ്ട്. വിദ്യാർഥികളുടെ ഇടയിൽ ലഹരി ഉപയോഗം കുറക്കാൻ നിരവധി നടപടികൾ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ അഭാവം കാരണം പലതും ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ട്.
സംസ്ഥാനത്ത് 75 ലക്ഷത്തിലധികം വിദ്യാർഥികളുണ്ട്. അതായത് നിലവിലെ എക്സൈസ് വകുപ്പിന്റെ അംഗസംഖ്യ പ്രകാരം ഒരു എക്സൈസ് ഓഫിസർ പ്രതിദിനം സംരക്ഷിക്കേണ്ടത് 1334 വിദ്യാർഥികളെയാണ്. സംസ്ഥാനത്ത് വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് എത്തിപ്പെടാതിരിക്കാൻ ഈ അംഗസംഖ്യ പോര എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കേരള പൊലീസിനു വേണ്ട ആനുപാതിക കണക്ക് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് 2016ൽ പഠനം നടത്തി വ്യക്തമാക്കിയിരുന്നു. സമാനപഠനം എക്സൈസ് വകുപ്പിലും നടത്തണമെന്ന ആവശ്യം ശക്തമാണ്. പഠനം നടത്തി ജീവനക്കാരുടെ അംഗബലം കൂട്ടണമെന്നും ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറക്കണമെന്നുമുള്ള ആവശ്യം ജീവനക്കാരുടെ ഇടയിൽ ശക്തമാണ്. കഞ്ചാവും മദ്യവും പുകയിലയും എന്ന എന്ന പതിവ് ലഹരി ഉപയോഗത്തിനു പകരം ആധുനിക മയക്കുമരുന്നുകൾ കേരളത്തിലെ ഗ്രാമങ്ങളിൽപോലും ലഭ്യമാണ്. അതുകൊണ്ട് കൂടുതൽ ശാസ്ത്രീയ അന്വേഷണം അനിവാര്യമാണ്. ശാസ്ത്ര സാങ്കേതികവിദ്യകൾ ഉൾപ്പെടെ നൽകി വകുപ്പിനെ നവീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.