ജീവനക്കാർ കുറവ്; കേരള ബാങ്ക് പ്രവർത്തനം താളംതെറ്റുന്നു
text_fieldsകൊല്ലം: ജീവനക്കാരുടെ കുറവ് കേരള ബാങ്ക് ശാഖകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. അവശ്യം വേണ്ട ജീവനക്കാരില്ലാത്തത് ജോലി ഭാരം വലിയതോതിൽ വർധിപ്പിച്ചതിനു പുറമേ, മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനും തടസ്സമായി. ക്ലറിക്കൽ തസ്തികകളിലടക്കമുള്ള ഒഴിവുകൾ പിഎസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടും തുടർനടപടികൾ വൈകുകയാണ്.
പ്രമുഖ പൊതുമേഖല, സ്വകാര്യ ബാങ്കുകളുമായി മത്സരിക്കേണ്ടിവരുന്ന നിലവിലെ സാഹചര്യത്തിൽ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനുള്ള സജീവ ഇടപെടൽ മാനേജ്മെന്റിൽനിന്നും സഹകരണ വകുപ്പിൽനിന്നും ഉണ്ടാകുന്നില്ല. രണ്ടായിരത്തോളം ഒഴിവുകളാണ് നികത്താനുള്ളത്. ഇതിൽ ഭൂരിഭാഗവും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്ലറിക്കൽ - 1000, അസി. മാനേജർ - 300 എന്നിങ്ങനെയാണ് പി.എസ്.സി നിയമനം നടത്തേണ്ട തസ്തികകളുടെ എണ്ണം. ഡെപ്യൂട്ടി ജനറൽ മാനേജറുടെ 22 തസ്തികയിലേക്ക് മാത്രമാണ് പി.എസ്.സി നിയമന നടപടികൾ ആരംഭിച്ചത്.
അടുത്തവർഷം 300ഓളം ജീവനക്കാർ വിരമിക്കുന്നതോടെ പ്രതിസന്ധി കുടുതൽ രൂക്ഷമാവും. നിലവിലെ ജീവനക്കാരെവെച്ച് ബാങ്കിന്റെ സുഗമമായ പ്രവർത്തനം സാധ്യമാവില്ലെന്ന് ജീവനക്കാരുടെ സംഘടനകളും ചൂണ്ടിക്കാട്ടുന്നു.
ബിസിനസ് വർധനക്കുള്ള നടപടികൾക്ക് പുറമേ, ആർ.ബി.ഐ നിർദേശ പ്രകാരമുള്ള പ്രവർത്തനങ്ങളും ശാഖകളിൽ ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ, ആവശ്യമായതിന്റെ മൂന്നിലൊന്ന് ജീവനക്കാർപോലും പല ശാഖകളിലുമില്ല. ഇതുമൂലം രാവിലെ തുറക്കുന്ന പല ശാഖകളിലും ജീവനക്കാർ രാത്രിവരെ ജോലി ചെയ്യേണ്ടി വരുന്നു. ചില ശാഖകളിൽ മാനേജറും കാഷ്യറും മാത്രമാണുള്ളത്.
ദിവസവേതനത്തിനോ എംപ്ലോയ്മെന്റ എക്സ്ചേഞ്ച് വഴിയോ നിയമനത്തിന് അനുമതി നൽകുന്നുമില്ല. ജീവനക്കാരുടെ പരിമിതി ഉണ്ടെങ്കിലും ബിസിനസ് വളർച്ച ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചക്ക് മാനേജ്മെന്റ് തയാറല്ല. 823 ശാഖകളാണ് കേരള ബാങ്കിനുള്ളത്. 300 എ.ടി.എമ്മുകളും പ്രവർത്തിക്കുന്നു.
അതേസമയം, ഡി.എ കുടിശ്ശിക വിതരണം ചെയ്യാൻ സഹകരണ വകുപ്പ് അനുമതി നൽകാത്തത് ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കുടിശ്ശിക ക്ഷാമബത്ത അഞ്ചു ഗഡുവാണ് നൽകാനുള്ളത്. ഇത് നൽകുന്നത് സർക്കാറിന് ബാധ്യതയുണ്ടാക്കുന്നില്ലെങ്കിലും ഉത്തരവ് ഇറക്കാൻ സഹകരണ വകുപ്പ് മടിക്കുന്നു.
ഇക്കാര്യം സഹകരണ വകുപ്പു മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യമാണ്. 11ാം ശമ്പള പരിഷ്കരണ കമ്മിറ്റിയെ നിയോഗിക്കമെന്ന ആവശ്യവും അവഗണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.