ശബരിമല: താൽക്കാലിക ജീവനക്കാർ കുറവ്; ചുക്കുവെള്ളം എത്തിക്കാൻ ആളില്ല
text_fieldsശബരിമല: താൽക്കാലിക ജീവനക്കാരുടെ കുറവ് വലിയ നടപ്പന്തലിലടക്കമുള്ള ചുക്കുവെള്ള വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നു.പതിനെട്ടാംപടിയിലെത്താൻ മണിക്കൂറുകൾ വരി നിൽക്കേണ്ട സ്ഥിതിയാണ് പലപ്പോഴും. ഈ അവസരത്തിൽ വരി നിൽക്കുന്ന എല്ലാ ഭാഗത്തും വെള്ളമെത്തിക്കാൻ താൽക്കാലിക ജീവനക്കാരെക്കൊണ്ട് കഴിയുന്നില്ല. വലിയ നടപ്പന്തലിൽ പതിനായിരക്കണക്കിന് തീർഥാടകരാണ് വരി നിൽക്കുന്നത്.
പ്രായമായവർ, കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ചുക്കുവെള്ളം ലഭിക്കണമെങ്കിൽ ബാരിക്കേഡിന് പുറത്തിറങ്ങണം. പിന്നീട് പഴയ വരിയിലേക്ക് തിരിച്ചുകയറാനും കഴിയാത്ത സ്ഥിതിയാണ്. ആദ്യം നിയോഗിച്ചവരിൽ ചിലര്‍ പനി ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നംമൂലം മടങ്ങി. ഇപ്പോൾ ചുക്കുവെള്ള വിതരണം നടത്തുന്ന 25 പോയന്റുകളിലായി 210 ജീവനക്കാരാണുള്ളത്.
2019ൽ 419 ജീവനക്കാരുണ്ടായിരുന്നു. 24 മണിക്കൂറും ഇവർതന്നെയാണ് ചുക്കുവെള്ള വിതരണം നടത്തേണ്ടത്. പമ്പ മുതൽ സന്നിധാനം വരെയാണ് കുടിവെള്ള വിതരണം ഉള്ളത്. ഇവിടെ ഒരു കൗണ്ടറിൽ രണ്ടോ മൂന്നോ പേരെയാണ് നിയോഗിച്ചിരിക്കുന്നത്.
വലിയ നടപ്പന്തലിൽ തിരക്കുള്ളതിനാൽ അതിനനുസൃതമായി കൂടുതൽപേരെ നിയോഗിച്ചിട്ടില്ല. വരുംദിവസങ്ങളിൽ തിരക്ക് ഇനിയും വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽപേരെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്. വലിയ നടപ്പന്തലിൽ അയ്യപ്പസേവ സംഘം വളന്‍റിയര്‍മാരാണ് വെള്ളമെത്തിക്കുന്നത്. ഇവിടെ ദേവസ്വം നിയമിച്ച ജിവനക്കാരെ കാണാനേയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.