സ്കൂളുകളിൽ 2.98 ലക്ഷം പേരുടെ കുറവ്; ഒന്നാം ക്ലാസിൽ അരലക്ഷം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇതുവരെ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 2,44,646 വിദ്യാർഥികൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 53,421 പേരുടെ കുറവ്. കഴിഞ്ഞ വർഷം ആറാം പ്രവൃത്തി ദിനത്തെ കണക്ക് പ്രകാരം 2,98,067 കുട്ടികളാണ് ഒന്നാം ക്ലാസിലുണ്ടായിരുന്നത്. ജൂൺ ഒന്നിന് വൈകീട്ട് അഞ്ചുവരെ സ്കൂളുകൾ സമ്പൂർണ പോർട്ടലിൽ ചേർത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ എണ്ണം വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചത്.
ആറാം പ്രവൃത്തി ദിവസമാകുമ്പോഴേക്കും കൂടുതൽ കുട്ടികൾ വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. സമ്പൂർണയിലെ എൻട്രി സ്കൂളുകൾ പൂർത്തിയാകുമ്പോഴേക്ക് കഴിഞ്ഞ വർഷത്തെ എണ്ണത്തോടടുപ്പിച്ച് എത്തുമെന്നും കരുതുന്നു. ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ മൊത്തം എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2,98,094 പേരുടെ കുറവുണ്ട്. കഴിഞ്ഞ വർഷം 37,46,647 പേരുണ്ടായിരുന്നത് ജൂൺ ഒന്നുവരെ 34,48,553 പേരാണുള്ളത്. കഴിഞ്ഞ വർഷം 10ാം ക്ലാസ് പൂർത്തിയാക്കിപ്പോയ 4,29,441 പേരുടെ സ്ഥാനത്ത് ഒന്നാം ക്ലാസിൽ വന്നത് 2,44,646 പേരാണ്. ഇതിലുള്ള അന്തരമാണ് മൊത്തം കുട്ടികളുടെ എണ്ണത്തിൽ 2.98 ലക്ഷം പേരുടെ കുറവിന് പ്രധാന കാരണം.
ജനന നിരക്കിലെ കുറവ് ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തെയും ബാധിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിലേക്ക് കുട്ടികൾ പോകുന്നതും ഒന്നാം ക്ലാസ് പ്രവേശനത്തെ ബാധിക്കും. കഴിഞ്ഞ വർഷം സംസ്ഥാന സിലബസിൽ ഒന്നാം ക്ലാസിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞപ്പോൾ അൺഎയ്ഡഡിൽ കൂടുന്ന പ്രവണതയുമുണ്ടായി.
ഒന്നു മുതൽ ഹയർസെക്കൻഡറിതലം വരെ 39,94,944 പേരാണ് ആദ്യദിനം സ്കൂളിലെത്തുന്നത്. പ്രീപ്രൈമറി തലത്തിൽ 1,34,763 പേരും സ്കൂളിലെത്തും. ഒന്നാം ക്ലാസിലെ പ്രവേശനം ഉൾപ്പെടെ 11,59,652 പേരാണ് പ്രൈമറി ക്ലാസുകളിൽ. യു.പി ക്ലാസുകളിൽ 10,79,019 പേരും ഹൈസ്കൂളിൽ 12,09,882 പേരുമാണുള്ളത്. സർക്കാർ സ്കൂളുകളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1,04,174 കുട്ടികളുടെയും എയ്ഡഡിൽ 1,51,079 പേരുടെയും അൺഎയ്ഡഡിൽ 42,841 പേരുടെയും കുറവാണുള്ളത്. സർക്കാർ സ്കൂളുകളിൽ കഴിഞ്ഞ വർഷം 12,23,554 പേരുണ്ടായിരുന്നത് ഇത്തവണ 11,19,380 പേരും എയ്ഡഡിൽ 21,81,170 കുട്ടികളുണ്ടായിരുന്നത് 20,30,091 പേരുമാണുള്ളത്. അൺഎയ്ഡഡിൽ കഴിഞ്ഞ വർഷം ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ 3,41,923 പേരും ഇത്തവണ 2,99,082 പേരുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.