മലപ്പുറത്ത് കൂടുതൽ ഹയർ സെക്കൻഡറി ബാച്ച് അനുവദിക്കണം -ഹൈകോടതി
text_fieldsകൊച്ചി: മലപ്പുറം ജില്ലയിലെ ഹയർ സെക്കൻഡറി സീറ്റുകളുടെ അപര്യാപ്തത കണക്കിലെടുത്ത് അധിക ബാച്ചുകളും പുതിയ ബാച്ചുകളും അനുവദിക്കണമെന്ന് സർക്കാറിനോട് ഹൈകോടതി. ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയിൽ ജില്ല കടുത്ത അസൗകര്യം നേരിടുന്നുവെന്ന് കോടതിയടക്കം കണ്ടെത്തിയ സാഹചര്യത്തിൽ അവിടത്തെ വിദ്യാഭ്യാസ ആവശ്യം നിറവേറ്റാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
ഹയർ സെക്കൻഡറി പ്രവേശനത്തിന് മുൻ വർഷങ്ങളിൽ ലഭിച്ച അപേക്ഷകളുടെ എണ്ണവും വിദ്യാഭ്യാസ മേഖലയിലെ ആവശ്യങ്ങൾ വിലയിരുത്താൻ ചുമതലപ്പെടുത്തിയ സംസ്ഥാനതല സമിതിയുടെ ഏറ്റവും പുതിയ ശിപാർശകളും പരിഗണിച്ച് ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണം. മലപ്പുറം ജില്ലയിലെ മുന്നിയൂർ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടുമാസത്തിനകം സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഷയങ്ങളിൽ മൂന്ന് അധിക ബാച്ച് അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
ഹയർ സെക്കൻഡറി മേഖലയിൽ ജില്ലയുടെ മൊത്തം അപര്യാപ്തത പരിഹരിക്കാൻ നിർദേശം നൽകിയ കോടതി, മുന്നിയൂർ സ്കൂളിന്‍റെ കാര്യത്തിലെ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി.
വിദഗ്ധ സമിതി ശിപാർശ ചെയ്തിട്ടും അധികബാച്ച് അനുവദിക്കാത്തതിനെതിരെ സ്കൂൾ മാനേജ്മെന്‍റും വിദ്യാർഥികളും സമർപ്പിച്ച ഹരജിയിലാണ് നേരത്തേ സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്. ഹയർ സെക്കൻഡറിക്ക് 53,225 സീറ്റ് മാത്രമാണ് ജില്ലയിൽ അനുവദിച്ചതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
30 ശതമാനം സീറ്റ് വർധിപ്പിക്കാൻ അനുമതി നൽകിയിട്ടും 65,091 സീറ്റുകളേ ഇപ്പോഴുള്ളൂ. 2021-22 അക്കാദമിക് വർഷം 72,587 വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷ നൽകിയത്. ഇതിൽ 59,649 പേർ മാത്രമാണ് പ്ലസ് വണിന് പ്രവേശനം നേടിയതെന്നാണ് സർക്കാർ വാദം. എന്നാൽ, അപേക്ഷകർ എല്ലാവരും പ്രവേശനം നേടാത്തത് ആഗ്രഹമില്ലാത്തതുകൊണ്ടാണെന്ന് കരുതാനാവില്ലെന്നും സമീപത്തെ സ്കൂളിൽ പ്രവേശനം ലഭിക്കാത്തതടക്കം കാരണങ്ങളാലാകാമെന്നും കോടതി അഭിപ്രായപ്പെട്ടു.
വിദ്യാർഥികൾക്ക് മതിയായ പഠനസൗകര്യം ഒരുക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. ഇക്കാര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അടക്കം ഉന്നയിക്കാനാകില്ല. sസർക്കാർ സ്കൂളുകളിൽ മതിയായ സൗകര്യം ഒരുക്കാനായില്ലെങ്കിൽ എയ്ഡഡ് മേഖലയിലും അധിക ബാച്ച് അനുവദിക്കണം. എയ്ഡഡ് സ്കൂളുകളിൽ അഡീഷനൽ ബാച്ചുകൾ അനുവദിക്കാതെ മാർഗമില്ലെന്നുകണ്ടാൽ കൂടുതൽ ബാച്ചുകൾ അനുവദിക്കണം.
സെന്‍റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ കേസിലെന്നപോലെ വിദ്യാഭ്യാസ ആവശ്യകതയടക്കം കോടതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചാകണം നടപടി. ചില സ്കൂളുകളുടെ ആവശ്യം പരിഗണിച്ച് അഡീഷനൽ ബാച്ചുകൾ അനുവദിച്ചാൽ തേനീച്ചക്കൂട് ഇളകിയതുപോലെ സമാന ആവശ്യങ്ങൾ ഉണ്ടാകുമെന്ന സർക്കാറിന്‍റെ വാദം അംഗീകരിച്ചാണ് ഹരജിക്കാർക്ക് അനുകൂല ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.