മാലിന്യ ശേഖരണത്തിന് ബി.പി.എല്ലുകാർ യൂസർ ഫീ നൽകണോ?, ആശങ്കയിൽ തദ്ദേശസ്ഥാപനങ്ങൾ
text_fieldsപാലക്കാട്: വീടുകളിൽ നിന്നുള്ള മാലിന്യശേഖരണത്തിനുള്ള ഹരിത കർമ സേനക്കുള്ള യൂസർ ഫീ ബി.പി.എല്ലുകാരിൽ നിന്ന് ഈടാക്കണോ വേണ്ടയോ എന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ആശങ്ക. തദ്ദേശവകുപ്പ് നിർദേശങ്ങളിൽ ഹരിതകർമ സേന രൂപീകരണ സമയത്ത് യൂസർഫീ ഒഴിവാക്കേണ്ട ലിസ്റ്റിൽ ബി.പി.എൽ. ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയെന്നാണ് ആക്ഷേപം. 2020 ആഗസ്റ്റ് 12ന് ഹരിത കർമസേന പ്രവർത്തന മാർഗരേഖയിൽ ബി.പി.എൽ, ആശ്രയ കുടുംബാംഗങ്ങൾക്ക് യൂസർ ഫീ ഇളവ് നൽകേണ്ടതാണെന്നും അവർക്കുള്ള യൂസർഫീ തദ്ദേശസ്ഥാപനം ഗുണഭേക്താക്കളുടെ പട്ടികക്കൊപ്പം ഹരിത കർമസേന കൺസോർഷ്യത്തിന് നൽകണമെന്ന് വ്യക്തമായി പറയുന്നുണ്ട്.എന്നാൽ പിന്നീടിറങ്ങിയ ഉത്തരവുകളിൽ ബി.പി.എല്ലുകാരുടെ ആനുകൂല്യ പരാമർശം ഒഴിവായി. ഒടുവിൽ 2024-25 വർഷത്തേക്കുള്ള പദ്ധതി മാർഗരേഖയിൽ
യൂസർ ഫീ ഇളവ് നൽകുന്ന വീടുകൾ എന്നുള്ളതിൽ അതിദരിദ്രർ, ആശ്രയ ഗുണഭോക്താക്കൾ എന്നിവരെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. ബി.പി.എല്ലുകാരെ സൗകര്യ പൂർവം ഒഴിവാക്കുകയോ, യൂസർ ഫീ നൽകേണ്ടതില്ലെന്ന കാര്യം അവരിൽ നിന്ന് മറച്ചുവെക്കാനാണ് തദ്ദേശ അധികൃതരുടെ ശ്രമം.
വിഷയത്തിൽ വ്യത്യസ്ത ഉത്തരവുകൾ പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ തദ്ദേശവകുപ്പ് വ്യക്തത വരുത്തേണ്ടതുണ്ട്. യൂസർഫീ ഈടാക്കിയ തദ്ദേശ സ്ഥാപനത്തിനെതിരെ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട മലപ്പുറം സ്വദേശി മുഹമ്മദ് ഇബ്രാഹിം നൽകിയ പരാതിയിൽ വിഷയത്തിൽ വകുപ്പിൽ നിന്ന് അവ്യക്തത മാറ്റി സ്പഷ്ടീകരണം വരും വരെ യൂസർഫീ പരാതിക്കാരനിൽ നിന്ന് ഈടാക്കരുതെന്ന് തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിനോട് നിർദേശിച്ചിരുന്നു. നവംബർ രണ്ടിനായിരുന്നു ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.