ഭിന്നതകൾ മറന്ന് വയനാടിനായി ഒന്നിക്കണമെന്ന് എ.കെ. ആന്‍റണി; ദുരിതാശ്വാസനിധിയിലേക്ക് അരലക്ഷം സംഭാവന നൽകി
text_fieldsതിരുവനന്തപുരം: എല്ലാ ഭിന്നതകളും മറന്ന് വയനാടിനായി ഒന്നിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്‍റണി. വയനാട്ടിലേത് കേരളത്തിന്‍റെ ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത ദുരന്തമാണെന്നും ആന്‍റണി പറഞ്ഞു.
രാഷ്ട്രീയവും മറ്റ് ചിന്തകളും മറന്ന് ദുരന്തത്തിൽ അകപ്പെട്ട് പോയ കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരസംഭാവന നൽകണമെന്നും എ.കെ. ആന്‍റണി അഭ്യർഥിച്ചു.
എം.പിയായിരുന്നപ്പോൾ പ്രളയ സമയത്ത് കൂടുതൽ സംഭാവന നൽകിയിരുന്നു, ഇപ്പോൾ ആ കഴിവില്ല. എന്നാൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50,000 രൂപ സംഭാവന നൽകുമെന്നും എ.കെ. ആന്‍റണി മാധ്യമങ്ങളോട് വ്യക്തമാക്കി.
യു.ഡി.എഫിലെ എല്ലാ എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വയനാട്ടിലെ ഉരുള്‍പൊട്ടലിന് ഇരകളായി മാറിയ പാവങ്ങളുടെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ യു.ഡി.എഫും പങ്കാളിയാകുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.
രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിർമിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പുറമെ മുസ്ലിം ലീഗും വലിയൊരു പുനരധിവാസ പ്രക്രിയ പ്രഖ്യാപിച്ചിട്ടുണ്ട്. യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികളും പുനരധിവാസ ശ്രമങ്ങളില്‍ പങ്കാളികളാകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.